തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല; രോഗികള്‍ വലയുന്നു

തൊടുപുഴ: തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ അഭാവത്തില്‍ രോഗികള്‍ ദുരിതത്തില്‍. ഓര്‍ത്തോ വിഭാഗത്തിലും സര്‍ജറിയിലും ഡോക്ടര്‍മാര്‍ ഇല്ലാത്തത് ദുരിതം വര്‍ധിപ്പിക്കുന്നു. 24 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് 14 പേര്‍ മാത്രമാണുള്ളത്. ശുചീകരണപ്രവര്‍ത്തനത്തിനും സെക്യൂരിറ്റി ജോലിക്കുമുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ സാധിക്കാത്തതും ആശുപത്രിയുടെ ദൈനം ദിനപ്രവര്‍ത്തനങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. നഴ്സുമാരുടെ കുറവ് ഒരു പരിധിവരെ നികത്താനായെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ അഭാവമാണ് മറ്റൊരു വെല്ലുവിളി. സര്‍ജന്‍, ഓര്‍ത്തോ, ഇ.എന്‍.ടി വിഭാഗങ്ങളില്‍ നിലവില്‍ ഡോക്ടര്‍മാരില്ല. നേത്ര രോഗ വിഭാഗ വിദഗ്ധ ഈ മാസം വിരമിക്കുന്നതോടെ ഒരൊഴിവു കൂടി വരും. ശരാശരി 700ലധികം പേരാണ് ദിനേന ഒ.പിയിലത്തെുന്നത്. ഏറെ നേരം ക്യൂ നിന്നിട്ടും ഡോക്ടറെ കാണാന്‍ കഴിയാത്ത അവസ്ഥയിലാണ് രോഗികള്‍. ഒരാള്‍ അവധിയെടുത്താല്‍ അധിക ജോലി ചെയ്യേണ്ട സ്ഥിതിയാണ് ഡോക്ടര്‍മാര്‍ക്ക്. 144ഓളം പേര്‍ക്ക് കിടത്തിച്ചകിത്സ ഉണ്ടെങ്കിലും 200ല്‍ അധികം പേരെ ഉള്‍ക്കൊള്ളിക്കേണ്ട സാഹചര്യമാണിവിടെ. ഡോക്ടര്‍മാര്‍ സ്ഥലം മാറിപ്പോയിട്ടും പകരം ആളെ നിയമിക്കാത്തതിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാത്തതിലും നാട്ടുകാര്‍ക്ക് പ്രതിഷേധവുമുണ്ട്. ജില്ലാ ആശുപത്രിയായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങിയെങ്കിലും പരിമിതികളില്‍ നട്ടം തിരിയുകയാണ് തൊടുപുഴ താലൂക്ക് ആശുപത്രി. ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയതോടെ നഗരസഭാ അധികൃതര്‍ക്ക് ആശുപത്രിയോട് താല്‍പര്യമില്ലാത്ത സ്ഥിതിയാണെന്നും ആക്ഷേപം ഉണ്ട്. ഭരണ ചുമതല നഷ്ടപ്പെടുന്നതാണ് നഗരസഭയുടെ താല്‍പര്യക്കുറവിന് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.