സര്‍വേ സംഘം മെല്ലപ്പോക്കില്‍; മാങ്കുളത്ത് പട്ടയവിതരണം പ്രഖ്യാപനത്തിലൊതുങ്ങും

മാങ്കുളം: അര്‍ഹതയുള്ള കര്‍ഷകര്‍ക്കെല്ലാം മാങ്കുളത്ത് പട്ടയം നല്‍കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനവും 1156 പേര്‍ക്ക് ഉടന്‍ പട്ടയം നല്‍കുമെന്ന മന്ത്രിസഭാ തീരുമാനവും തെരഞ്ഞെടുപ്പിനു മുമ്പ് നടക്കില്ളെന്ന് ഉറപ്പായി. സര്‍വേ നടപടി ഇഴഞ്ഞുനീങ്ങുന്നതാണ് കാരണം. മാങ്കുളത്ത് കര്‍ഷകര്‍ക്ക് വിതരണം ചെയ്യേണ്ട ഭൂമിയും വനഭൂമിയും വേര്‍തിരിക്കാന്‍ നിയോഗിച്ച സര്‍വേ സംഘം തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ ജോലി നീട്ടിക്കൊണ്ടുപോകാനുള്ള നീക്കത്തിലാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. വനംവകുപ്പുമായുള്ള തര്‍ക്കം പരിഹരിച്ചാല്‍ മാത്രമെ പട്ടയവിതരണ നടപടി വേഗത്തില്‍ പുരോഗമിക്കൂ. എന്നാല്‍, സര്‍വേ സംഘം ഇപ്പോള്‍ തര്‍ക്കമില്ലാത്ത സ്ഥലങ്ങളുടെ അതിര്‍ത്തിതേടി നടക്കുകയാണെന്നാണ് വിമര്‍ശം. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ പറയുന്ന 1156 പേര്‍ 1999ല്‍ ഭൂമി പതിച്ചുനല്‍കുന്നതിന് തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഇവരില്‍ പലര്‍ക്കും ഭൂമി അളന്നുതിരിച്ച് കൈമാറാതിരുന്നതു മുലം ഭൂമി കൈവശം വെക്കാന്‍ കഴിഞ്ഞിട്ടില്ല. 1977ലെ കണ്ണന്‍ദേവന്‍ വെസ്റ്റഡ് ലാന്‍ഡ് റൂള്‍സ് പ്രകാരം ഭൂമി ലഭിച്ച ആറുമാസത്തിനുള്ളില്‍ പ്രസ്തുത ഭൂമിയില്‍ താമസമാരംഭിക്കാത്തവരുടെ ഭൂമിയിലുള്ള അവകാശം നഷ്ടപ്പെടും. ഇങ്ങനെയുള്ള ഭൂമി വനഭൂമിയായി മാറ്റണമെന്ന വാദം വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്. മാങ്കുളം വില്ളേജിലെ കവിതക്കാട്, അമ്പതാംമൈല്‍ എന്നിവിടങ്ങള്‍ അതീവ പരിസ്ഥിതി ദുര്‍ബല മേഖലയായതിനാല്‍ ഇവിടെ നല്‍കിയ ഭൂമി പതിവ് ഉത്തരവ് റദ്ദാക്കി ഭൂമി തിരികെ എടുക്കണമെന്ന മാങ്കുളം ഡി.എഫ്.ഒ ആയിരുന്ന ഡോ. സി. ഇന്ദുചൂഡന്‍െറ കത്തിലും സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല. തെരഞ്ഞെടുപ്പിന് ഒന്നരമാസം മാത്രം ശേഷിക്കെ വിതരണം ചെയ്യേണ്ട ഭൂമിയുടെ പുറം ബൗണ്ടറികള്‍ വേര്‍തിരിക്കാന്‍പോലും സര്‍വേ സംഘത്തിന് കഴിയില്ളെന്ന നിലയിലാണ്. സര്‍വേ പൂര്‍ത്തിയായാലും പട്ടയ വിതരണത്തിന് പിന്നെയും കടമ്പകള്‍ നിരവധിയുണ്ട്. ചുരുക്കത്തില്‍ പട്ടയ നടപടി ആരംഭിച്ചു എന്ന പ്രതീതി പരത്തി തെരഞ്ഞെടുപ്പിനെ നേരിടുക എന്ന തന്ത്രമാണ് മാങ്കുളത്തെ പട്ടയപ്രഖ്യാപനത്തിന് പിന്നിലെന്നാണ് കര്‍ഷകര്‍ക്കിടയിലെ സംസാരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.