ബോധി ലൈബ്രറിയിലേക്ക് പുസ്തകങ്ങളുമായി വിദ്യാര്‍ഥികള്‍

മറയൂര്‍: ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ ആദിവാസി ജനതക്കായി ആരംഭിച്ച ബോധി ലൈബ്രറിയിലേക്ക് പുസ്തകങ്ങളുമായി വിദ്യാര്‍ഥികളും വിവിധ സംഘടനകളും എത്തുന്നു. 1000 പുസ്തകങ്ങളുമായി കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി, ആനക്കല്‍ സെന്‍റ് ആന്‍റണീസ് സ്കൂളിലെ വിദ്യാര്‍ഥികള്‍ വന്യജീവി സങ്കേതത്തിലത്തെിയിരുന്നു. വൈദ്യുതിയും വാര്‍ത്താ വിനിമയ മാര്‍ഗങ്ങളും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ ആദിവാസി കോളനികളില്‍ വനവായന ശാലകള്‍ ആരംഭിക്കുന്നതിനെ കുറിച്ച് ഫേസ് ബുക്കിലൂടെ ആശയം പങ്കുവെച്ച ചിന്നാര്‍ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന് അദ്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചത്. ഫേസ്ബുക് പോസ്റ്റുകള്‍ കണ്ട് ആദ്യം ബന്ധപ്പെട്ട സന്നദ്ധ സംഘടനായ കൊച്ചിന്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷന്‍ 5000 പുസ്തകങ്ങള്‍ എത്തിക്കാമെന്ന് ഉറപ്പു നല്‍കുകയും ബുക്കുകള്‍ ചിന്നാറിലത്തെി കൈമാറുകയും ചെയ്തു. ഇത് കേട്ടറിഞ്ഞ് പരിസ്ഥിതി പ്രവര്‍ത്തകരും പ്രകൃതി സ്നേഹിയും മുണ്ടക്കയം സെന്‍റ് ആന്‍റണീസ് സ്കൂളിലെ അധ്യാപകനായ സുനില്‍ 500 ബുക്കുകള്‍ എത്തിക്കുകയും തുടര്‍ന്നും മറ്റു ചില സ്കൂളില്‍നിന്ന് ബുക്കുകളത്തെി. ആനക്കല്‍ സെന്‍റ് ആന്‍റണീസ് സ്കൂളിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ബുക്കുകള്‍ ചിന്നാര്‍ ചെക്പോസ്റ്റിന് സമീപത്ത് ലൈബ്രറിക്ക് മുന്നില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡെന്നിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ചിന്നാര്‍ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.എം. പ്രഭു ഏറ്റു വാങ്ങി. കരിമുട്ടി ഡെപ്യൂട്ടി റേഞ്ചര്‍ പി. രതീശന്‍, എസ്.എഫ്.ഒ പി. റെജികുമാര്‍, ആനക്കല്‍ സ്കൂള്‍ ഫോറസ്ട്രി ക്ളബ് അധ്യാപകന്‍ ജോസ്കുട്ടി ആന്‍റണി, അധ്യാപകരായ മനോജ് ജോസ്, ആഗ്നസ് ജോസഫ്, മുണ്ടക്കയം സെന്‍റ് ആന്‍റണീസ് സ്കൂള്‍ അധ്യാപകന്‍ സുനില്‍, വിദ്യാര്‍ഥി പ്രതിനിധികളായ ക്രിസ്റ്റീന അന്ന, ജാവേദ് ഹംദാന്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.