ഇടുക്കി ടൂറിസം വികസനത്തിന് 65 കോടിയുടെ കേന്ദ്രാനുമതി

തൊടുപുഴ: ജില്ലയുടെ ടൂറിസം വികസനത്തിന് 65 കോടിയുടെ പദ്ധതികള്‍ക്ക് കേന്ദ്രാനുമതി ലഭിച്ചു. വാഗമണ്‍, തേക്കടി, കുമളി, പീരുമേട്, ഇടുക്കി ടൂറിസം സെന്‍ററുകളുടെ വികസനത്തിനാണ് കേന്ദ്ര ടൂറിസം വകുപ്പില്‍നിന്ന് 65 കോടിയുടെ അനുമതി ലഭിച്ചത്. ഭരണാനുമതിക്കൊപ്പം സാമ്പത്തികാനുമതിയും ലഭിച്ചതായി ഇടുക്കി എം.പി ജോയ്സ് ജോര്‍ജ് അറിയിച്ചു. കേന്ദ്ര ടൂറിസം വകുപ്പിന്‍െറ സ്വദേശ് ദര്‍ശന്‍ സ്കീം പ്രകാരമാണ് ജില്ലയുടെ ടൂറിസം പദ്ധതികള്‍ ഏറ്റെടുത്തിട്ടുള്ളത്. ഇക്കോ ടൂറിസം സര്‍ക്യൂട്ട് എന്ന നിലയില്‍ ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. ജില്ലയുടെ പ്രകൃതി സൗന്ദര്യവും ഹരിതാഭമായ പശ്ചിമഘട്ട മലനിരകളും പ്രകൃതിദത്തമായ പ്രത്യേകതകളും ചേര്‍ത്തുനിര്‍ത്തിയിട്ടുള്ള ടൂറിസം വികസനത്തിനാണ് ഊന്നല്‍. വാഗമണ്‍ ടൂറിസം വികസനത്തിനായി 45 കോടിയാണ് ലഭിച്ചിട്ടുള്ളത്. പച്ചക്കുന്നുകള്‍, കാനനപാതകള്‍, ചെറിയതടാകങ്ങള്‍, പൈന്‍മരങ്ങള്‍, പുല്‍മേടുകള്‍ തുടങ്ങി സൃഷ്ടി വൈവിധ്യംകൊണ്ട് സമ്പന്നമായ വാഗമണ്ണിന്‍െറ സ്വാഭാവികത നിലനിര്‍ത്തിക്കൊണ്ടുള്ള ആസൂത്രണമാണ് ലക്ഷ്യമിടുന്നത്. വാഗമണ്ണില്‍ ഇക്കോ അഡ്വഞ്ചര്‍ ടൂറിസം പാര്‍ക്ക്, ടൂറിസം അമിനിറ്റി സെന്‍റര്‍, പാര്‍ക്കിങ്, വാച്ച് ടവറുകള്‍, റോക് കൈ്ളംബിങ്, ബയോടോയ്ലറ്റ്സ്, പൈന്‍വാലിസ്കീം ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ക്കാണ് കേന്ദ്രഫണ്ട് അനുവദിച്ചിട്ടുള്ളത്. സമുദ്ര നിരപ്പില്‍നിന്ന് 1200 കി.മീ. ഉയരത്തിലുള്ള പ്രകൃതിരമണീയമായ പ്ളാന്‍േറഷന്‍ ടൗണ്‍ഷിപ്പായ വാഗമണ്ണിന്‍െറ ടൂറിസം വികസനം ദേശീയ ശ്രദ്ധയിലേക്ക് ഇതോടെ ഉയരുമെന്ന കാര്യം തീര്‍ച്ച. ഇക്കോഅഡ്വഞ്ചര്‍ ടൂറിസം പാര്‍ക്കിന് 4.44 കോടിയും ടൂറിസ്റ്റ് അമിനിറ്റിസെന്‍ററിന് 4.77 കോടിയും പാര്‍ക്കിങ് സൗകര്യമൊരുക്കുന്നതിന് 4.74 കോടിയും പ്രത്യേകമായി വകയിരുത്തിയിട്ടുണ്ട്. തേക്കടി, പീരുമേട്, ഇടുക്കി ടൂറിസം സെന്‍ററുകള്‍ക്ക് 20 കോടിയും അനുവദിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയകടുവാസങ്കേതമായ പെരിയാര്‍ വന്യജീവിസങ്കേതത്തിന്‍െറ പ്രത്യേകതകളെയും പ്രയോജനപ്പെടുത്തിക്കൊണ്ടാണ് തേക്കടി ടൂറിസം വികസനം രൂപപ്പെടുത്തുന്നത്. പെരിയാര്‍, പരുന്തുംപാറ, ഒട്ടകത്തലമേട് എന്നിവയെ സംയോജിപ്പിച്ച് ബോട്ടിങ്, ആന സവാരി, സാഹസികയാത്ര, ജംഗ്ള്‍ ക്യാമ്പ്, പ്രകൃതി നടത്തം എന്നിവയും പദ്ധതിയില്‍ ചേര്‍ത്തിട്ടുണ്ട്. പീരുമേട് കൂടാതെ ഇടുക്കിയില്‍ രണ്ട് ഇക്കോഹട്ടുകള്‍ നിര്‍മിക്കുന്നതിനായി ഒരുകോടിയും അനുവദിച്ചിട്ടുണ്ട്. 65 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ലഭിച്ചത് ജില്ലയുടെ ടൂറിസം വളര്‍ച്ചക്ക് വന്‍കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് എം.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.