സംസ്ഥാന അതിര്‍ത്തിയില്‍ അരക്കോടിയുടെ പുതിയ പാലം വരുന്നു

കുമളി: കേരള-തമിഴ്നാട് സംസ്ഥാന അതിര്‍ത്തിയില്‍ അരക്കോടിയിലേറെ ചെലവില്‍ തമിഴ്നാട് ദേശീയപാത അധികൃതര്‍ പുതിയ പാലം നിര്‍മിക്കും. അതിര്‍ത്തി ജില്ലയായ തേനിയിലെ ലോവര്‍ ക്യാമ്പിന് സമീപമാണ് 55 ലക്ഷം രൂപ ചെലവില്‍ പാലം നിര്‍മിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് ഇരച്ചില്‍ പാലം വഴി വന്‍തോതില്‍ ജലം തുറന്നുവിട്ടതോടെ പാലത്തിന് മുമ്പ് കാര്യമായ തകരാറുണ്ടായിരുന്നു. ഇത് ലക്ഷങ്ങള്‍ ചെലവഴിച്ചാണ് പരിഹരിച്ചത്. കൊട്ടാരക്കര-ദിണ്ഡുഗല്‍ ദേശീയ പാതയായ എന്‍.എച്ച് 183ല്‍പ്പെട്ട ലോവര്‍ ക്യാമ്പിലെ പാലം 1873ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണ്. 2013മേയില്‍ ഉണ്ടായ ശക്തമായ മഴയിലും വെള്ളപ്പാച്ചിലിലും പാലത്തിന്‍െറ ഒരുഭാഗം പൂര്‍ണമായി തകര്‍ന്നു. തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്കുള്ള പ്രധാന പാതയിലെ പാലം മൂന്നുവര്‍ഷത്തോളമായി അറ്റകുറ്റപ്പണി നടത്താതിരുന്നതിന് പിന്നില്‍ റോഡ് നിര്‍മാണം നടത്തിയ ‘ട്രാന്‍സാനിയ’ കരാര്‍ കമ്പനിയുമായുള്ള തര്‍ക്കമായിരുന്നു. പാലം നിര്‍മിക്കുന്ന ഘട്ടത്തില്‍ താല്‍ക്കാലിക വഴി തയാറാക്കുന്നത് സംബന്ധിച്ച് ദേശീയപാത ഉദ്യോഗസ്ഥരും വനപാലകരും തമ്മില്‍ ധാരണയിലത്തെി. ഇതനുസരിച്ച് വനമേഖലയിലൂടെ 10 അടി വീതിയില്‍ താല്‍ക്കാലിക പാത നിര്‍മിച്ച് വാഹനങ്ങള്‍ തിരിച്ചുവിടും. ദേശീയപാത ഉപദേശക ബോര്‍ഡ് എന്‍ജിനീയര്‍ സുബദ് ചന്ത്, ബ്രിഡ്ജ് വിഭാഗം എന്‍ജിനീയര്‍ യുവനീഷ്, ഗൂഡല്ലൂര്‍ റേഞ്ച് ഓഫിസര്‍ മുരുകേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥല പരിശോധന നടത്തി. മൂന്നുമാസത്തിനകം പാലം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.