മുല്ലക്കാനത്ത് അജ്ഞാത ജീവി; പുലിയെന്ന് സംശയം

രാജാക്കാട്: മുല്ലക്കാനത്തിന് സമീപം ആനപ്പാറ റോഡിലെ പൊന്തക്കാട്ടിനുള്ളില്‍ അജ്ഞാത ജീവിയുടെ വാല്‍ കണ്ടു. പുലിയുടേതെന്ന സംശയത്തില്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തി. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ആനപ്പാറ ഭാഗത്തേക്ക് കാറില്‍ പോകുകയായിരുന്ന വാന്തുപറമ്പില്‍ ജിന്‍സണും കുടുംബാംഗങ്ങളുമാണ് പാതയോരത്തെ പൊന്തക്കാട്ടിനുള്ളില്‍നിന്ന് പുറത്തേക്കുകിടക്കുന്ന രീതിയില്‍ നീണ്ട വാല്‍ കണ്ടത്. ഏകദേശം മൂന്നടിയോളം നീളവും രണ്ടിഞ്ചോളം വണ്ണവും തോന്നിച്ച ഇതിനെ അസാധാരണ നിറം കണ്ടാണ് ഇവര്‍ ശ്രദ്ധിച്ചത്. വളവും ഇറക്കവും കാടും ചേര്‍ന്ന പ്രദേശമായതിനാലും എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാതെവന്നതിനാലും ഇയാള്‍ കാറിന്‍െറ ചില്ലുകള്‍ ഉയര്‍ത്താന്‍ ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞു. ഇതിനിടെ വാഹനം പിന്നോട്ട് ഓടിച്ചുമാറ്റുവാന്‍ ശ്രമിക്കുകയും ചെയ്തു. വാഹനത്തിന്‍െറ ശബ്ദം കേട്ടയുടന്‍ ജീവി പൊന്തക്കാട് ഇളക്കിമറിച്ച് ഇടതുവശത്തെ ഒന്നര ആളോളം ഉയരം വരുന്ന തിട്ട ചാടിക്കയറി, കാടിനും പടര്‍പ്പിനും ഇടയിലൂടെ തൊട്ടുചേര്‍ന്നുള്ള ഏലത്തോട്ടത്തിലേക്ക് അതിവേഗത്തില്‍ ഓടിമറഞ്ഞു. എന്തു ജീവിയാണെന്ന് വ്യക്തമായി തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഭയന്നുപോയ ഇവര്‍ യാത്ര നിര്‍ത്തി സമീപവാസികളെ വിവരമറിയിച്ചു. എല്ലാവരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോള്‍ മൃഗം ഓടിപ്പോയ ദിശയില്‍ രണ്ടടിയോളം വീതിയില്‍ കാടും പള്ളയും ചാഞ്ഞുകിടക്കുന്നത് കണ്ടു. വിവരം അറിഞ്ഞതിനത്തെുടര്‍ന്ന് ഏലത്തോട്ടത്തില്‍ ഈ ഭാഗത്തെ പണികള്‍ നിര്‍ത്തിവെച്ചു. ഇവിടെനിന്ന് അഞ്ച് കിലോമീറ്റര്‍ മാറി പഴയവിടുതി ഭാഗത്ത് ഒരാഴ്ചക്കിടെ രണ്ടുതവണ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടിരുന്നു. വനപാലകര്‍ എത്തി പരിശോധിച്ചെങ്കിലും ഏതു മൃഗത്തിന്‍േറതാണെന്ന് സ്ഥിരീകരിക്കാനായില്ല. പ്രദേശവാസികളോട് ജാഗ്രത പാലിക്കുവാന്‍ ആവശ്യപ്പെട്ട ഇവര്‍ ഇനിയും കാല്‍പ്പാടുകള്‍ കണ്ടാല്‍ അവയുടെ പകര്‍പ്പ് എടുക്കുന്നതിനായി പ്ളാസ്റ്റര്‍ ഓഫ് പാരീസ് നല്‍കിയിട്ടുണ്ട്. പൊന്മുടി ഭാഗത്ത് റോഡിലൂടെ പോയിക്കൊണ്ടിരുന്ന ഒരു വാഹനത്തിനു കുറുകെ പുലി ചാടി ഓടിയതായും അഭ്യൂഹങ്ങള്‍ പരന്നിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.