തെരുവുകള്‍ കീഴടക്കി നായകള്‍: പരിഹാരം കാണാനാകാതെ അധികൃതര്‍

അടിമാലി: തെരുവുനായകള്‍ നാടിനെ ഭീതിയിലാഴ്ത്തുമ്പോള്‍ പരിഹാരം കാണാനാകാതെ അധികൃതര്‍. രണ്ടുമാസത്തിനിടെ മലയോരത്തുമാത്രം മുപ്പതോളംപേര്‍ക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. നൂറുകണക്കിന് വളര്‍ത്തുമൃഗങ്ങള്‍ക്കും വന്യമൃഗങ്ങള്‍ക്കും തെരുവുനായ്ക്കളുടെ കടിയേല്‍ക്കേണ്ടിവന്നു. മറയൂര്‍, കാന്തലൂര്‍, മൂന്നാര്‍, ശാന്തന്‍പാറ, അടിമാലി പഞ്ചായത്തുകളിലാണ് തെരുവുനായ പ്രശ്നം രൂക്ഷം. മലയോരത്തെ മിക്ക ടൗണുകളും തെരുവുനായ ഭീതിയിലാണ്. ഇതിനെതിരെ നടപടിയുമായി ദേവികുളം ആര്‍.ഡി.ഒ രംഗത്തുവന്നെങ്കിലും ആര്‍.ഡി.ഒയുടെ ഉത്തരവ് ഉദ്യോഗസ്ഥര്‍ മുഖവിലക്കുപോലും എടുത്തില്ല. നടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നാണ് ദേവികുളം ആര്‍.ഡി.ഒ ഉത്തരവിട്ടത്. തെരുവുനായകളെ നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ മുതിരുന്നില്ളെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ നടപടി സെക്ഷന്‍ 133 (എഫ്) പ്രകാരമാണ് നടപടി. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പൊലീസ് ഇന്‍സ്പെക്ടര്‍മാര്‍, ദേവികുളം, ഉടുമ്പന്‍ചോല തഹസില്‍ദാര്‍മാര്‍ എന്നിവര്‍ക്കാണ് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് കൂടിയായ ദേവികുളം ആര്‍.ഡി.ഒ ഉത്തരവ് നല്‍കിയത്. അക്രമകാരികളായ നായകളെ കൊല്ലുന്നതോടൊപ്പം, അലഞ്ഞുതിരിയുന്ന വളര്‍ത്തുനായകളില്‍ ഉടമസ്ഥര്‍ മുഖേന ജനന നിയന്ത്രണം നടപ്പാക്കുക, തെരുവുനായകളില്‍ മൃഗസംരക്ഷണ സമിതികളുടെയോ പൊതുപ്രവര്‍ത്തകരുടെ സഹായത്തോടെയോ ഗ്രാമപഞ്ചായത്ത് കാര്യാലയങ്ങളുടെ മേല്‍നോട്ടത്തില്‍ ജനന നിയന്ത്രണ സംവിധാനം നടപ്പാക്കുക എന്നിവയാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍, കീഴുദ്യോഗസ്ഥരെല്ലാം ആര്‍.ഡി.ഒയുടെ ഉത്തരവ് കണ്ടില്ളെന്ന് നടിക്കുക മാത്രമല്ല ആഴ്ചതോറും വിവരം ആര്‍.ഡി.ഒ കോടതിയില്‍ അറിയിക്കണമെന്ന ഉത്തരവ് പാലിക്കുകപോലും ചെയ്തില്ല. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ ഉദ്യോഗസ്ഥര്‍ക്കാണ് ഉത്തരവ് നല്‍കിയത്. ഈ താലൂക്കുകളില്‍ തെരുവുനായകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. ജില്ലയുടെ മറ്റ് മേഖലയിലും തെരുവുനായകള്‍ ഭീഷണിയായി മാറിയതോടെ ജില്ലാ ഭരണകൂടം തെരുവുനായകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.