കാര്‍ഷികമേഖലക്ക് കൈത്താങ്ങായി ഹരിതസേന

തൊടുപുഴ: കാടുതെളിക്കല്‍, കൃഷിയിടം ഒരുക്കല്‍, നിലം ഉഴുക, നെല്ല് കൊയ്യുക, മരുന്നുതളിക്കുക, തേങ്ങയിടുക തുടങ്ങി കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഇനി മുതല്‍ പരിഹാരമാവുകയാണ്. കാര്‍ഷികമേഖലയിലെ തൊഴിലാളിക്ഷാമം പരിഹരിക്കാനും കാര്‍ഷികമേഖലയുടെ വളര്‍ച്ചയും ലക്ഷ്യമിട്ട് ഇടുക്കി ബ്ളോക് പഞ്ചായത്തില്‍ ആരംഭിച്ച ഹരിതസേനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. കുറഞ്ഞ ചെലവില്‍ കാര്‍ഷികസേവനങ്ങള്‍ നല്‍കുന്നതോടൊപ്പം യന്ത്രോപകരണങ്ങള്‍ ഉപയോഗിച്ചുള്ള ആധുനിക കൃഷിരീതികള്‍ കര്‍ഷകരെ പരിചയപ്പെടുത്താനും പരിശീലിപ്പിക്കാനും പുതിയ കാര്‍ഷിക സംസ്കാരം വളര്‍ത്താനും കാര്‍ഷികമേഖലയുടെ വളര്‍ച്ചയും സേവനകേന്ദ്രം ലക്ഷ്യമിടുന്നു. കൃഷിയോട് ആഭിമുഖ്യമുള്ള തെരഞ്ഞെടുക്കപ്പെട്ട 18 അംഗങ്ങളാണ് ഇപ്പോള്‍ ഹരിതസേനയില്‍ ഉള്ളത്. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയുടെ 50ദിന പരിശീലനം നേടിയവരാണ് ഇവര്‍. മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ 20 ശതമാനത്തിലധികം കാര്‍ഷികവളര്‍ച്ച നേടാന്‍ സാധിച്ചതായി ഹരിതസേനയിലെ പ്രവര്‍ത്തകര്‍ പറയുന്നു. 2000ത്തിലധികം കൃഷിസ്ഥലത്ത് സേവനമത്തെിക്കാനും ഹരിതസേനക്ക് സാധിച്ചിട്ടുണ്ട്. ഹരിതസേനയുടെ നേതൃത്വത്തില്‍ ഇടുക്കി ബ്ളോക്കിലെ 90 വനിതകള്‍ക്ക് തെങ്ങുകയറ്റ പരിശീലനം നല്‍കുകയും ചെയ്തു. ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് വിവിധ വിത്തുകള്‍, തൈകള്‍ തുടങ്ങിയവയുടെ വിതരണം, മഴമറ, പോളിഹൗസ്, ഗ്രീന്‍ഹൗസ്, കമ്പോസ്റ്റ് എന്നിവയുടെ നിര്‍മാണം, ആധുനിക കൃഷിരീതികളും യന്ത്രങ്ങളും പരിചയപ്പെടുത്തുന്ന സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവ സംഘടിപ്പിക്കുക, കൂണ്‍കൃഷി പരിശീലനം, തേനീച്ചവളര്‍ത്തല്‍ പരിശീലനം, വിള ഇന്‍ഷുറന്‍സ് പദ്ധതി എന്നിങ്ങനെ വിവിധ പരിപാടികള്‍ ഈ സേവനകേന്ദ്രത്തിന്‍െറ ആഭിമുഖ്യത്തില്‍ നടപ്പാക്കിവരുന്നു. കാടുതെളിക്കല്‍, കൃഷിയിടം ഒരുക്കല്‍, നിലം ഉഴുക, നെല്ല് കൊയ്യുക, മരുന്നുതളിക്കുക, തേങ്ങയിടുക, തെങ്ങ് ഒരുക്കുക തുടങ്ങിയ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാം യന്ത്രങ്ങളും തൊഴിലാളികളെയും ഒരുപോലെ ഹരിതസേന ലഭ്യമാക്കുന്നു. ട്രാക്ടര്‍, തെങ്ങുകയറ്റ യന്ത്രം, കളവെട്ടുയന്ത്രം, പവര്‍ സ്പ്രേയര്‍, ടീ ഹാര്‍വെസ്റ്റര്‍, പോര്‍ട്ടബ്ള്‍ ഡ്രയര്‍, കോഫി ഹാര്‍വെസ്റ്റര്‍, ഗാര്‍ഡന്‍ ടില്ലര്‍, പോര്‍ട്ടബ്ള്‍ പമ്പുസെറ്റ്, പന കയറ്റയന്ത്രം, സ്ളറി പമ്പ് തുടങ്ങിയ വിവിധ ആധുനിക കാര്‍ഷികയന്ത്രങ്ങള്‍ സേവനകേന്ദ്രത്തിന് സ്വന്തമായുണ്ട്. 250ല്‍ അധികം കാര്‍ഷിക പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും കാര്‍ഷികസേവന കേന്ദ്രത്തിന്‍െറ ഭാഗമായി പ്രവര്‍ത്തിക്കുന്നു. പ്രശ്നങ്ങള്‍ നേരിടുന്ന കര്‍ഷകര്‍ക്ക് കൗണ്‍സലിങ്ങും സഹായങ്ങളും ലഭ്യമാക്കുന്നതിന് സാന്ത്വനം എന്ന പേരില്‍ കൗണ്‍സലിങ് സെന്‍ററും ഇതിന്‍െറ ഭാഗമായി ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.