പുഴകളിലും ജലാശയങ്ങളിലും മാലിന്യം അടിയുന്നു

തൊടുപുഴ: ഇടുക്കിയിലെ പുഴകളും ജലാശയങ്ങളും മലിനീകരണത്തിന്‍െറ പിടിയില്‍. തൊടുപുഴ, മൂന്നാര്‍ എന്നിവിടങ്ങളിലെ പുഴകളില്‍ വന്‍തോതില്‍ മാലിന്യം അടിയുന്നതായാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ പരിശോധനയില്‍ കണ്ടത്തെിയിരിക്കുന്നത്. ജനുവരിയില്‍ നടത്തിയ പരിശോധനയില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം മലങ്കര ജലാശയത്തിലും കോളിഫോം ബാക്ടീരിയകളുടെ അളവ് ക്രമാതീതമായി ഉയരുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇടുക്കിയിലെ പുഴകളിലും ജലാശയങ്ങളിലും ടണ്‍കണക്കിന് മാലിന്യമാണ് ഓരോ ദിവസവും വന്നടിയുന്നത്. വന്‍കിട ഹോട്ടലുകളും റിസോര്‍ട്ടുകളും, ആശുപത്രി, ഹോട്ടല്‍, പ്ളാസ്റ്റിക് മാലിന്യങ്ങളുമാണ് പുഴകളെ മാലിന്യത്തൊട്ടികളാക്കി കൊണ്ടിരിക്കുന്നത്. തൊടുപുഴയാര്‍ മാലിന്യത്തിന്‍െറ ഭാരവും പേറിയാണ് ഒഴുകുന്നത്. നഗര മാലിന്യമാണ് പുഴയില്‍ കൂടുതലായി അടിഞ്ഞു കൂടിയിരിക്കുന്നത്. തൊടുപുഴയില്‍ ശാസ്ത്രീയമായ മാലിന്യ സംസ്കരണ രീതികള്‍ ഇല്ലാത്തതിനാല്‍ ഇപ്പോഴും പുഴയെ പലരും മാലിന്യം തള്ളാനുള്ള ഇടമായി കാണുന്നു. മലിനീകരണത്തോടൊപ്പം പുഴ കൈയേറ്റവും തൊടുപുഴയില്‍ വ്യാപകമാണ്. മൂന്നാറിലെ പുഴകളിലും സ്ഥിതി വ്യത്യസ്തമല്ല. അടുത്തിടെ വ്യാപാരികളും സന്നദ്ധ സംഘടനകളും ഇതിനെതിരെ രംഗത്തത്തെിയതിനെ തുടര്‍ന്ന് മൂന്നാറിലെ മാലിന്യം തള്ളാന്‍ കല്ലാര്‍ പുഴയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അറവുശാലകളില്‍നിന്നുമുള്ള മാലിന്യംവരെ തള്ളുന്നത് മൂന്നാര്‍ ടൗണിലൂടെ ഒഴുകുന്ന മുതിരപ്പുഴയാറ്റിലേക്കാണ്. ഇതുമൂലം മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് പതിവാണ്. ഏലപ്പാറ ടൗണിലൂടെ ഒഴുകി പെരിയാറില്‍ ചേരുന്ന ഏലപ്പാറ പുഴയിലും മാലിന്യം അടിയുന്നുണ്ട് . ടൗണില്‍ പാലത്തിന് സമീപം വ്യാപാരികള്‍ മാലിന്യം നേരിട്ട് തള്ളുകയാണ്. ഏലപ്പാറ മുതല്‍ നാലാം മൈല്‍വരെയുള്ള നൂറുകണക്കിന് കുടുംബങ്ങള്‍ കുടിക്കാനും അലക്കാനും എടുക്കുന്നത് ഈ പുഴയിലെ വെള്ളമാണ്. പന്നിയാര്‍ പുഴയുടെ അവസ്ഥ പരിതാപകരമാണ്. ആനയിറങ്കല്‍ ജലാശയത്തില്‍നിന്ന് ഉദ്ഭവിക്കുന്ന പുഴക്ക് ഏലത്തോട്ടങ്ങളില്‍നിന്ന് ഒഴുകിയത്തെുന്ന കീടനാശിനികളാണ് ഭീഷണി സൃഷ്ടിക്കുന്നത്. അടിമാലിയില്‍ മാലിന്യ സംസ്കരണം പാളിയതോടെ അടിമാലി തോട് ദിനം തോറും നശിച്ചുകൊണ്ടിരിക്കുകയാണ്. നഗരത്തിലെ ജനവാസകേന്ദ്രങ്ങള്‍ക്ക് നടുവിലൂടെയാണ് പുഴയൊഴുകുന്നത്. ഒന്നര കി.മീ. ഒഴുകി ദേവിയാര്‍ പുഴയില്‍ പതിക്കും. നേര്യമംഗലം വനമേഖലയിലെയും മൂന്നാറിലെയും റിസോര്‍ട്ടുകളില്‍നിന്നും ആലുവ, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളില്‍നിന്നും കക്കൂസ് മാലിന്യം കൊണ്ടുവന്ന് ദേവിയാര്‍ പുഴയില്‍ തള്ളാറുണ്ട്. ജില്ലാ ആസ്ഥാനമായ ചെറുതോണിയിലൂടെ ഒഴുകുന്ന പെരിയാറിന്‍െറ സ്ഥിതിയും വ്യത്യസ്തമല്ല. ടൗണിലെ മാലിന്യമത്രയും ജലസ്രോതസ്സായ പെരിയാറിലേക്കാണ് ഒഴുക്കുന്നത്. രാത്രി പുഴകള്‍ കേന്ദ്രീകരിച്ച് അശാസ്ത്രീയ മത്സ്യബന്ധനവും വ്യാപകമായിട്ടുണ്ട്. മാരക വിഷവസ്തുക്കള്‍ ചേര്‍ത്താണ് ഇവരുടെ ഉപയോഗം. ഡൈനാമോ, തുരിശ്, ഫ്യൂറിഡാന്‍ എന്നിവയാണ് മീന്‍ പിടിക്കാന്‍ ഇവര്‍ ഉപയോഗിക്കുന്നത്. ജലത്തിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ച് നടത്തുന്ന മീന്‍ പിടിത്തം മത്സ്യസമ്പത്തും പൂര്‍ണമായി ഇല്ലാതാക്കുന്നുണ്ട്. വേനല്‍ കനത്തതോടെ ജനം കുളിക്കാനും മറ്റുമായി പുഴകളെയും കനാലുകളെയുമാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തില്‍ വിഷം കലര്‍ത്തിയുള്ള മീന്‍പിടിത്തവും പുഴ നശീകരണവും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.