ജില്ലയില്‍ തപാല്‍ വഴിയുള്ള തട്ടിപ്പു വ്യാപകം

നെടുങ്കണ്ടം: തപാല്‍ വഴിയുള്ള തട്ടിപ്പു ജില്ലയില്‍ വ്യാപകം. വീട്ടമ്മമാരെ ഫോണില്‍ വിളിച്ചു ഭാഗ്യനറുക്കെടുപ്പില്‍ സ്വര്‍ണസമ്മാനമുണ്ടെന്ന് അറിയിച്ചാണ് തട്ടിപ്പ്. വിശാഖപട്ടണം കേന്ദ്രമായ മാഫിയയാണ് വീട്ടമ്മമാരെ കബളിപ്പിച്ചു പണം തട്ടുന്നത്. 1000 മുതല്‍ 5000 രൂപവരെ പണം നഷ്ടമായവരും ഇക്കൂട്ടത്തിലുണ്ട്. സ്ത്രീകളെ ഫോണില്‍ വിളിച്ച് പ്രാദേശിക ഭാഷയില്‍ സംസാരിച്ചാണ് തട്ടിപ്പ്. സമീപത്തെ പ്രധാന നഗരത്തിലെ സ്വര്‍ണക്കടയില്‍ നിന്നാണ് വിളിക്കുന്നതെന്ന് ആദ്യം പരിചയപ്പെടുത്തും. ഫോണ്‍ നമ്പര്‍ നറുക്കിട്ടപ്പോള്‍ സ്വര്‍ണനാണയവും കമ്മലും ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് തപാല്‍ വിലാസം ആവശ്യപ്പെടും. തപാലില്‍ അയക്കുന്ന സമ്മാനപ്പൊതി പോസ്റ്റ്മാനില്‍നിന്ന് കൈപ്പറ്റണമെന്നും അറിയിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ ഭാഷകളില്‍ മൊബൈല്‍ഫോണില്‍ സന്ദേശവും അയക്കും. ഏതാനും ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ പാര്‍സല്‍ പോസ്റ്റ് ഓഫിസില്‍ എത്തിയെന്ന് വിവരം ലഭിക്കും. പണമടച്ച് സമ്മാനപ്പൊതി വാങ്ങി വീട്ടിലത്തെി തുറന്ന് പരിശോധിക്കുമ്പോഴാണ് അമളി ബോധ്യമാകുന്നത്. സേനാപതിയിലെ വീട്ടമ്മ 4500 രൂപ നല്‍കി വാങ്ങിയ പാര്‍സല്‍ അഴിച്ചപ്പോള്‍ കിട്ടിയത് മൂന്നു കഷണം ചെമ്പുതകിടാണ്. കഴിഞ്ഞ ദിവസം നെടുങ്കണ്ടത്തെ ഓട്ടോ ഡ്രൈവറുടെ ഭാര്യ പോസ്റ്റ് ഓഫിസിലത്തെി 952 രൂപ മുടക്കിയപ്പോള്‍ ലഭിച്ചതാകട്ടെ മൂന്ന് പ്ളാസ്റ്റിക് മുത്തുമാലയും രണ്ട് ജോടി പ്ളാസ്റ്റിക് കമ്മലും. കാള്‍ എത്തിയ ഫോണിലേക്ക് തിരിച്ചുവിളിച്ചാല്‍ പ്രതികരിക്കാറില്ല. നാണക്കേടോര്‍ത്ത് പലരും സംഭവം പുറത്തുപറയാറില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.