ഓണത്തിന് നാടന്‍ പച്ചക്കറി; അറക്കുളത്ത് കര്‍ഷക കൂട്ടായ്മ

മൂലമറ്റം: ഇത്തവണത്തെ ഓണം മുതല്‍ ഇനിയങ്ങോട്ട് നാട്ടില്‍ ഉല്‍പാദിപ്പിച്ച വിഷരഹിത പച്ചക്കറി മാത്രമേ ഉപയോഗിക്കൂയെന്ന ദൃഢനിശ്ചയത്തിലാണ് അറക്കുളത്തെ കര്‍ഷകര്‍. സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികള്‍ പുരയിടത്തില്‍ നട്ടുവളര്‍ത്തി ഉപയോഗിക്കുന്നതോടൊപ്പം മിച്ചം വരുന്നവ വില്‍പന നടത്തി വരുമാനമുണ്ടാക്കുമാണ് അറക്കുളം പഞ്ചായത്തിലെ 14ാം വാര്‍ഡിലെ കര്‍ഷക കൂട്ടായ്മ ലക്ഷ്യമിടുന്നത്. ഇവര്‍ക്ക് പ്രോത്സാഹനവുമായി കൃഷിവകുപ്പും കുടുംബശ്രീയും തൊഴിലുറപ്പ് പദ്ധതിയും ജയ്ഹിന്ദ് ലൈബ്രറിയും വാട്ടര്‍ഷെഡും രംഗത്തുണ്ട്. ഇവയെല്ലാം കൂട്ടിയോജിപ്പിച്ച് വാര്‍ഡ് അംഗം വിജി വേലുക്കുട്ടന്‍ നേതൃത്വം നല്‍കും. ഇതിന്‍െറ മുന്നോടിയായി വാര്‍ഡിലെ തെരഞ്ഞെടുക്കപ്പെട്ട 50 കര്‍ഷകര്‍ക്ക് ജയ്ഹിന്ദ് ലൈബ്രറിയില്‍ കൃഷി വിദഗ്ധര്‍ പരിശീലനം നല്‍കി. കൃഷി ഓഫിസര്‍ ആഷ്ലി മറിയാമ്മ ജോസഫ് പദ്ധതിയുടെയും കൃഷിരീതിയുടെയും വിവരങ്ങള്‍ കര്‍ഷകരുമായി ചര്‍ച്ച ചെയ്തു. ബി.പി.എല്‍, എസ്.സി, എസ്.ടി വികലാംഗര്‍, വിധവകള്‍ എന്നിവര്‍ക്ക് കൃഷിക്ക് ആവശ്യമായ പടുതാക്കുളം കയ്യാല, മഴക്കുഴി, മണ്ണിര കമ്പോസ്റ്റ്, വേസ്റ്റ് കുഴി എന്നിവ സൗജന്യമായി നിര്‍മിച്ചുനല്‍കും. കിണര്‍ കുഴിക്കുന്നതിന് സഹായം നല്‍കും. കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാന്‍ ഉതകുന്ന ചെറിയ മഴമറകള്‍ നിര്‍മിച്ചു പച്ചക്കറി ഉല്‍പാദനം വര്‍ധിപ്പിക്കാനാണ് തീരുമാനം. വാര്‍ഡ് അംഗം വിജി വേലുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അംഗം മിനി തോമസ് അധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്‍റ് പി.എ. വേലുക്കുട്ടന്‍ വിഷയാവതരണം നടത്തി. ടി.എന്‍. നാരായണന്‍, ലിസി ജോസ്, സീന ജയന്‍, കെ.ടി. മോഹനന്‍, എസ്. ശ്രീവത്സന്‍, ബിജു വിജയന്‍, സി.എം. ദേവസ്യ, എ.എന്‍. മോഹനന്‍, ജോസ് ഇടക്കര, ജി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.