തേനെടുക്കുന്നതിനിടെ ദലിത് യുവാവിന് വെട്ടേറ്റ സംഭവം: അന്വേഷണത്തില്‍ അലംഭാവമെന്ന് ആക്ഷേപം

ശാന്തന്‍പാറ: സേനാപതി സ്വര്‍ഗംമേട്ടില്‍ തേനെടുത്തു കൊണ്ടിരുന്ന ദലിത് യുവാവിനെ വെട്ടിപ്പരിക്കേല്‍പിക്കുകയും കൂടെയുണ്ടായിരുന്നയാളെ മര്‍ദിച്ചവശനാക്കുകയും ചെയ്ത സംഭവം അന്വേഷിക്കുന്നതില്‍ പൊലീസ് അലംഭാവം കാണിക്കുന്നതായി ആക്ഷേപം. കൃത്യം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും പ്രതികളെ പിടികൂടുന്നതിനോ ആരെയെങ്കിലും ചോദ്യം ചെയ്യുന്നതിനോ പൊലീസിന് കഴിഞ്ഞിട്ടില്ല. കുറ്റക്കാരായവരുടെ ഉന്നത ബന്ധമാണ് കാരണമെന്ന വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. സേനാപതി അഞ്ചുമുക്ക് ലക്ഷംവീട് കോളനിക്ക് സമീപം വാടക വീട്ടില്‍ താമസിക്കുന്ന കറുപ്പസാമിയെയാണ് (42) കഴിഞ്ഞ ഏഴിനു ഉച്ചക്ക് ഒന്നോടെ സ്വര്‍ഗംമേട്ടില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്ന് കാട്ടുതേന്‍ ശേഖരിക്കുന്നതിനിടെ അഞ്ചംഗ സംഘം തലക്ക് വെട്ടി മാരകമായി പരിക്കേല്‍പിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സുരേഷിനും മര്‍ദനമേറ്റിരുന്നു. വിജനമായ കുന്നിന്‍പ്രദേശത്ത് തരിശുകിടക്കുന്ന സ്ഥലത്ത് ട്രക്കിങ്ങിന് ജീപ്പിലത്തെിയ തിരുവനന്തപുരം സ്വദേശികളായ അഞ്ചംഗ സംഘമാണ് ഇരുവരെയും ആക്രമിച്ചത്. തേന്‍ ശേഖരിക്കുന്നവരുടെ സാന്നിധ്യം സംഘത്തിന്‍െറ സൈ്വരവിഹാരത്തിന് തടസ്സമായതാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്. തേനെടുക്കുന്നതിന് ഉപയോഗിച്ചിരുന്ന വാക്കത്തി കൈവശപ്പെടുത്തി കറുപ്പസാമിയെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ശിരസ്സിലും ചെവിയിലുമായി നാലിടത്ത് ആഴത്തില്‍ മുറിവേറ്റു. ചോരയില്‍ക്കുളിച്ച് ബോധംകെട്ടുവീണ കറുപ്പസാമിയെയും അവശനിലയിലായിരുന്ന സുരേഷിനെയും അക്രമികള്‍ തങ്ങള്‍ വന്ന ജീപ്പില്‍ കയറ്റി അര കിലോമീറ്ററോളം താഴെ ഓട്ടോവരുന്നിടംവരെ എത്തിച്ചു. നാട്ടുകാരാണ് ആദ്യം രാജകുമാരിയിലെ ആശുപത്രിയിലും പിന്നീട് ഗുരുതരാവസ്ഥയിലായിരുന്ന കറുപ്പസാമിയെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചത്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ഇയാള്‍ അപകടനില തരണംചെയ്ത് വരുന്നതേയുള്ളു. തോട്ടം തൊഴിലാളിയും നിര്‍ധനനുമായ ഇയാളുടെ ചികിത്സാവശ്യങ്ങള്‍ക്കും മറ്റ് ചെലവുകള്‍ക്കുമുള്ള പണം നാട്ടുകാരാണ് നല്‍കുന്നത്. രണ്ടു സ്ത്രീകളടക്കം അഞ്ചംഗ സംഘം ഒരു പ്രകോപനവുമില്ലാതെയാണ് തങ്ങളെ ആക്രമിച്ചതെന്ന് സുരേഷ് പറയുന്നു. മെഡിക്കല്‍ കോളജില്‍നിന്ന് ഇന്‍റിമേഷന്‍ നല്‍കിയ പ്രകാരം ശാന്തന്‍പാറ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. എന്നാല്‍, സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവെടുക്കുകയോ പ്രതികളില്‍ ആരെയെങ്കിലും പിടികൂടുകയോ ചെയ്തിട്ടില്ല. ആക്രമണം നടത്തിയവര്‍ സഞ്ചരിച്ച ജീപ്പിന്‍െറ പ്രദേശവാസിയായ ഡ്രൈവറെ ഇതുവരെയും ചോദ്യംചെയ്തിട്ടില്ല. തിരുവനന്തപുരത്തെ കലാ-സാംസ്കാരിക പ്രവര്‍ത്തകരാണത്രേ പ്രതികള്‍. മദ്യലഹരിയിലായിരുന്നു ഇവരെന്ന് പ്രദേശവാസികള്‍ പറയുന്നു. സ്വര്‍ഗംമേട്ടിലെ മുപ്പതോളം ഏക്കര്‍ വിസ്തൃതിയുള്ള തരിശുഭൂമിയിലാണ് സംഭവം നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.