ഇടുക്കിയെ തൊട്ടും തലോടിയും ബജറ്റ്

തൊടുപുഴ: എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ ആദ്യ ബജറ്റില്‍ കൃഷിയിലും റോഡിലും ചിലതൊക്കെ ഇടുക്കിക്ക് കിട്ടിയെങ്കിലും ജില്ലയുടെ ചില പ്രധാന പ്രതീക്ഷകള്‍ ബജറ്റ് കാണാതെ പോയി. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ അടച്ചുപൂട്ടലിന്‍െറ വക്കിലത്തെിയ ഇടുക്കി മെഡിക്കല്‍ കോളജും പുതിയ ഡാമിനായി കാത്തിരിക്കുന്ന മുല്ലപ്പെരിയാറും വികസനം മരവിച്ച ടൂറിസം മേഖലയുമാണ് അവയില്‍ പ്രധാനം. ആവശ്യത്തിന് ഡോക്ടര്‍മാരോ കെട്ടിടങ്ങളോ മറ്റ് അടിസ്ഥാന സൗകര്യമോ ഒന്നുമില്ലാതെ ബോര്‍ഡില്‍ മാത്രം ഒതുങ്ങിയ മെഡിക്കല്‍ കോളജിന് ആശ്വാസമേകുന്ന പ്രഖ്യാപനം ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നു. ആവശ്യത്തിന് കിടക്കകള്‍ വേണം, കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യം വേണം. ഇതൊന്നുമില്ലാത്തതിനാല്‍ 50 വിദ്യാര്‍ഥികളെ മറ്റ് മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റി. പുതിയ പ്രവേശത്തിന് മെഡിക്കല്‍ കൗണ്‍സില്‍ അനുമതിയും നിഷേധിച്ചു. ഈ ഘട്ടത്തില്‍ അവതരിപ്പിക്കുന്ന ബജറ്റ് മെഡിക്കല്‍ കോളജിന് കൈത്താങ്ങാകുമെന്ന പ്രതീക്ഷയാണ് അസ്തമിച്ചത്. പ്രഖ്യാപിച്ച ഒരു മെഡിക്കല്‍ കോളജും വേണ്ടെന്നുവെക്കില്ളെന്ന പ്രഖ്യാപനം മാത്രമാണ് ആശ്വാസം. പക്ഷേ, അധ്യാപകരുടെ ലഭ്യതയും സാമ്പത്തികനിലയും പരിഗണിച്ച് ഘട്ടംഘട്ടമായി നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. ടൂറിസം രംഗത്ത് മലങ്കര പാര്‍ക്ക്, ഗ്രാമീണ ടൂറിസം വികസനം, മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവക്ക് ധനസഹായവും സ്പൈസസ് റൂട്ട് പദ്ധതിയുടെ പുനരുജ്ജീവനവും ചീയപ്പാറ, വാളറ വെള്ളച്ചാട്ടം എന്നിവിടങ്ങളിലും മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യ വികസനവും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഇവയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നുമില്ലാത്തത് സംസ്ഥാനത്തിന് ഗണ്യമായ ടൂറിസം വരുമാനം നേടിക്കൊടുക്കുന്ന ഇടുക്കിയെ നിരാശപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച ബജറ്റില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ നൂറുകോടി അനുവദിച്ചിരുന്നു. വെള്ളിയാഴ്ചത്തെ ബജറ്റില്‍ അധികസഹായം പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപാരത്തിന്‍െറ ഇടനാഴിയായി മാറുകയാണ് ഇടുക്കി. മയക്കുമരുന്നിനെതിരെ ബോധവത്കരണ കാമ്പയിന്‍ നടത്തുമെന്ന് ബജറ്റിലുണ്ട്. ഇതോടൊപ്പം സംസ്ഥാനത്ത് നാല് എക്സൈസ് ടവറുകള്‍ അനുവദിച്ചെങ്കിലും ഇടുക്കിയെ പരിഗണിച്ചില്ല. പുതുതായി പ്രഖ്യാപിച്ച പൊലീസ് സ്റ്റേഷന്‍, ഫയര്‍സ്റ്റേഷന്‍ ഒന്നുപോലും പിന്നാക്ക ജില്ലയായ ഇടുക്കിയിലില്ല. ശബരി റെയില്‍പാതക്ക് അനുവദിച്ച വിഹിതം കുറഞ്ഞുപോയെന്ന പരാതിയും ഇടുക്കിക്കുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.