അടിമാലിയില്‍ ആളിക്കത്തി മാലിന്യപ്രശ്നം

അടിമാലി: മാലിന്യക്കൂമ്പാരങ്ങളാല്‍ പൊറുതിമുട്ടുകയാണ് അടിമാലി. ഹൈറേഞ്ചിലെ പ്രധാന വാണിജ്യകേന്ദ്രമായ ഇവിടെ മാലിന്യം പൊതുജനത്തിന് ഭീഷണിയായി. മുന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് ഹൈറേഞ്ചിന്‍െറ പ്രവേശ കവാടം കൂടിയായ അടിമാലിക്ക് നാണക്കേടാകുംവിധത്തില്‍ കാര്യങ്ങള്‍ എത്തിച്ചത്. പൊതുനിരത്തില്‍ മാലിന്യം തള്ളിയാല്‍ ക്രിമിനല്‍ കേസുകള്‍ എടുക്കാമെന്നിരിക്കെ ടൗണ്‍ നശിക്കുന്നവിധത്തില്‍ മാലിന്യം കുന്നുകൂടുന്നെങ്കിലും ഒരു നടപടിയുമില്ല. നിലവില്‍ മാലിന്യം തള്ളിയിരുന്ന സ്ഥലത്ത് പാടില്ളെന്ന് ഹൈകോടതി ഉത്തരവ് വന്നതിനെ തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്. ഇതോടെ ടൗണിലെ മാലിന്യനീക്കം നിലച്ചു. രാത്രി മാര്‍ക്കറ്റിനകത്തു നിന്നും സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും കടകളിലും നിന്നും ഉപേക്ഷിക്കുന്ന മാലിന്യം ചീഞ്ഞഴുകി പരിസരമാകെ ദുര്‍ഗന്ധം വമിക്കുന്നു. ജങ്ഷനിലെ പാതകള്‍ക്ക് ഇരുവശവുമായി തള്ളുന്ന മാലിന്യം യഥാസമയം നീക്കാന്‍ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ല. പലയിടങ്ങളിലും മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നു. പകര്‍ച്ചവ്യാധികള്‍ പടരുന്നതോടെ വിനോദ സഞ്ചാരികള്‍ അടിമാലിയില്‍ തങ്ങാതായി. ഇത് വ്യാപാര മേഖലയില്‍ പ്രതിസന്ധി രൂക്ഷമാക്കി. സെന്‍ട്രല്‍ ജങ്ഷന്‍, ലൈബ്രറി റോഡ്, ബസ് സ്റ്റാന്‍ഡ്, കല്ലാര്‍കുട്ടി റോഡ് തുടങ്ങി മൂക്കുപൊത്താതെ അടിമാലി ടൗണിലൂടെ കടന്നുപോകാന്‍ കഴിയാത്ത സ്ഥിതി പഞ്ചായത്തിന്‍െറ കഴിവുകേടിനെയാണ് തുറന്നുകാട്ടുന്നത്. മാലിന്യ പ്ളാന്‍റ് സ്ഥാപിക്കാന്‍ പഞ്ചായത്ത് മുടിപ്പാറയില്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. വനഭൂമിയോട് ചേര്‍ന്ന് കുന്നിന്‍ മുകളില്‍ മാലിന്യ പ്ളാന്‍റ് വരുന്നതിനെതിരെ ഇവിടെ ജനങ്ങള്‍ പ്രക്ഷോഭത്തിലാണ്. വന്യജീവികള്‍ക്കും മനുഷ്യനും സസ്യജാലങ്ങള്‍ക്കും ഭീഷണിയാകുന്നവിതം ഇവിടെ മാലിന്യം തള്ളാന്‍ അനുവദിക്കില്ളെന്നാണ് നാട്ടുകാരുടെ വാദം. നാട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് രാത്രിയിലാണ് റവന്യൂ വകുപ്പ് ജീവനക്കാര്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയത്. സമീപ പ്രദേശത്തെ മതിപ്പ് വിലയില്‍നിന്ന് വന്‍തുക ഉയര്‍ത്തി ഭൂമി ഏറ്റെടുക്കുകവഴി ലക്ഷങ്ങളുടെ ക്രമക്കേടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇവിടെ ഏക്കറിന് പത്തുലക്ഷത്തില്‍ താഴെ വിലയുള്ളപ്പോഴാണ് പാറക്കെട്ടുകള്‍ നിറഞ്ഞ രണ്ടേക്കര്‍ ഭൂമി 50 ലക്ഷത്തിന് വാങ്ങിയത്. ഇത് പൂര്‍ണമായി പട്ടയത്തിലല്ളെന്നും വനഭൂമിയാണെന്നും ഇപ്പോള്‍ തെളിവുകള്‍ പുറത്തുവരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂമ്പന്‍പാറയില്‍ പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി മാലിന്യ സംസ്കരണ പ്ളാന്‍റ് സ്ഥാപിച്ചിരുന്നു. കമീഷന്‍ വാങ്ങി ഗുണനിലവാരം കുറഞ്ഞ പ്ളാന്‍റ് സ്ഥാപിച്ചതിനാല്‍ ഇവിടെ മാലിന്യ സംസ്കരണം നടന്നില്ല. ജനവാസം കുറവായ കൂമ്പന്‍പാറയില്‍ തന്നെ ഇപ്പോഴത്തെ പ്ളാന്‍റ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.