ജില്ലാ സ്കൂള്‍ കലോത്സവം അഞ്ചു മുതല്‍ മുരിക്കാശേരിയില്‍

തൊടുപുഴ: നാലു ദിവസം നീളുന്ന 28ാമത് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം ചൊവ്വാഴ്ച മുരിക്കാശേരി സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിക്കും. വൈകീട്ട് മൂന്നിന് റോഷി അഗസ്റ്റിന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം നിര്‍വഹിക്കും. ഉദ്ഘാടനത്തിനു മുമ്പ് സാംസ്കാരിക ഘോഷയാത്ര, ഇടുക്കി പൊലീസ് ചീഫ് കെ.വി. ജോസഫ് ഫ്ളാഗ്ഓഫ് ചെയ്യും. സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കെടുക്കും. ഘോഷയാത്ര സമ്മേളന നഗരിയില്‍ എത്തുമ്പോള്‍ കലക്ടര്‍ പതാക ഉയര്‍ത്തും. ഉദ്ഘാടന സമ്മേളനത്തില്‍ ജോയ്സ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പ്രഭാഷണം നടത്തും. സംസ്ഥാന കായികമേള ജേതാക്കളെ കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എയും ശാസ്ത്രമേള ജേതാക്കളെ ഇ.എസ്. ബിജിമോള്‍ എം.എല്‍.എയും അനുമോദിക്കും. കലോത്സവ ലോഗോ രൂപകല്‍പന ചെയ്ത സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥി എബിറ്റ് സിബിക്ക് എസ്. രാജേന്ദ്രന്‍ എം.എല്‍.എ പുരസ്കാരം നല്‍കും. ദേശീയ-സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യ പൗലോസ് ആദരിക്കും. എട്ടിന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. രാജു അധ്യക്ഷത വഹിക്കും. ജില്ലാ ബാങ്ക് പ്രസിഡന്‍റ് അഡ്വ. വി.എം. അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തും. 281 ഇനങ്ങളിലായി 3500ഓളം കലാ പ്രതിഭകള്‍ മാറ്റുരക്കുന്ന മേളക്കുള്ള ഒരുക്കം പൂര്‍ത്തിയായതായി ഇടുക്കി വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സുരേഷ് മാത്യു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യമായാണ് മുരിക്കാശേരിയില്‍ ജില്ലാ സ്കൂള്‍ കലോത്സവം നടക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും വിധികര്‍ത്താക്കള്‍ക്കും ഒഫീഷ്യല്‍സിനും താമസിക്കാന്‍ ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിധികര്‍ത്താക്കളുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഘോഷയാത്രയിലെ മികച്ച പ്രകടനത്തിന് 10,000, 5000, 3000 എന്നിങ്ങനെ പ്രത്യേക സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ജോയന്‍റ് ജനറല്‍ കണ്‍വീനര്‍മാരായ വി.വി. ലൂക്ക, സണ്ണി കരിവേലിക്കല്‍, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സിബി വലിയമറ്റം എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.