മണക്കാട് സ്കൂളിലെ ആക്രമണം: എട്ടു വിദ്യാര്‍ഥികള്‍ പിടിയില്‍

തൊടുപുഴ: മണക്കാട് എന്‍.എസ്.എസ് എച്ച്.എസ്.എസിലെ ആക്രമണത്തില്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ പിടിയില്‍. എട്ടിലും ഒമ്പതിലും പഠിക്കുന്ന എട്ടു വിദ്യാര്‍ഥികളെയാണ് തൊടുപുഴ ഡിവൈ.എസ്.പിയുടെ ഷാഡോ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച മണക്കാട് ക്ഷേത്രോത്സവത്തില്‍ പങ്കെടുത്ത ശേഷം ഇവര്‍ മദ്യം വാങ്ങി സ്കൂളില്‍ ഒത്തുകൂടുകയായിരുന്നു. തുടര്‍ന്ന് സ്കൂളിലെ ഉപകരണങ്ങളും ടാപ്പുകളും തല്ലിത്തകര്‍ത്തു. പ്രിന്‍സിപ്പലിനും ഹെഡ്മാസ്റ്റര്‍ക്കും എതിരെ മോശം വാക്കുകള്‍ ഭിത്തിയില്‍ എഴുതിവെച്ചു. ആക്രമണത്തിനിടെ ഒരു വിദ്യാര്‍ഥിയുടെ കൈമുറിഞ്ഞു ചോര ഭിത്തിയില്‍ തെറിച്ചു. ഇത്തരത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായകരമായത്. എസ്.ഐ വിനോദ്കുമാര്‍, അഡീഷനല്‍ എസ്.ഐ കെ.പി. ബാബു, എസ്.പി.ഒ ജെ.എസ്. അനി, എ.എസ്.ഐ ഇബ്രാഹിം എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കിയ കുട്ടികളെ ജാമ്യത്തില്‍ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. സ്കൂളില്‍ അതിക്രമം കാട്ടിയവരെ പിടികൂടാത്തതില്‍ നാട്ടില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. കഴിഞ്ഞയാഴ്ച കോടിക്കുളം സെന്‍റ് മേരീസ് ഹൈസ്കൂളിലും ആക്രമണം നടന്നു. സംഭവത്തില്‍ ഇതേ സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിയടക്കം എട്ടു കൗമാരക്കാരെ കാളിയാര്‍ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.