ആനുകൂല്യങ്ങള്‍ നല്‍കാതെ ഭൂമിയേറ്റെടുക്കല്‍: കെ.എസ്.ഇ.ബി തന്ത്രം വിജയത്തിലേക്ക്

മാങ്കുളം: യു.പി.എ സര്‍ക്കാറിന്‍െറ കൊട്ടിഘോഷിക്കപ്പെട്ട 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ ആനുകൂല്യങ്ങള്‍ ഒന്നുംനല്‍കാതെ ഭൂമിയേറ്റെടുക്കാനുള്ള കെ.എസ്.ഇ.ബിയുടെ തന്ത്രം വിജയത്തോടടുക്കുന്നു. മാങ്കുളം പഞ്ചായത്തിലെ നിര്‍ദിഷ്ട 40 മെഗാവാട്ട് വൈദ്യുതി പദ്ധതിക്കായി 250ഓളം പേരുടെ ഭൂമിയേറ്റെടുക്കാനുള്ള നടപടിക്ക് 2011ലാണ് തുടക്കംകുറിച്ചത്. നാമമാത്ര വില നല്‍കി ആനുകൂല്യം ഒന്നും നല്‍കാതെ ഭൂമിവാങ്ങാനുള്ള ശ്രമത്തെ സംഘടിത പ്രക്ഷോഭത്തിലൂടെ തടഞ്ഞ കര്‍ഷകര്‍ യു.പി.എ സര്‍ക്കാര്‍ പാസാക്കിയ ഭൂമിയേറ്റെടുക്കല്‍ നിയമം 2013ല്‍ പ്രതീക്ഷയര്‍പ്പിക്കുകയായിരുന്നു. എന്നാല്‍, പര്‍ച്ചേസ് കമ്മിറ്റി എന്ന പേരില്‍ കര്‍ഷകരെ കലക്ടറേറ്റില്‍ വിളിച്ചുവരുത്തി ഏകപക്ഷീയമായി വില നിശ്ചയിച്ച് ഭൂമി വിട്ടൊഴിയാന്‍ നിര്‍ബന്ധിക്കുന്ന ബോര്‍ഡിന്‍െറയും ജില്ലാ ഭരണകൂടത്തിന്‍െറയും തന്ത്രത്തില്‍ ഭൂരിപക്ഷവും വീണു. ഗുണഭോക്താക്കളില്‍ 75 ശതമാനവും വില്‍പന കരാര്‍ അംഗീകരിച്ചുകഴിഞ്ഞു. 2013ലെ നിയമത്തിലെ 108ാം വകുപ്പില്‍ അനുശാസിക്കുന്നതിനേക്കാളധികം ആനുകൂല്യം നല്‍കും വിധത്തില്‍ നിയമം നിര്‍മിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കിയിരുന്നു. നിയമത്തിലെ ഈ വ്യവസ്ഥ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ 23.09.2015ല്‍ ഇറക്കിയ 485/2015 റവന്യൂ വകുപ്പ് ഉത്തരവ് ആനുകൂല്യങ്ങളെല്ലാം ഒറ്റത്തവണയായി നല്‍കി ഭൂമിയേറ്റെടുക്കുന്നതിന് കലക്ടര്‍ ചെയര്‍മാനായി ജില്ലാതല നഷ്ടപരിഹാര പുനരധിവാസ പുന$സ്ഥാപന കമ്മിറ്റി രൂപവത്കരിച്ചിരുന്നു. എന്നാല്‍, ഈ കമ്മിറ്റിയെയും അപ്രസക്തമാക്കിയാണ് കഴിഞ്ഞമാസം 28ന് ഭൂമി വിലക്കുവാങ്ങാന്‍ കലക്ടറേറ്റില്‍ യോഗം വിളിച്ചത്. നഷ്ടപരിഹാരവും പുന$സ്ഥാപനവും തൊഴില്‍ നല്‍കലും മൂലമുണ്ടാകുന്ന ബാധ്യതയില്‍നിന്ന് കെ.എസ്.ഇ.ബിയെ ഒഴിവാക്കാന്‍ ഇതുമൂലം സര്‍ക്കാറിന് കഴിഞ്ഞു. 80 ശതമാനം ആള്‍ക്കാരുടെ ഭൂമി ഏറ്റെടുത്താല്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാം എന്ന കണക്കുകൂട്ടലിലാണ് ബോര്‍ഡ്. നിര്‍മാണ പ്രവര്‍ത്തനം സൃഷ്ടിക്കുന്ന ആഘാതം താങ്ങാനാവാതെ അവശേഷിക്കുന്ന കര്‍ഷകര്‍ ഭൂമിവിട്ടൊഴിയാന്‍ നിര്‍ബന്ധിതമാകുമെന്നും കരുതുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.