വൈദ്യുതി ബോര്‍ഡിന്‍െറ 1000 ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തി

ചെറുതോണി: ജില്ലയില്‍ വൈദ്യുതി ബോര്‍ഡിന്‍െറ കൈവശമുണ്ടായിരുന്ന ആയിരത്തോളം ഏക്കര്‍ സ്ഥലം വനം കൈയേറ്റക്കാര്‍ സ്വന്തമാക്കി. കോടിക്കണക്കിന് രൂപ വിലവരുന്ന ഈ സ്ഥലം കൈയേറ്റക്കാരില്‍നിന്നൊഴിപ്പിച്ച് തരണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി ബോര്‍ഡിന്‍െറ ജനറേഷന്‍ വിഭാഗം കലക്ടര്‍ക്കും റവന്യൂ മന്ത്രിക്കും കൈയേറ്റക്കാരുടെ വ്യക്തമായ മേല്‍വിലാസത്തോടെ ഒരുവര്‍ഷം മുമ്പ് നല്‍കിയ പരാതിയും ബന്ധപ്പെട്ടവരുടെ ഓഫിസില്‍നിന്ന് അപ്രത്യക്ഷമായി. കുണ്ടള, മാട്ടുപ്പെട്ടി, കുളമാവ്, മീന്‍കെട്ട്, ചിത്തിരപുരം, പള്ളിവാസല്‍, പവര്‍ഹൗസ്, കല്ലാര്‍കുട്ടി, ആനച്ചാല്‍, ചെങ്കുളം, വെള്ളത്തൂവല്‍, പൊന്മുടി, ആനയിറങ്കല്‍, പാമ്പള, വാഴത്തോപ്പ്, ഇടുക്കി, പനംകുട്ടി തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപക കൈയേറ്റം നടന്നത്. 431, 684, 48, 209 തുടങ്ങിയ സര്‍വേ നമ്പറില്‍പെട്ട സ്ഥലങ്ങളാണ് കൂടുതലും അന്യാധീനപ്പെട്ടിട്ടുള്ളത്. രണ്ടു സെന്‍റ് മുതല്‍ ഒരേക്കര്‍ സ്ഥലംവരെ കൈയേറ്റക്കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. വൈദ്യുതി ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ മൂന്നാറില്‍ 19 ഏക്കറും മാട്ടുപ്പെട്ടിയില്‍ 13 ഏക്കറും സ്വകാര്യ വ്യക്തികളുടെ കൈവശത്തിലാണെന്ന് കണ്ടത്തെിയിരുന്നു. ചിത്തിരപുരത്തുണ്ടായിരുന്ന സ്ഥലം ഏഴുപേരും മീന്‍കെട്ടില്‍ 17 പേരും കൈയേറിയതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കോടിക്കണക്കിന് രൂപ വിലവരുന്ന ഈ സ്ഥലം ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് ചിത്തിരപുരം ജനറേഷന്‍ വിഭാഗം നല്‍കിയ പരാതിയില്‍ ഇനിയും തീരുമാനമുണ്ടായിട്ടില്ല. വൈദ്യുതി വകുപ്പിന്‍െറ കണക്കനുസരിച്ച് 376 ഹെക്ടര്‍ സ്ഥലമാണ് ചിത്തിരപുരം ജനറേഷന്‍ വിഭാഗത്തിന്‍െറ കൈവശമുള്ളത്. ഈ സ്ഥലം സര്‍വേ നടത്തി അതിര്‍ത്തിവേലി കെട്ടി തിരിച്ചുതരണമെന്ന് പള്ളിവാസല്‍ വില്ളേജിലും റവന്യൂ വകുപ്പിലും ആവശ്യപ്പെട്ടിട്ടും നടപടിയില്ല. പള്ളിവാസല്‍ വില്ളേജില്‍ ഒന്നിലേറെ പ്രദേശങ്ങളിലായി 13.3367 ഹെക്ടര്‍ സ്ഥലം വൈദ്യുതി ബോര്‍ഡിന്‍െറ രേഖകളിലുണ്ടെങ്കിലും പകുതിയിലേറെ സ്ഥലം കൈയേറ്റക്കാരുടെ പക്കലാണ്. പനംകുട്ടി മുതല്‍ കരിമണല്‍ നീണ്ടപാറവരെ 13 കി.മീ. ദൂരം വരുന്ന റോഡിന്‍െറ വലതുവശം പൂര്‍ണമായും കൈയേറ്റക്കാരുടെ കൈവശത്തിലാണ്. വീടും പഞ്ചായത്ത് നമ്പറുംവരെ നേടിയെടുത്തിട്ടുണ്ട് കൈയേറ്റക്കാര്‍. കല്ലാര്‍കുട്ടി അടക്കമുള്ള ഡാമിന്‍െറ സംരക്ഷണ മേഖല പൂര്‍ണമായും ഒരുവിഭാഗം കൈയേറ്റക്കാരുടെ പക്കലായി. സംരക്ഷണ മേഖല തിരിച്ചിട്ടുള്ള വേലികള്‍പോലും കാണാനില്ല. കൈയേറിയവര്‍ മണ്ണിളക്കി കൃഷി നടത്തിയത് മൂലം മഴയില്‍ മണ്ണ് കുത്തിയൊലിച്ച് ഡാമിലത്തെി ഡാമിന്‍െറ സംഭരണ ശേഷിയും ക്രമമായി കുറഞ്ഞുവരികയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.