തൊടുപുഴ: ജില്ലയില്‍ മരം വീണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ അടിയന്തര നടപടികള്‍ക്ക് അധികൃതര്‍ തുടക്കം കുറിച്ചു. ഏലത്തോട്ടങ്ങളില്‍ ഉള്‍പ്പെടെ അപകടീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുനീക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷന്‍ കൂടിയായ കലക്ടര്‍ ഡോ. എ. കൗശിഗന്‍ ഡി.എഫ്.ഒമാര്‍ക്ക് നിര്‍ദേശം നല്‍കി. ഏലത്തോട്ടങ്ങള്‍ക്ക് പുറത്തുള്ള മരങ്ങള്‍ കണ്ടത്തെി തുടര്‍നടപടി സ്വീകരിക്കാന്‍ കലക്ടര്‍ അധ്യക്ഷനായി പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചു. ഒരു മാസത്തിനിടെ ഏലത്തോട്ടങ്ങളില്‍ മരം വീണ് നാല് സ്ത്രീ തൊഴിലാളികള്‍ മരിച്ച സാഹചര്യത്തിലാണ് അധികൃതര്‍ നടപടികളുമായി രംഗത്തത്തെിയത്. ഈമാസം ഒന്നിന് ബൈസണ്‍വാലി പഞ്ചായത്തിലെ ഇരുട്ടള ജോണ്‍സണ്‍ എസ്റ്റേറ്റില്‍ മരംവീണ് മൂന്ന് സ്ത്രീ തൊഴിലാളികളും ചൊവ്വാഴ്ച കാന്തിപ്പാറക്കടുത്ത് ഏലത്തോട്ടത്തില്‍ മരം വീണ് ഒരു തൊഴിലാളി സ്ത്രീയും മരിച്ചിരുന്നു. രണ്ട് സംഭവങ്ങളിലുമായി പത്തോളം പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന്, കാര്‍ഡമം ഹില്‍സ് റിസര്‍വ് (സി.എച്ച്.ആര്‍) മേഖലയിലെ ഏലത്തോട്ടങ്ങളില്‍ അപകട ഭീഷണിയിലുള്ള മരങ്ങള്‍ കണ്ടത്തെി ശിഖരങ്ങളും ആവശ്യമെങ്കില്‍ മരം തന്നെയും മുറിച്ചുനീക്കുന്നതിന് നടപടിയെടുക്കാന്‍ കലക്ടര്‍ ഡി.എഫ്.ഒമാര്‍ക്ക് നിര്‍ദേശം നല്‍കി. സി.എച്ച്.ആര്‍ മേഖലയുടെ ചുമതല വനംവകുപ്പിനാണ്. മറ്റ് പ്രദേശങ്ങളിലെ അപകട ഭീഷണിയുള്ള മരങ്ങള്‍ കണ്ടത്തെി മുറിക്കാനുള്ള നടപടികള്‍ക്കാണ് കലക്ടര്‍ അധ്യക്ഷനായി പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചത്. ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, റേഞ്ച് ഓഫിസര്‍മാര്‍, പൊലീസ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. ഇതിനൊപ്പം ജീവന് ഭീഷണിയായ മരങ്ങള്‍ മുറിക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയും നടപടികളെടുത്തിട്ടുണ്ടെന്ന് ജില്ലാ നോഡല്‍ ഓഫിസര്‍ അറിയിച്ചു. ഏലത്തോട്ടങ്ങളിലും പാതയോരങ്ങളിലും അപകടഭീഷണിയുള്ള നൂറുകണക്കിന് മരങ്ങളുണ്ടെന്നാണ് കണക്ക്. എന്നാല്‍, ഇവയില്‍ മിക്കവയും മുറിച്ചുനീക്കാന്‍ നടപടിയില്ല. ഉടമകള്‍ ആവശ്യപ്പെട്ട കേസുകളിലെല്ലാം തോട്ടങ്ങളിലെ ഇത്തരം മരങ്ങള്‍ വനംവകുപ്പ് മുറിച്ചുനീക്കിയിട്ടുണ്ടെന്നാണ് റേഞ്ച് ഓഫിസര്‍മാര്‍ പറയുന്നത്. തോട്ടം ഉടമകള്‍ ആവശ്യപ്പെടുകയോ മേലുദ്യോഗസ്ഥര്‍ പ്രത്യേക അനുമതി നല്‍കുകയോ ചെയ്താല്‍ മാത്രമേ സി.എച്ച്.ആര്‍ മേഖലയിലെ മരങ്ങള്‍ മുറിക്കാന്‍ കഴിയൂ. നേര്യമംഗലം വനമേഖലയില്‍ വാളറ മുതല്‍ നേര്യമംഗലം വരെ കൊച്ചി-മധുര ദേശീയപാതയോരത്ത് അപകട ഭീഷണിയുയര്‍ത്തുന്ന 230 മരങ്ങളുണ്ടെന്ന് നേര്യമംഗലം റേഞ്ച് ഓഫിസര്‍ രണ്ടുവര്‍ഷം മുമ്പ് ഡി.ഫ്.ഒ വഴി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ തുടര്‍ നടപടികളുണ്ടായില്ല. ഇവയില്‍ പല മരങ്ങളും കഴിഞ്ഞവര്‍ഷവും ഇത്തവണയും മഴയിലും കാറ്റിലും നിലംപതിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.