വന്യമൃഗങ്ങള്‍ കൃഷിയിടത്തില്‍ കുടിയൊഴിയാനൊരുങ്ങി ആദിവാസികളും കര്‍ഷകരും

മാങ്കുളം: വന്യമൃഗശല്യം ജീവിതം വഴിമുട്ടിക്കുന്നതിന്‍െറ ആശങ്കയിലാണ് മാങ്കുളത്തെ കര്‍ഷകരും ആദിവാസികളും. പഞ്ചായത്തിന്‍െറ നാലതിരുകളില്‍നിന്നും വന്യമൃഗങ്ങള്‍ കൃഷിയിടത്തിലിറിങ്ങി വിളകള്‍ നശിപ്പിക്കുയാണ്. പാമ്പുംകയം, താളുംകണ്ടം, മൂത്താശാരി, വിരിഞ്ഞപാറ, പെരുമ്പന്‍കുത്ത്, ആനക്കുളം, അന്‍പതാംമൈല്‍ പ്രദേശങ്ങളിലും കാട്ടാനകള്‍ കഴിഞ്ഞദിവസം കൃഷി നശിപ്പിച്ചിരുന്നു. കാട്ടാനശല്യം മൂലം അന്യംനിന്ന പാമ്പുംകയം കോഴിയിള ആദിവാസി കോളനിയില്‍ വനം വകുപ്പ് സോളാര്‍ വേലിയും ട്രഞ്ചും സ്ഥാപിച്ചെങ്കിലും വന്യമൃഗങ്ങള്‍ കൃഷിയിടത്തിലത്തെുന്നത് പതിവാണ്. ഇക്കഴിഞ്ഞ ദിവസം മാങ്കുളം പഞ്ചായത്തിനോട് ചേര്‍ന്ന് മൂത്താശാരിക്കുടിയിലെ മാണിക്യം പിള്ളയുടെ മകന്‍ ബേബിയെ കാപ്പിക്കുരു പറിക്കുന്നതിനിടെ കാട്ടാന ആക്രമിച്ച് പരിക്കേല്‍പിച്ചിരുന്നു. ആനക്കുളത്ത് എസ്.ഡി കോണ്‍വെന്‍റിന്‍െറ പുരയിടത്തിലിറങ്ങിയ കാട്ടാന കപ്പകൃഷി പൂര്‍ണമായും നശിപ്പിച്ചു. പഞ്ചായത്തിലെ മുനിപാറ 96, വിരിഞ്ഞപാറ പ്രദേശങ്ങളില്‍ കുരങ്ങുകളെ പേടിച്ച് കര്‍ഷകര്‍ കായ്ഫലമുണ്ടാകുന്ന കൃഷികള്‍ ഏതാണ്ട് പൂര്‍ണമായും ഉപേക്ഷിച്ചു.താളുംകണ്ടം, വേലിയാംപാറ, വിരിഞ്ഞപാറ പ്രദേശങ്ങളില്‍ കാട്ടുപന്നിയാണ് ശല്യംവിതയക്കുന്നത്. കഴിഞ്ഞദിവസം ആനക്കുളം ഓരില്‍ നൂറിലധികം ആനകള്‍ കൂട്ടമായി ഇറങ്ങിയത് പരിസരവാസികളില്‍ ഭീതിയുണര്‍ത്തിയിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതികള്‍പോലും വനം വകുപ്പ് ജീവനക്കാരുടെ താല്‍പര്യക്കുറവുമൂലം നഷ്ടപ്പെടുന്നതായി കര്‍ഷകര്‍ ആരോപിക്കുന്നു. കൃഷിയിടത്തിനും ജീവനും സുരക്ഷിതത്വമില്ലാത്ത അവസ്ഥ കൃഷി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതിനൊപ്പം കൃഷിസ്ഥലം വിട്ടൊഴിയാനും നിര്‍ബന്ധിക്കപ്പെടുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.