31 കെട്ടിടങ്ങള്‍ക്കുകൂടി നോട്ടീസ്

തൊടുപുഴ: നഗരത്തില്‍ അനധികൃത നിര്‍മാണത്തിലൂടെ നികുതിവെട്ടിച്ച 31 കെട്ടിടങ്ങള്‍ക്കുകൂടി നോട്ടീസ്. ഈ കെട്ടിടങ്ങളില്‍നിന്ന് നഗരസഭക്ക് ഇതുവരെ ലഭിക്കേണ്ട നികുതിയിനത്തില്‍ പിഴയടക്കം 40 ലക്ഷം രൂപ ഈടാക്കി. റവന്യൂ അധികൃതര്‍ രണ്ടാഴ്ചയായി നടത്തുന്ന പരിശോധനയിലാണ് വന്‍കിട വ്യാപാര സ്ഥാപനങ്ങടക്കം 31 എണ്ണം അനധികൃതമായി കെട്ടിടങ്ങള്‍ നിര്‍മിച്ച് നികുതി വെട്ടിപ്പു നടത്തുന്നതായി കണ്ടത്തെിയത്. ആകെ 40,62,636 രൂപ നികുതിയും പിഴയുമായി ഈടാക്കി. ആദ്യഘട്ട പരിശോധനയില്‍ 11 അനധികൃത കെട്ടിടങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 12 ലക്ഷം രൂപ ഈടാക്കുകയും ചെയ്തിരുന്നു. കെട്ടിടം നിര്‍മിച്ച് കച്ചവടം നടത്തുമ്പോഴും ഈ സ്ഥാപനങ്ങള്‍ക്കൊന്നും നഗരസഭയുടെ നമ്പര്‍ പോലും ലഭിച്ചിട്ടില്ല. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. അനധികൃതമായി പ്രവര്‍ത്തിക്കുന്നവയില്‍ ഭൂരിഭാഗവും ബഹുനിലകെട്ടിടങ്ങളാണ്. അനധികൃത കെട്ടിടങ്ങള്‍ കണ്ടത്തെി നികുതി ഈടാക്കുന്നതിന്‍െറ ഭാഗമായി നഗരസഭാ ധനകാര്യ വിഭാഗത്തിന്‍െറ തീരുമാനപ്രകാരം അഞ്ചംഗ റവന്യൂ സംഘമാണ് പരിശോധന നടത്തുന്നത്. നഗരത്തില്‍ പലയിടത്തും നഗരസഭയുടെ അനുമതിയില്ലാതെ വന്‍കിട കെട്ടിടങ്ങളടക്കം ഉയരുന്നു. രണ്ടുനില പണിയാന്‍ അനുമതി വാങ്ങിയ ശേഷം അതിന്‍െറ മറവില്‍ മൂന്നും നാലും നിലകള്‍ പണിതുയര്‍ത്തി നികുതി വെട്ടിക്കുകയാണ് ചെയ്യുന്നത്. ക്രമക്കേട് പൂര്‍ണമായി കണ്ടത്തെിയാല്‍ നഗരസഭക്ക് നികുതിയിനത്തില്‍ ലക്ഷങ്ങള്‍ ലഭിക്കും. കഴിഞ്ഞ ബജറ്റില്‍ രണ്ടരക്കോടിയാണ് കെട്ടിട നികുതി ഇനത്തില്‍ നഗരസഭ പ്രതീക്ഷിക്കുന്നത്. എന്നാല്‍, ലക്ഷ്യമിട്ടതിന്‍െറ ഇരട്ടിയിലധികം ലഭിക്കുമെന്ന് പരിശോധനയുടെ പ്രാരംഭഘട്ടത്തില്‍ തന്നെ വ്യക്തമായി. നഗരസഭയുടെ ഉടമസ്ഥതയിലെ കടമുറികള്‍ കുറഞ്ഞ നിരക്കില്‍ ലേലത്തില്‍ പിടിച്ചശേഷം വന്‍ തുകക്ക് വാടകക്ക് നല്‍കി ലാഭം കൊയ്യുന്നവരുമുണ്ട്. അടുത്തിടെ നഗരസഭയുടെ വാണിജ്യ കെട്ടിടങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചതായി കണ്ടത്തെിയിരുന്നു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിട മുറികള്‍ 400 മുതല്‍ 600 രൂപവരെ മാസവാടകക്ക് ലേലത്തിനെടുക്കുന്നവര്‍ ദിവസ വാടകക്കാണ് താമസത്തിനും മറ്റുമായി നല്‍കുന്നത്. കെട്ടിടങ്ങള്‍ ലേലത്തില്‍ പിടിക്കുന്നവര്‍ മറിച്ച് വാടകക്ക് നല്‍കരുതെന്ന കരാര്‍ വ്യവസ്ഥയുടെ ലംഘനമാണിത്. വ്യവസ്ഥ ലംഘിച്ചാല്‍ കരാര്‍ റദ്ദാക്കാന്‍ നഗരസഭക്ക് അവകാശമുണ്ടെന്നിരിക്കെയാണ് ഇത്തരം നിയമവിരുദ്ധ നടപടി. നഗരത്തില്‍ പലയിടത്തും കടമുറികളില്‍ ഇതരസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിട്ടുണ്ട്. ഷട്ടര്‍ ഉപയോഗിക്കുന്ന സൗകര്യം കുറഞ്ഞ മുറിക്കുള്ളില്‍ നാലു മുതല്‍ എട്ടുപേര്‍ വരെയാണ് താമസിച്ചിരുന്നത്. പാചകം ഉള്‍പ്പെടെ മുറിക്കുള്ളില്‍ തന്നെ. കോതായിക്കുന്ന് ബസ്സ്റ്റാന്‍ഡ്, പഴയ ബസ്സ്റ്റാന്‍ഡ്, ടൗണ്‍ഹാള്‍, ജ്യോതി സൂപ്പര്‍ ബസാര്‍, കിഴക്കേയറ്റം മാര്‍ക്കറ്റ്, ന്യൂമാന്‍ കോളജ്, മങ്ങാട്ടുകവല തുടങ്ങിയ പ്രദേശങ്ങളിലാണ് നഗരസഭയുടെ കെട്ടിടമുറികള്‍. ഇടനിലക്കാര്‍ വഴിയാണ് കൈമാറ്റം. ഇവര്‍ ലക്ഷങ്ങള്‍ സെക്യൂരിറ്റി ഇനത്തിലും ഈടാക്കുന്നതായി ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.