അമ്മയുടെ കൈകളില്‍ വീണ്ടും എയ്ജോ

തൊടുപുഴ: അഞ്ചുദിവസത്തെ ഇടവേളക്കുശേഷം മകനെ കൈകളില്‍ തിരികെ ലഭിച്ചപ്പോള്‍ ബിന്ദു പരിസരം മറന്നു. പൊന്നുമകനെ അവര്‍ മുത്തംകൊണ്ട് പൊതിഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ വളപ്പിനെ സംഘര്‍ഷഭരിതമാക്കിയ പൊലീസ് ഇടപെടലിന്‍െറ ഇരയായിരുന്നു മുരിക്കാശ്ശേരി രാജപുരം പോസ് ഓഫിസിലെ ജീവനക്കാരിയും മങ്കുവ പറമ്പില്‍ ജോസഫിന്‍െറ മകളുമായ ബിന്ദു. ഭര്‍ത്താവുമായി പിരിഞ്ഞ് കുടുംബ കോടതിയില്‍ ആറുവര്‍ഷമായി കേസ് നിലനില്‍ക്കെയായിരുന്നു നാടകീയ മുഹൂര്‍ത്തങ്ങള്‍. അവധി ദിവസങ്ങളില്‍ കുട്ടിയെ പിതാവിനോടൊപ്പം അയക്കണമെന്ന കോടതി നിര്‍ദേശ പ്രകാരം അമ്മയെ വിട്ടുപിരിയാന്‍ താല്‍പര്യമില്ലാത്ത പിഞ്ചുബാലന്‍ ഓടിയത്തെി അമ്മയെ കെട്ടിപ്പിടിച്ച് പോകാന്‍ വിസമ്മതിക്കുകയായിരുന്നു. കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ളാസ് വിദ്യാര്‍ഥിയാണ് എയ്ജോ ജോസ്. കാക്കിയണിഞ്ഞ പൊലീസ് തന്നെ അമ്മയില്‍നിന്ന് ബലമായി പിടിച്ചുമാറ്റി കൊണ്ടുപോയതിന്‍െറ ആഘാതത്തില്‍നിന്ന് ബാലന്‍ ഇതുവരെ മുക്തനായിട്ടില്ല. അമ്മയെ കണ്ടതോടെ കുഞ്ഞ് എയ്ജോ വിടാതെ കെട്ടിപ്പിടിച്ചു. സിവില്‍ സ്റ്റേഷന്‍ മുറ്റത്ത് അമ്മയുടെ കഴുത്തില്‍ കെട്ടിപ്പിടിച്ച് കിടന്ന പിഞ്ചുകുഞ്ഞിനെ കോടതി ഉത്തരവിന്‍െറ മറവില്‍ പൊലീസ് ബലമായി പിടിച്ചെടുത്ത സംഭവം വിവാദമായിരുന്നു. ഈ സംഭവം കാമറയില്‍ പകര്‍ത്തിയ ന്യൂസ് ഫോട്ടോഗ്രാഫര്‍ എം.എസ്. ജിത്തിനെ പൊലീസ് കൈയേറ്റം ചെയ്യുകയുമുണ്ടായി. പരസ്യമായി അസഭ്യവാക്കുകള്‍ ചൊരിയുകയും വിലകൂടിയ കാമറ പിടിച്ചെടുത്ത് നിലത്തെറിയുകയും ചെയ്ത സംഭവത്തിനെതിരെ പത്രപ്രവര്‍ത്തക യൂനിയന്‍ നല്‍കിയ പരാതിയില്‍ അഡീഷനല്‍ എസ്.ഐ എം.ജെ. മാത്യുവിനെതിരെ അന്വേഷണം നടക്കുകയാണ്. ബിന്ദുവിനെ വനിതാ പൊലീസ് വലിച്ചിഴച്ച് വണ്ടിയില്‍ കയറ്റിയാണ് കുട്ടിയെ ബലമായി കൊണ്ടുപോകാന്‍ പൊലീസ് അവസരമൊരുക്കിയത്. തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയ തന്നെ മണിക്കൂറുകളോളം സ്റ്റേഷനില്‍ നിര്‍ത്തി പുറത്തുചവിട്ടിയെന്ന് പറഞ്ഞ് 38 കാരിയായ ബിന്ദു ചെറുതോണി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അതിനിടയിലാണ് ശനിയാഴ്ച ബിന്ദു കുടുംബ കോടതിയിലത്തെിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.