കുടിവെള്ളത്തിനായി നെട്ടോട്ടം

അടിമാലി: ഗ്രാമീണ മേഖലകളിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ ജലക്ഷാമത്തിന്‍െറ പിടിയിലമരുന്നു. പലയിടത്തും ജലസ്രോതസ്സുകള്‍ വറ്റിത്തുടങ്ങി. മുന്‍ വര്‍ഷങ്ങളില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ജലനിരപ്പ് താഴ്ന്നത്. എന്നാല്‍, ഇത്തവണ മഴയുടെ തോത് കുറഞ്ഞതോടെ നേരത്തേ ജലദൗര്‍ലഭ്യം അനുഭവപ്പെടുകയാണ്. പലരും കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ദൂരെനിന്ന് വെള്ളം കൊണ്ടുവരുകയാണ്. വയലിനോടുചേര്‍ന്ന ഭാഗങ്ങളില്‍ പോലും ജലനിരപ്പ് താഴ്ന്ന അവസ്ഥയാണ്. ജില്ലയിലെ പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള അടിമാലി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കുടിവെള്ളമില്ലാതെ ദുരിതത്തിലാണ്. ചില്ലിത്തോട് ഹരിജന്‍ കോളനി, അടിമാലി ടൗണിനോടുചേര്‍ന്ന മുനിത്തണ്ട്, പത്താം മൈലിലെ 20 സെന്‍റ് കോളനി, കുറത്തികുടി, മുടിപ്പാറച്ചാല്‍, കൂമ്പന്‍പാറ, വെള്ളത്തൂവല്‍ പഞ്ചായത്തിലെ ഓടക്കാസിറ്റി, വിമലാസിറ്റി, കല്ലാര്‍കുട്ടി, കൊന്നത്തടി പഞ്ചായത്തിലെ മുള്ളരിക്കുടി, അഞ്ചാം മൈല്‍, പാറത്തോട്, പള്ളിവാസല്‍ പഞ്ചായത്തിലെ ആറ്റുകാട്, ചിത്തിരപുരം, കല്ലാര്‍, മാങ്കുളം പഞ്ചായത്തിലെ വിരിപാറ, മുനിപാറ, ആനക്കുളം തുടങ്ങി മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ജനം കുടിവെള്ളത്തിനായി നെട്ടോട്ടമാണ്. ജലനിധി പദ്ധതി നടപ്പാക്കിവരുന്ന അടിമാലി പഞ്ചായത്തില്‍ ദേവിയാര്‍ കോളനി പദ്ധതി 96 ശതമാനവും നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഉപഭോക്താക്കളില്‍നിന്ന് കൂടുതല്‍ പദ്ധതി വിഹിതം ആവശ്യപ്പെട്ടിരിക്കുന്ന ജലനിധി അധികൃതര്‍ ഉദ്ഘാടനം മന$പൂര്‍വം നീട്ടുകയാണ്. അടിമാലിയില്‍ ഏഴ് വാര്‍ഡുകളില്‍ കുടിവെള്ളപ്രശ്നം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ പഞ്ചായത്തിലെ ഏറ്റവും വലിയ കുടിവെള്ളപദ്ധതിയും ശൈശവദശയിലാണ്. മേഖലയില്‍ ഹോട്ടലുകളില്‍ ഭൂരിഭാഗവും ഇപ്പോഴും മലിനജലമാണ് ഉപയോഗിക്കുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. വേനല്‍ രൂക്ഷമാകുന്നതോടെ ജലക്ഷാമം കടുക്കുമെന്നാണ് വിലയിരുത്തല്‍. പുഴകളില്‍നിന്ന് ശുദ്ധജല പദ്ധതിപ്രകാരം നടത്തുന്ന ജലവിതരണം മാത്രമാണ് പലര്‍ക്കും ആശ്രയം. വേനല്‍ രൂക്ഷമാകുന്നതോടെ പുഴകളിലെ നീരൊഴുക്ക് കുറയുകയും പമ്പിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതോടെ ഇതും നിലക്കും. പലയിടത്തും ശുദ്ധജല പദ്ധതികള്‍ ആരംഭിച്ചെങ്കിലും ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.