ജില്ലയില്‍ ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക വിതരണം തുടങ്ങി

തൊടുപുഴ: പോസ്റ്റ് ഓഫിസ് സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്നതില്‍ കുടിശ്ശികയായിരുന്ന വിവിധ ക്ഷേമ പെന്‍ഷനുകളുടെ ചെക് വിതരണം ജില്ലയില്‍ തുടങ്ങി. 13,311 പേര്‍ക്കുള്ള 3.73 കോടി രൂപയുടെ പെന്‍ഷന്‍ വിതരണത്തിന്‍െറ ജില്ലാതല ഉദ്ഘാടനം തൊടുപുഴ ടൗണ്‍ഹാളില്‍ മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിച്ചു. ഗുണഭോക്താക്കള്‍ക്ക് വേഗം പെന്‍ഷന്‍ തുക എത്തിക്കാന്‍ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പെന്‍ഷന്‍ കുടിശ്ശികയുണ്ടായിരുന്ന 5477 പേര്‍ക്ക് വാര്‍ധക്യകാല പെന്‍ഷനും 1554 പേര്‍ക്ക് വികലാംഗ പെന്‍ഷനും 3268 പേര്‍ക്ക് വിധവ പെന്‍ഷനും 2910 പേര്‍ക്ക് കര്‍ഷകത്തൊഴിലാളി പെന്‍ഷനും 102 പേര്‍ക്ക് അവിവാഹിതകള്‍ക്കുള്ള പെന്‍ഷനുമാണ് വിതരണം ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്ന പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കാനാണ് പോസ്റ്റ് ഓഫിസ് സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴി ആക്കിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍, കാലതാമസം വന്നതിനെ തുടര്‍ന്നാണ് പെന്‍ഷന്‍ വേഗത്തിലത്തെിക്കാനായി വിതരണം ചെക്കുമുഖേന ആക്കിയതെന്ന് മന്ത്രി പറഞ്ഞു. കോര്‍ബാങ്കിങ്ങിലെ സാങ്കേതിക പ്രശ്നം മൂലമാണ് പോസ്റ്റ്ഓഫിസ് വഴിയുള്ള ചെക് വിതരണത്തില്‍ കുടിശ്ശിക വന്നതെന്നും ചെക് വിതരണം ആരംഭിച്ചതോടെ ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക എല്ലാവര്‍ക്കും ലഭിക്കുമെന്നും റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യ പൗലോസ് അധ്യക്ഷയായിരുന്നു. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ ഗുണഭോക്താക്കളുടെ ചെക്കുകള്‍ ചെയര്‍മാന്‍ ജോണി കുളംപള്ളിയും തൊടുപുഴ മുനിസിപ്പാലിറ്റിയിലെ ഗുണഭോക്താക്കളുടെ ചെക്കുകള്‍ ചെയര്‍പേഴ്സന്‍ സഫിയ ജബ്ബാറും മന്ത്രി പി.ജെ. ജോസഫില്‍നിന്ന് ഏറ്റുവാങ്ങി. കലക്ടര്‍ ഡോ. എ. കൗശിഗന്‍, പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടര്‍ പി.എന്‍. അബൂബക്കര്‍ സിദ്ദീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.