ജില്ലയില്‍ കാര്‍ഷിക സെന്‍സസിന് തുടക്കം

തൊടുപുഴ: കേന്ദ്ര കൃഷി വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന പത്താമത് കാര്‍ഷിക സെന്‍സസിന് ജില്ലയില്‍ തുടക്കമായി. ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ ലോകവ്യാപകമായി നടത്തുന്ന കാര്‍ഷിക സെന്‍സസിന്‍െറ ഭാഗമായി കേന്ദ്രസര്‍ക്കാറാണ് സര്‍വേ നടത്തുന്നത്. കേരളത്തില്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിനാണ് നിര്‍വഹണച്ചുമതല. ജില്ലയില്‍ മുന്‍കൂട്ടി തെരഞ്ഞെടുത്ത 20 ശതമാനം പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്‍ഡുകളിലാണ് സര്‍വേ. മൂന്നു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന സര്‍വേയുടെ ആദ്യഘട്ടമായ ലിസ്റ്റിങ് ഇപ്പോള്‍ നടക്കും. 2015-’16 കാര്‍ഷിക വര്‍ഷത്തെ അടിസ്ഥാന വര്‍ഷമാക്കിയുള്ള കാര്‍ഷിക സെന്‍സസിന്‍െറ ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുത്ത വാര്‍ഡുകളിലെ ഓരോവീടും സന്ദര്‍ശിച്ച് താമസക്കാരുടെ കൈവശമുള്ള ആകെ ഭൂമിയുടെയും കൃഷി ഭൂമിയുടെയും ഹോള്‍ഡിങ്ങുകളുടെയും വിവരങ്ങള്‍ സാമൂഹിക വിഭാഗങ്ങള്‍ തിരിച്ചു ശേഖരിക്കും. സ്ഥാപനങ്ങളുടെ ഹോള്‍ഡിങ്ങുകളെക്കുറിച്ച് പ്രത്യേകവിവരം ശേഖരിക്കും. രണ്ടാം ഘട്ടത്തില്‍ മുന്‍കൂട്ടി തെരഞ്ഞെടുത്ത കര്‍ഷകരില്‍നിന്ന് കൃഷി ചെയ്യുന്ന വിളകള്‍, ഹോള്‍ഡിങ്ങുകളുടെ വിതരണം, ഉടമസ്ഥത, ഭൂവിനിയോഗം, ജലസേചന സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ള ജലസേചനവിവരങ്ങള്‍, ജലസേചനം നടത്തിയ വിളകളുടെ വിസ്തൃതി എന്നിവ ശേഖരിക്കും. മൂന്നാം ഘട്ടമായ ഇന്‍പുട്ട് സര്‍വേയില്‍ കാര്‍ഷിക ആവശ്യത്തിന് വേണ്ടിയുള്ള ഘടകങ്ങളെക്കുറിച്ച് വിശദവിവരം തെരഞ്ഞെടുത്ത ഹോര്‍ഡിങ്ങുകളില്‍നിന്ന് ശേഖരിക്കും. കാര്‍ഷിക സെന്‍സസില്‍നിന്ന് കിട്ടുന്ന വിവരങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നയരൂപവത്കരണത്തിനുള്ള സ്ഥിതിവിവരങ്ങള്‍ തയാറാക്കാന്‍ ഉപയോഗിക്കും. വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ലഭിക്കുന്ന വിവരങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കും. നയരൂപവത്കരണത്തിന് അത്യന്താപേക്ഷിതമായ വിവരങ്ങള്‍ സര്‍വേക്ക് എത്തുന്ന ഉദ്യോഗസ്ഥരുമായി പങ്കുവെച്ച് ജില്ലയിലെ കാര്‍ഷിക സെന്‍സസ് സര്‍വേ വിജയിപ്പിക്കണമെന്ന് ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അഭ്യര്‍ഥിച്ചു. കാര്‍ഷിക സെന്‍സസിന്‍െറ ജില്ലാതല പരിശീലന പരിപാടി തൊടുപുഴയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മാത്യു ജോണ്‍ ഉദ്ഘാടനം ചെയ്തു. ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഓഫിസര്‍ സി.സി. കുഞ്ഞുമോന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജന്‍ തോമസ്, അഡീഷനല്‍ ജില്ലാ ഓഫിസര്‍മാരായ കെ.എന്‍. ശശീന്ദ്രന്‍, ടി.ഒ. ജെയ്സണ്‍, റിസര്‍ച് ഓഫിസര്‍ പി.ജി. ഷൈനി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.