തൊടുപുഴ: ജില്ലയിലെ ക്ഷീരകര്‍ഷകരെയും കുടുംബാംഗങ്ങളെയും കറവപ്പശുക്കളെയും ക്ഷീരസംഘം ജീവനക്കാരെയും ഉള്‍പ്പെടുത്തി കുറഞ്ഞ പ്രീമിയത്തില്‍ പരിരക്ഷ നല്‍കുന്ന ക്ഷീരജ്യോതി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം. ക്ഷീര വികസന വകുപ്പും ക്ഷീരസഹകരണ സംഘങ്ങളും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഗോസുരക്ഷ പോളിസി, അപകടസുരക്ഷ പോളിസി, ആരോഗ്യ സുരക്ഷ പോളിസി, ലൈഫ് ഇന്‍ഷുറന്‍സ് പോളിസി തുടങ്ങി എല്ലാ പോളിസികളും ഒറ്റ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകുന്നതിലൂടെ ലഭിക്കുന്നു എന്നതാണ് ക്ഷീരജ്യോതിയുടെ പ്രത്യേകത. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്‍െറയും എല്‍.ഐ.സിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ക്ഷീരവികസന വകുപ്പിന്‍െറ നിയന്ത്രണത്തിലുള്ള സംഘങ്ങളില്‍ പാല്‍ നല്‍കുന്ന ക്ഷീരകര്‍ഷകര്‍ക്ക് ഈ പദ്ധതിയില്‍ അംഗങ്ങളാകാം. പ്രീമിയത്തിന്‍െറ 10 ശതമാനം മുതല്‍ സംഘമാണ് അടക്കുന്നത്. ജനുവരി ഒന്നുമുതല്‍ കര്‍ഷകര്‍ സംഘത്തില്‍നിന്ന് വാങ്ങുന്ന കാലിത്തീറ്റയുടെ ലാഭവിഹിതത്തിന്‍െറ പകുതിയും ഇന്‍ഷുറന്‍സ് പ്രീമിയത്തിലേക്ക് ചേര്‍ക്കും. ഇതിലൂടെ മുഴുവന്‍ കാലിത്തീറ്റയും സംഘത്തില്‍നിന്ന് വാങ്ങുന്ന കര്‍ഷകന് തുടര്‍വര്‍ഷങ്ങളില്‍ പ്രീമിയം തുക അടക്കേണ്ടി വരുന്നില്ല. കറവമാടിനെ ഇന്‍ഷുര്‍ ചെയ്യുന്നതിന് ഒരു രജിസ്ട്രേഡ് വെറ്ററിനറി സര്‍ജന്‍െറ സര്‍ട്ടിഫിക്കറ്റ് മാത്രം മതിയാകും. ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന 15 മുതല്‍ 75 വയസ്സുവരെ പ്രായമുള്ള എല്ലാ കര്‍ഷകര്‍ക്കും ക്ഷീരജ്യോതി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകാം. ഗോസുരക്ഷാ പോളിസിയില്‍ 40,000 രൂപ മുതല്‍ കുറഞ്ഞ പ്രീമിയത്തില്‍ കറവമാടുകളെ ഇന്‍ഷുര്‍ ചെയ്യാം. പശുക്കള്‍ക്ക് ചികിത്സാ ചെലവായി ഒരുവര്‍ഷം രണ്ടുതവണ 1500 രൂപ വീതം ആകെ 3000 രൂപ ലഭിക്കും. ഇന്‍ഷുര്‍ ചെയ്ത കറവമാട് ചത്തുപോകുകയാണെങ്കില്‍ നൂറുശതമാനവും പരിരക്ഷ തുകയും രോഗബാധിതമാകുകയാണെങ്കില്‍ 75 ശതമാനം തുകയും ലഭിക്കും. ആരോഗ്യ സുരക്ഷാ പോളിസി ക്ഷീരകര്‍ഷകനും കുടുംബാംഗങ്ങള്‍ക്കും പ്രായപരിധിയില്ലാതെ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭ്യമാക്കുന്ന പദ്ധതിയാണ്. 50,000 രൂപ മുതല്‍ 1.4 ലക്ഷം രൂപവരെ കുറഞ്ഞ പ്രീമിയത്തില്‍ ചികിത്സാ ചെലവുകള്‍, തുടര്‍ചികിത്സാ ചെലവുകള്‍, കിടത്തിച്ചികിത്സക്ക് ആവശ്യമായ ചെലവ് എന്നിവ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും. അപകട സുരക്ഷാ പോളിസിയില്‍ അപകടമരണം സംഭവിക്കുന്ന പോളിസി ഉടമയുടെ മക്കള്‍ക്ക് ക്ളെയിം തുക കൂടാതെ 50,000 രൂപ വരെ പഠന സ്കോളര്‍ഷിപ്പും ലഭിക്കും. അപകടങ്ങളില്‍പെട്ട് അംഗവൈകല്യങ്ങള്‍ സംഭവിക്കുന്നവര്‍ക്ക് 50 ശതമാനം പരിരക്ഷയും ലഭിക്കും. ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ കര്‍ഷകന് സ്വാഭാവിക മരണം സംഭവിച്ചാല്‍ മുഴുവന്‍ ഇന്‍ഷുറന്‍സ് തുകയും കുടുംബത്തിന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.