കുടിവെള്ള പദ്ധതികള്‍ നോക്കുകുത്തികള്‍

രാജാക്കാട്: വേനല്‍ക്കാലം ആരംഭിച്ചതോടെ ഹൈറേഞ്ചിലെ മലയോര ഗ്രാമങ്ങള്‍ കടുത്ത കുടിവെള്ള ക്ഷാമത്തിന്‍െറ പിടിയിലമരുന്നു. സമുദ്ര നിരപ്പില്‍നിന്ന് ആയിരത്തി അഞ്ഞൂറിലേറെ മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശാന്തന്‍പാറ, രാജകുമാരി, സേനാപതി, രാജാക്കാട് പഞ്ചായത്തുകളാണ് കുടിനീര്‍ ക്ഷാമത്തിലമര്‍ന്നത്. വാട്ടര്‍ അതോറിറ്റിയും ത്രിതല പഞ്ചായത്തുകളും സ്ഥാപിച്ച കുടിവെള്ള പദ്ധതികള്‍ നിരവധി ഈ പ്രദേശങ്ങളിലുണ്ടെങ്കിലും നിര്‍മാണത്തിലെ അശാസ്ത്രീയതയും നടത്തിപ്പിലെ കെടുകാര്യസ്ഥതയും മൂലം മിക്കവയും ജനത്തിനു പ്രയോജനപ്പെടുന്നില്ല. പേത്തൊട്ടിപ്പുഴ, പന്നിയാര്‍പുഴ, ചേരിയാര്‍പുഴ, പുത്തടിപ്പുഴ എന്നി നാലു പുഴകളും മതികെട്ടാന്‍ കുടിവെള്ള പദ്ധതി ഉള്‍പ്പെടെ പത്തോളം ഇടത്തരം ജലവിതരണ പദ്ധതികളും, 250ഓളം ജല വിതരണ ടാപ്പുകളുമുള്ള ശാന്തന്‍പാറ പഞ്ചായത്തിലെ ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങളായ തൊട്ടിക്കാനം, ചേരിയാര്‍, പുത്തടി, ശങ്കപ്പന്‍പാറ പ്രദേശങ്ങളില്‍ മഴക്കാലം അവസാനിച്ചതോടെ ജല ക്ഷാമവും ആരംഭിച്ചു. തൊട്ടിക്കാനം പ്രദേശത്ത് പഞ്ചായത്തുവക കുടിവെള്ള പദ്ധതിയുണ്ടെങ്കിലും കാര്യക്ഷമമല്ല. തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരും തിങ്ങിപ്പാര്‍ക്കുന്ന ഇവിടങ്ങളില്‍ പണികള്‍ കഴിഞ്ഞു വന്നതിനുശേഷം ഏറെ ദൂരം നടന്ന് തലച്ചുമടായാണ് ആളുകള്‍ വീടുകളില്‍ കുടിനീര്‍ എത്തിക്കുന്നത്. മൂന്നു പഞ്ചായത്തുകളില്‍ കുടിനീര്‍ എത്തിക്കുന്നതിനായി കേരള വാട്ടര്‍ അതോറിറ്റി സ്ഥാപിച്ച ഇടത്തരം കുടിവെള്ള പദ്ധതിയുടെ പമ്പിങ് സ്റ്റേഷനും മുഖ്യ സംഭരണ ടാങ്കും സ്ഥിതിചെയ്യുന്ന രാജകുമാരിയിലാണ് ജല ക്ഷാമം ഏറെ രൂക്ഷമായി അനുഭവപ്പെടുന്നത്. രാജകുമാരി നോര്‍ത് കോളനി, പരിസരപ്രദേശങ്ങള്‍, കുളപ്പാറച്ചാല്‍, പന്നിയാര്‍ എന്നിവിടങ്ങളിലെ ജനം വെള്ളത്തിനായി ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. കുരുവിളസിറ്റി, മുരിക്കുംതൊട്ടി, രാജകുമാരി, എന്‍.ആര്‍.സിറ്റി എന്നിവിടങ്ങളില്‍ ടാങ്കുകള്‍ നിര്‍മിച്ച് 22 കി.മീ. നീളത്തില്‍ പ്രധാന പൈപ്പ് ലൈനുകളും സ്ഥാപിച്ചു. എന്നാല്‍, വേണ്ടത്ര ഗുണനിലവാരമില്ലാത്തതുമൂലം പമ്പിങ് ആരംഭിച്ച നാള്‍ മുതല്‍ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങി. രാജാകുമാരിയിലെ ടാങ്കില്‍നിന്ന് ഒഴുകിയത്തെുന്ന വെള്ളം എന്‍.ആര്‍.സിറ്റിക്കു സമീപം പരപ്പനങ്ങാടിയില്‍ നിര്‍മിച്ചിട്ടുള്ള ടാങ്കില്‍ സംഭരിച്ച് രാജാക്കാട് പഞ്ചായത്തില്‍ വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഇരു ടാങ്കുകളുടെയും ഉയരം നിര്‍ണയിക്കുന്നതില്‍ എന്‍ജിനീയറിങ് വിഭാഗത്തിനുവന്ന പിശകുമൂലം എന്‍.ആര്‍.സിറ്റി ടാങ്കില്‍ ജലം സംഭരിക്കാന്‍ സാധിച്ചില്ളെന്നു മാത്രമല്ല, പമ്പിങ് സമയത്ത് നടുമറ്റം, ഇടമറ്റം, ഞെരിപ്പാലം, എന്‍.ആര്‍.സിറ്റി എന്നിവിടങ്ങളില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതും പതിവായി. വിതരണ ലൈനുകളിലും ചോര്‍ച്ചയുണ്ടായിരുന്നു. മണിതൂക്കാംമേട്, സ്വര്‍ഗംമേട് തുടങ്ങി മൂവായിരത്തിലധികം അടി ഉയരമുള്ള കുന്നുകളുള്ള സേനാപതി പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളെല്ലാം ജലക്ഷാമത്തിലാണ്. 50 ഓളം മിനി മൈക്രോ കുടിവെള്ള പദ്ധതികളും 40ല്‍ പരം കുഴല്‍ കിണറുകളുമുണ്ടെങ്കിലും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രയോജനപ്പെടുന്നില്ല. അമ്പതോളം മിനി മൈക്രോ പദ്ധതികളുണ്ടെങ്കിലും രാജാക്കാട് പഞ്ചായത്തിലെ കള്ളിമാലി ഏരിയ ഭാഗം, പന്നിയാര്‍ നിരപ്പ്, മമ്മട്ടിക്കാനം, കുരങ്ങുപാറ, പന്നിയാര്‍കുട്ടി പ്രദേശങ്ങള്‍ കുടിവെള്ള ക്ഷാമത്തിന്‍െറ പിടിയിലാണ്. വേനല്‍ കനക്കുന്നതോടെ ജലക്ഷാമം രൂക്ഷമാകുന്നതിനാല്‍ വീട്ടാവശ്യങ്ങള്‍ക്കുള്ള വെള്ളം ശേഖരിക്കുന്നതുപോലും ഏറെ ദൂരെനിന്നാണ്. പഞ്ചായത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ ലക്ഷങ്ങള്‍ ചെലവിട്ട് കുഴല്‍ കിണറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും 90 ശതമാനവും പ്രവര്‍ത്തിക്കുന്നില്ല. നവീകരണത്തിന്‍െറ ഭാഗമായി കൈ പമ്പുകള്‍ മാറ്റി മിക്ക കിണറുകളിലും വൈദ്യുതി പമ്പ് സ്ഥാപിച്ചെങ്കിലും ആവശ്യമായ അളവില്‍ ഭൂഗര്‍ഭ ജലം ഇല്ലാത്തതിനാല്‍ പമ്പിങ് നടക്കാത്ത അവസ്ഥയുമുണ്ട്. രാജാക്കാട് ടൗണില്‍ സ്കൂളിന് സമീപവും ബസ്സ്റ്റാന്‍ഡിന് സമീപവും പൊതുകിണറുകളുണ്ടെങ്കിലും ഭക്ഷ്യാവശിഷ്ടങ്ങളും ചപ്പുചവറുകളും വീണു ഉപയോഗശൂന്യമായി മാറിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.