കവിതയുടെയും വരയുടെയും ലോകത്ത് താരങ്ങളായി കെസിയയും ജിതിനും

നെടുങ്കണ്ടം: നിഷ്കളങ്കമായ കുഞ്ഞുമനസ്സുകൊണ്ട് മഴവില്ലിനെയും മഴയെയും പ്രകൃതിയെയും ശലഭങ്ങളെയും നോക്കിക്കണ്ട്, മനസ്സിലാക്കി അതിലെ ആശയങ്ങള്‍ കുഞ്ഞുവരികളാക്കി കവിതാലോകത്തിന് സംഭാവന ചെയ്ത് നാലാം ക്ളാസ് വിദ്യാര്‍ഥിനി കെസിയമോള്‍ സാഹിത്യലോകത്തേക്ക് ചുവടുവെക്കുമ്പോള്‍ കവിതാ സമാഹാരത്തിലുള്ള കവിതകള്‍ക്ക് ചിത്രം വരച്ച് ശ്രദ്ധേയനാകുകയാണ് മറ്റൊരു നാലാംക്ളാസുകാരനായ ജിതിന്‍ ജോയി. ഇരുവരും ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടത്തിനടുത്ത് മുണ്ടിയെരുമയില്‍ പ്രവര്‍ത്തിക്കുന്ന കല്ലാര്‍ ഗവ. എല്‍.പി സ്കൂളിലെ വിദ്യാര്‍ഥികളാണ്. ഇവര്‍ അയല്‍വാസികളാണെന്ന സവിശേഷത കൂടിയുണ്ട്. കുഞ്ഞിക്കവിതകളും ചിത്രങ്ങളുമായാണ് രണ്ടു കുരുന്നുകള്‍ സാഹിത്യലോകത്തേക്ക് പിച്ചവെച്ചത്. കെസിയ കവിതകള്‍ രചിക്കുമ്പോള്‍ ജിതിന്‍ ചിത്രരചനയിലാണ് മികവ് കാട്ടുന്നത്. മഴവില്ല്, മഴ, പ്രകൃതി, പൂമ്പാറ്റ, ഗാന്ധിജി, അബ്ദുല്‍ കലാം തുടങ്ങിയവ പ്രതിപാദിക്കുന്ന കവിതകള്‍ ആകര്‍ഷണീയ ശൈലിയിലാണ് കെസിയ അവലംബിച്ചിരിക്കുന്നത്. കെസിയ രചിച്ച ഇരുപതോളം കവിതകള്‍ ഉള്‍ക്കൊള്ളുന്ന അപ്പൂപ്പന്‍താടി എന്ന കവിതാ സമാഹാരമാണ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുല്ലിനോടും പൂക്കളോടും പൂമ്പാറ്റകളോടും കിന്നാരം പറഞ്ഞും തുമ്പിയെ പിടിച്ചും നടക്കേണ്ട പ്രായത്തില്‍ കുട്ടിക്കവിതകള്‍ രചിച്ച് അവ സമാഹരിച്ച് ‘അപ്പൂപ്പന്‍താടി’യാക്കിയിരിക്കുകയാണ് ഈ ബാലിക. ‘മാതൃഭാഷ’ എന്നതായിരുന്നു ആദ്യത്തെ കവിത. തുടര്‍ന്ന് സ്വാതന്ത്ര്യം, ഇടിയും മഴയും, കേരളം, കുട്ടിതത്തമ്മ, മാരിവില്ല്മാനത്ത്, കലാമിന്‍െറ മൊഴികള്‍ തുടങ്ങി ഇരുപതിലധികം കവിതകളാണ് കഴിഞ്ഞ ഏതാനും ചില മാസങ്ങള്‍ക്കുള്ളില്‍ കുരുന്നു കൈകൊണ്ട് എഴുതി പൂര്‍ത്തിയാക്കിയത്. താന്നിമൂട് പൊന്നുരുട്ടിതറയില്‍ ഷൈജു-അനു ദമ്പതികളുടെ മകളാണ് കെസിയ. മുന്നില്‍ കാണുന്നതെന്തും മനോഹര ചിത്രങ്ങളാക്കുകയാണ് ജിതിന്‍ ജോയി. പക്ഷികള്‍, ആകാശം, പൂക്കള്‍, തുടങ്ങി പ്രകൃതിയില്‍ കാണുന്ന എന്തിനെയും ചിത്രരൂപത്തിലാക്കാന്‍ ശ്രമിക്കുകയാണ് ഈ കൊച്ചുമിടുക്കന്‍. അമ്പതോളം ചിത്രങ്ങളാണ് ജിതിന്‍െറ പുസ്തകതാളുകളില്‍ വരച്ചിരിക്കുന്നത്. വിഷയം നല്‍കിയാലും ഒരു ചിത്രം നല്‍കിയാലും നിമിഷങ്ങള്‍ക്കുള്ളില്‍ അത് വരക്കാനുള്ള പ്രത്യേക കഴിവ് ഈ കൊച്ചുചിത്രകാരനുള്ളതായി അധ്യാപകര്‍ പറയുന്നു. ജിതിന്‍ ജോയി വരച്ച ചിത്രങ്ങള്‍ അടങ്ങിയ നിറക്കൂട്ട് എന്ന പുസ്തകവും കെസിയയുടെ കവിതാ സമാഹാരവും ഒരുമിച്ചായിരുന്നു കഴിഞ്ഞ ദിവസം സ്കൂളില്‍ പ്രകാശനം ചെയ്തത്. താന്നിമൂട് കാണക്കാലില്‍ പരേതനായ ജോയിയുടെയും മഞ്ജുവിന്‍െറയും മകനാണ് ജിതിന്‍. ‘അപ്പൂപ്പന്‍ താടി’ എന്ന കെസിയ മോള്‍ ഷൈജുവിന്‍െറ കവിതാ സമാഹാരത്തിലെ മുഴുവന്‍ ചിത്രങ്ങളും ജിതിന്‍ ജോയിയുടെ സംഭാവനയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.