തൊടുപുഴ: ഇടുക്കി ജില്ലയിലെ അതിര്‍ത്തി ചെക്പോസ്റ്റുകളിലൂടെ മയക്കുമരുന്നും കഞ്ചാവും ജീവനക്കാരുടെ സഹായത്തോടെ എത്തുന്നുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എക്സൈസ് വകുപ്പും പൊലീസും വിശദമായ അന്വേഷണം ആരംഭിച്ചു. കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിന് ഒത്താശ നല്‍കിയ എക്സൈസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സ്ഥലം മാറ്റിയതിന്‍െറ പശ്ചാത്തലത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. കഴിഞ്ഞ ജനുവരിയില്‍ കോളജില്‍ കഞ്ചാവ് വില്‍പന നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് പിടികൂടി ചോദ്യംചെയ്തപ്പോഴാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി കടത്തിന് സഹായിച്ചതായി വിവരം ലഭിക്കുന്നത്. 20,000 രൂപ വാങ്ങി കഞ്ചാവ് തിരികെ നല്‍കിയെന്നും ഇവര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഏറെ നാളായി ബോഡിമെട്ട് ചെക്പോസ്റ്റുവഴി ഉദ്യോഗസ്ഥരുടെ സഹായത്തോടെ കഞ്ചാവ് കടത്തുന്നതായി സ്പെഷല്‍ ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ജില്ലയിലെ കഞ്ചാവ് കൃഷി അവസാനിച്ചതോടെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുമാണ് കേരളത്തിലേക്ക് ഇവ എത്തുന്നത്. എന്നാല്‍, ചെക്പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമോ കാര്യമായ പരിശോധനയോ നടക്കാറില്ല. ഒന്നോ രണ്ടോ കിലോ കഞ്ചാവ് പൊതികളാണ് പ്രതികളില്‍നിന്ന് പിടികൂടിയിരുന്നത്. ഇപ്പോള്‍ ചെക്പോസ്റ്റുകളിലെ ജീവനക്കാരുടെ സഹായത്തോടെ സമാന്തരപാത തുറന്നും കഞ്ചാവുകടത്ത് നടന്നിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കഞ്ചാവുമായി പിടിയിലായവര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പണം വാങ്ങി എക്സൈസ് അധികൃതര്‍ സഹായിച്ചതായി പറയുന്നുണ്ട്. എന്നാല്‍, എക്സൈസ് സംഘം മൊഴിയെടുത്തപ്പോള്‍ പണം വാങ്ങിയിട്ടില്ളെന്ന മൊഴിയാണ് നല്‍കിയത്. മൊഴികളിലെ വൈരുധ്യം കൊണ്ടാണ് ജീവനക്കാരെ സ്ഥലം മാറ്റിയിരിക്കുന്നത്. ഗൗരവതരമായ ആക്ഷേപം ഉയര്‍ന്നിട്ടും എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിഷയത്തെ ഗൗരവമായി കണ്ടില്ളെന്നും വിമര്‍ശമുണ്ട്. ഇടുക്കിയില്‍ ബോഡിമെട്ട്, ചിന്നാര്‍, ടോപ് സ്റ്റേഷന്‍, കമ്പംമെട്ട്, കുമളി എന്നിവയാണ് അഞ്ചു ചെക്പോസ്റ്റുകള്‍. എന്നാല്‍, ചില ചെക്പോസ്റ്റുകളില്‍ വ്യാപക കഞ്ചാവ് വേട്ട നടക്കുന്നുമുണ്ട്. അസി. എക്സൈസ് കമീഷണറുടെ നേതൃത്വത്തിലാണ് സംഭവത്തില്‍ തുടരന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.