നെടുങ്കണ്ടം: വേനല്‍ കനത്തതോടെ കുടിവെള്ളം കിട്ടാതെ മലയോരവാസികള്‍ വലയുന്നു. പുഴകളും ജലസംഭരണികളും വരണ്ടതോടെ ഗ്രാമങ്ങളോടൊപ്പം പട്ടണങ്ങളിലും ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ജലക്ഷാമത്തിന് പുറമെ വേനല്‍ച്ചൂടില്‍ കൃഷികളും വാടിത്തുടങ്ങി. നീര്‍ച്ചാലുകളും ചെക്ഡാമുകളും വറ്റിയതിനോടൊപ്പം ഒട്ടുമിക്ക കിണറുകളും വറ്റിത്തുടങ്ങിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. പലേടത്തും കുടിവെള്ളം അപൂര്‍വ വസ്തുവായി. കിലോ മീറ്ററുകള്‍ താണ്ടി കൊണ്ടുവരുന്ന ഏതാനും കുടം വെള്ളമാണ് മലയോര വാസികളുടെ ഒരുദിവസത്തെ ആശ്രയം. ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് ഏറെ കഷ്ടപ്പെടുന്നത്. നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം, ഉടുമ്പന്‍ചോല, ഇരട്ടയാര്‍, വണ്ടന്മേട് പഞ്ചായത്തുകളിലാണ് ജലക്ഷാമം ഏറ്റവും രൂക്ഷം. വെള്ളം ശേഖരിക്കണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടേണ്ടിവരുന്നു. മിക്ക ആറുകളും ചെറു തോടുകളും വറ്റിത്തുടങ്ങി. പഞ്ചായത്ത് നിര്‍മിച്ച കുഴല്‍ക്കിണറുകളും തുരുമ്പെടുത്തു. ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ജലവിതരണ പദ്ധതികളൊന്നും തന്നെ നെടുങ്കണ്ടം പഞ്ചായത്തിലില്ല. ചിലയിടങ്ങളില്‍ ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിലൂടെ ജലം അപൂര്‍വ കാഴ്ചയാണ്. വേനല്‍ കനക്കുന്നതോടെ കര്‍ഷകന്‍െറ പ്രതീക്ഷയും അസ്തമിക്കുകയാണ്. നാണ്യവിളകള്‍ പലതും കരിഞ്ഞുതുടങ്ങിയത് കര്‍ഷകരെ ഭയാശങ്കയിലാഴ്ത്തി. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഏലം, കുരുമുളക്, വാഴ, പച്ചക്കറികള്‍ തുടങ്ങിയവ വാടിക്കരിഞ്ഞ നിലയിലാണ്. പാട്ടസ്ഥലത്ത് കൃഷി ചെയ്തവരുടെ സ്ഥിതി ദയനീയമാണ്. കനത്ത ചൂടില്‍ മുടക്ക് മുതല്‍ നഷ്ടപ്പെടുന്ന അവസ്ഥയിലാണിവര്‍. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച മിക്ക കുടിനീര്‍ പദ്ധതികളും പ്രയോജനരഹിതമാണ്. മലമുകളില്‍ തീര്‍ത്ത ടാങ്കുകള്‍ പലതും ശൂന്യമാണ്. കുഴല്‍ക്കിണറുകളുടെ കഥയും വ്യത്യസ്തമല്ല. മുമ്പ് ആരംഭിച്ച പല ജല പദ്ധതികളും പാതിവഴിയില്‍ മുടങ്ങി. പഞ്ചായത്ത് ഭരണസമിതികള്‍ കാലാവധി അവസാനിക്കാന്‍ നേരം പല കുടിനീര്‍ പദ്ധതികളും പ്രഖ്യാപിച്ചിരുന്നെങ്കിലും നിലവില്‍ ഇവയൊന്നും പ്രാബല്യത്തിലായിട്ടില്ല. ജല അതോറിറ്റിയുടെ ജലവിതരണം പകുതിദിവസം ഉണ്ടാകാറില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈറേഞ്ചിന്‍െറ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ പൊതുകുളങ്ങള്‍ നിര്‍മിച്ചത് ഉപയോഗപ്പെടാത്ത അവസ്ഥയിലാണ്. സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലും ഏലം കൃഷി ഭൂമിയിലും നിര്‍മിച്ച കുളങ്ങള്‍ സ്ഥലമുടമകള്‍ സ്വകാര്യ സ്വത്തായി ഉപയോഗിക്കുകയാണ്. താലൂക്കാസ്ഥാനമായ നെടുങ്കണ്ടത്ത് ശുദ്ധ ജല വിതരണരത്തിന് കാര്യക്ഷമമായ പദ്ധതികളില്ല. ടൗണില്‍ പോലും ശുദ്ധജല വിതരണം കാര്യക്ഷമമല്ല. ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ വല്ലപ്പോഴുമൊരിക്കല്‍ നടത്തുന്ന ജലവിതരണമാണ് പ്രദേശവാസികളുടെ ഏക ആശ്രയം. വേനല്‍ ആരംഭിച്ചാല്‍ പ്രദേശത്തെ കുടുംബങ്ങള്‍ക്ക് വെള്ളം കിട്ടാക്കനിയാകും. നെടുങ്കണ്ടം ടൗണിലും പരിസര പ്രദേശങ്ങളിലും ശുദ്ധജല വിതരണത്തിന് കാര്യക്ഷമമായ പദ്ധതികള്‍ നടപ്പാക്കണമെന്ന മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ത്രിതല പഞ്ചായത്തുകളും ജനപ്രതിനിധികളും ഇക്കാര്യത്തില്‍ അലംഭാവം തുടരുകയാണ്. കല്ലാറില്‍ വൈദ്യുതി ബോര്‍ഡിന്‍െറ സ്ഥലത്ത് കുളം നിര്‍മിച്ച് ജല വിതരണം നടത്തുന്ന പദ്ധതിയെപ്പറ്റി മുമ്പ് വിഭാവനം ചെയ്തിരുന്നെങ്കിലും നടപടിയായില്ല. വരള്‍ച്ചയുടെ ദുരിതങ്ങള്‍ രൂക്ഷമാകുമ്പോള്‍ മാത്രം ജലവിതരണത്തെപ്പറ്റി ചിന്തിക്കുകയും ഹ്രസ്വകാല ആശ്വാസം മാത്രം ലക്ഷ്യമാക്കി നടത്തുന്ന പ്രവര്‍ത്തനങ്ങളുമാണ് ജലക്ഷാമത്തിന് ഒരു പരിധിവരെ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.