ബേഡ്മെട്ട് മാലിന്യ പ്ളാന്‍റിന് സമീപം വന്‍ തീപിടിത്തം

നെടുങ്കണ്ടം: ഗ്രാമപഞ്ചായത്ത് മാലിന്യ നിക്ഷേപ കേന്ദ്രമായ ബേഡ്മെട്ട് മാലിന്യ പ്ളാന്‍റിന് സമീപമുണ്ടായ തീപിടിത്തം സമീപവാസികളില്‍ ഭീതിപരത്തി. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് തീപിടിത്തമുണ്ടായത്. കൂട്ടിയിട്ടിരുന്ന മാലിന്യ കൂമ്പാരത്തില്‍ തീപിടിക്കുകയായിരുന്നു. പേപ്പര്‍, പ്ളാസ്റ്റിക്, മുടി, കുപ്പികള്‍ തുടങ്ങിയവയാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്. തീപടര്‍ന്നപ്പോള്‍ കുപ്പികള്‍ ഭയാനക ശബ്ദത്തില്‍ പൊട്ടിത്തെറിച്ചതും ജനങ്ങളെ ഭയപ്പെടുത്തി. പ്ളാന്‍റിന് സമീപമുള്ള പുല്‍മേടുകളില്‍നിന്നാണ് തീ പടര്‍ന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ചെറിയ തോതില്‍ ആരംഭിച്ച തീ ശക്തമായ കാറ്റിനെ തുടര്‍ന്ന് ആളിപടരുകയായിരുന്നു. പ്ളാന്‍റിന് സമീപത്തായി നിരവധി വീടുകളും കൃഷി സ്ഥലങ്ങളുമുണ്ട്. ഇവിടേക്ക് തീപടരുമോ എന്നതായിരുന്നു പ്രദേശവാസികളുടെ ആശങ്ക. സമീപത്തെ കുടിവെള്ള ഹോസുകള്‍ തീപിടിത്തത്തില്‍ ഉരുകി നശിച്ചു. പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതിനാല്‍ വര്‍ഷങ്ങളായി മാലിന്യം കെട്ടിടത്തിന് സമീപം കൂട്ടിയിടുകയാണ് ചെയ്യുന്നത്. സംഭവം അറിഞ്ഞ ഉടന്‍ കട്ടപ്പനയില്‍നിന്ന് അഗ്നിശമന സേനയുടെ രണ്ട് വാഹനങ്ങള്‍ സ്ഥലത്തത്തെി. ആദ്യ വാഹനം മലമുകളില്‍ എത്തി തീയണക്കുകയായിരുന്നു. പിന്നീട് ആവശ്യമായ വെള്ളം സമീപത്തെ കുടിവെള്ള ടാങ്കില്‍നിന്ന് എടുത്തു. ഒരു മണിക്കൂറുകൊണ്ട് തീ നിയന്ത്രണ വിധേയമാക്കി. അഞ്ചുവര്‍ഷം മുമ്പുണ്ടായിരുന്ന പഞ്ചായത്ത് ഭരണസമിതി നെടുങ്കണ്ടം ടൗണിലെ മാലിന്യം സംസ്കരിക്കാന്‍ ബേഡ്മെട്ടില്‍ പ്ളാന്‍റ് നിര്‍മിക്കുകയും ടൗണില്‍നിന്ന് നീക്കം ചെയ്യുന്ന മാലിന്യം വാഹനത്തില്‍ ബേഡ്്മെട്ടിലത്തെിച്ച് സംസ്കരിക്കുകയുമായിരുന്നു. എന്നാല്‍, കഴിഞ്ഞ ഭരണസമിതി മാലിന്യവും മറ്റും ഇവിടെ കൂട്ടിയിട്ട് വല്ലപ്പോഴും കത്തിക്കുകമാത്രമായിരുന്നു. എന്നാല്‍, കുറെനാളായി മാലിന്യം കുമിഞ്ഞുകൂടുകയായിരുന്നെന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.