റോഡ് തകര്‍ച്ച പൂര്‍ണമായപ്പോള്‍ തുക അനുവദിച്ച് അധികൃതര്‍

മൂന്നാര്‍: ദേവികുളം നിയോജക മണ്ഡലത്തിലെ തകര്‍ന്നു കിടക്കുന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിനും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 5.50 കോടിയും പൊതുമരാമത്ത് വകുപ്പില്‍നിന്ന് രണ്ടു കോടിയും അനുവദിച്ചു.ദേവികുളം നിയോജകമണ്ഡലത്തിലെ പല റോഡുകളും കഴിഞ്ഞ കാലവര്‍ഷത്തില്‍ നശിച്ചെങ്കിലും ഇതുവരെയും അറ്റകുറ്റപ്പണി നടത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയാറായിട്ടില്ല. കല്ലാര്‍-നല്ലതണ്ണി റോഡിനായി 90 ലക്ഷം രൂപയും വകയിരുത്തി. മൂന്നാറില്‍ നല്ലതണ്ണിയിലേക്ക് മൂന്നു കി.മീ. മാത്രമാണ് അകലമുള്ളതെങ്കിലും ഇവിടെയത്തിച്ചേരാന്‍ അരമണിക്കൂറാണ് വേണ്ടിവരുന്നത്. ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂള്‍, ടാറ്റ ടീ മ്യൂസിയം, ഫയര്‍ ഫോഴ്സ്, ടാറ്റ ടീ ഇന്‍സ്റ്റന്‍റ് ടീ ഡിവിഷന്‍, ടാറ്റ സൃഷ്ടി വെല്‍ഫെയര്‍ ട്രസ്റ്റ്, വേസ്റ്റ് പ്ളാന്‍റ് എന്നിവയെല്ലാം ഈ റോഡിലാണുള്ളതെങ്കിലും തികഞ്ഞ അനാസ്ഥയാണ് ബന്ധപ്പെട്ടവര്‍ പ്രകടിപ്പിച്ചിരുന്നത്. പെരിയവരൈ ടോപ് ഡിവിഷന്‍ റോഡ് -25 ലക്ഷം, സൈലന്‍റ്വാലി -1.40 കോടി, ചന്ദ്രന്‍കുന്നേല്‍-കുരിശുമല റോഡ് -25 ലക്ഷം, രാജമല-പെട്ടിമുടി റോഡ് -25 ലക്ഷം, ഇന്തോ-സ്വിസ് -അരുവിക്കാട് -25 ലക്ഷം, നെറ്റിക്കുടി റോഡ് -15 ലക്ഷം, പത്താംമൈല്‍ ഗ്രൗണ്ട്-മെഴുക്കുച്ചാല്‍ റോഡ് -10 ലക്ഷം, ദേവികുളം ഒ.ഡി.കെ റോഡ് -10 ലക്ഷം എന്നിവ ഉള്‍പ്പെടെയുള്ള റോഡുകള്‍ക്കാണ് അടിയന്തരമായി പണിയുന്നതിന് തുക അനുവദിച്ചത്. കാന്തല്ലൂര്‍ ഐ.എച്ച്.ആര്‍.ഡി കോളജ് വികസനത്തിന് 75 ലക്ഷയും അനുവദിച്ചിട്ടുണ്ട്. ടോയ്ലറ്റ്, കുടിവെള്ളം എന്നിവയുടെ വികസനത്തിനാവശ്യമായ തുകക്ക് പുറമെയാണിത്. കാന്തല്ലൂരിലെ ഗുഹനാഥപുരം കമ്യൂണിറ്റി ഹാള്‍, മറയൂര്‍ ഗ്രാമം കമ്യൂണിറ്റി ഹാള്‍, മറയൂര്‍ ഗവ. സ്കൂള്‍, ഇരുട്ടള കമ്യൂണിറ്റി ഹാള്‍ എന്നിവയുടെ വികസനത്തിനും തുക അനുവദിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.