അര്‍ഹരായവര്‍ക്ക് പട്ടയം: നടപടി വേഗത്തിലാക്കണം –ന്യൂനപക്ഷ കമീഷന്‍

തൊടുപുഴ: ജില്ലയില്‍ അര്‍ഹരായവര്‍ക്കെല്ലാം പട്ടയം നല്‍കണമെന്നും നടപടി വേഗത്തിലാക്കണമെന്നും സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ അംഗം അഡ്വ. വി.വി. ജോഷി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കമീഷന്‍ സിറ്റിങ്ങില്‍ പരാതികള്‍ പരിഗണിക്കവെ ഇനി തീര്‍പ്പാക്കാനുള്ള അപേക്ഷകളുടെ എണ്ണം, അവയില്‍ സ്വീകരിച്ച നടപടി തുടങ്ങിയവ ഹാജരാക്കാന്‍ കലക്ടറോട് കമീഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ പട്ടയവിതരണശേഷം എത്ര അപേക്ഷ കിട്ടി എന്നും അവയില്‍ എത്ര പട്ടയങ്ങള്‍ വിതരണത്തിന് തയാറായിട്ടുണ്ടെന്നും അറിയിക്കാനും കമീഷന്‍ നിര്‍ദേശിച്ചു. ജില്ലയില്‍ ഇ.പി.എല്‍ ആക്ട് പ്രകാരം പിടിച്ചെടുത്തിട്ടുള്ള കൈവശഭൂമി അടിയന്തരമായി തിരിച്ചുനല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് കമീഷന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ ഡാമിന്‍െറ ബലക്ഷയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇറിഗേഷന്‍ വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനീയറില്‍നിന്ന് കമീഷന്‍ വിവരശേഖരണം നടത്തി. പുതിയ ഡാമിന്‍െറ വിശദമായ പ്ളാന്‍, എസ്റ്റിമേറ്റ് തുടങ്ങിയവ ഹാജരാക്കാനും നിര്‍ദേശം നല്‍കി. ഡാമുകളുടെ താഴെ താമസിക്കുന്ന ജനവിഭാഗങ്ങളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കമീഷന്‍ ആവശ്യപ്പെട്ടു. 16ന് നടന്ന സിറ്റിങ്ങില്‍ അഡ്വ. വി.വി. ജോഷിക്കും മെംബര്‍ സെക്രട്ടറി വി.എ. മോഹന്‍ലാലിനും മുമ്പാകെ 20 കേസുകളാണ് പരിഗണനക്ക് വന്നത്. അതില്‍ 13 കേസുകള്‍ തീര്‍പ്പാക്കി. ന്യൂനപക്ഷ സ്കൂളുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് കുമ്പന്‍കല്ല് ബി.ടി.എം എല്‍.പി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ നല്‍കിയ ആവശ്യങ്ങള്‍ കമീഷന്‍ സര്‍ക്കാറിന്‍െറ പരിഗണനക്കായി സമര്‍പ്പിച്ചു. ഐ.ഡി.എം.ടി സ്കീം പ്രകാരം അനുവദിച്ച തുക കിട്ടാനുള്ള കാലതാമസത്തെക്കുറിച്ച് കൂമ്പന്‍പാറ ഫാത്തിമ മാതാ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയും തീര്‍പ്പാക്കി. ഫണ്ട് ഉടന്‍ ലഭ്യമാക്കുമെന്ന് ഡി.പി.ഐ കമീഷന്‍ മുമ്പാകെ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.