തീപിടിച്ച് വീട്ടിലെ മുറിയും ഗൃഹോപകരണങ്ങളും നശിച്ചു

തൊടുപുഴ: വീടിന് തീപിടിച്ച് മുറിയും ഗൃഹോപകരണങ്ങളും പൂര്‍ണമായി കത്തിനശിച്ചു. ചാലാശേരിയില്‍ പള്ളിക്കുന്നേല്‍ ടോം ജോസഫിന്‍െറ വീടിനാണ് തീപിടിച്ചത്. തീപിടിത്തത്തില്‍ ഫ്രിഡ്ജും വാഷിങ് മെഷീനും ഉള്‍പ്പെടെ ഒരുമുറിയിലെ മുഴുവന്‍ മുഴുവന്‍ സാധനങ്ങളും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച പുലര്‍ച്ചെ ഒന്നേകാലിനാണ് സംഭവം. ഈസമയത്ത് ടോം ജോസഫും ഭാര്യ അല്‍ഫോന്‍സയും രണ്ടുമക്കളും ടോം ജോസഫിന്‍െറ മാതാപിതാക്കളും ഉറക്കത്തിലായിരുന്നു. ചൂട് അനുഭവപ്പെട്ടപ്പോള്‍ എഴുന്നേറ്റതോടെയാണ് തീപിടിച്ച കാര്യം മനസ്സിലായത്. അപ്പോഴേക്കും മുറിയില്‍ പൂര്‍ണമായും തീപടര്‍ന്നു. തുടര്‍ന്ന് തൊടുപുഴ ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചു. വീട്ടുകാരോടൊപ്പം ഓടിക്കൂടിയ നാട്ടുകാരും തീ അണക്കാന്‍ ശ്രമിച്ചെങ്കിലും കിടപ്പുമുറി ഉള്‍പ്പെടെയുള്ള രണ്ടു മുറികളില്‍കൂടി തീ പടര്‍ന്നു. ഇതിനിടെ മഴപെയ്തതോടെ തീ നിയന്ത്രണവിധേയമാകുകയായിരുന്നു. തീപിടിത്തത്തില്‍ മുറിയിലുണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും കത്തിനശിച്ചു. കട്ടില്‍, ദിവാന്‍കോട്ട്, തൈയ്യല്‍ മെഷീന്‍, മേശ, ഫാന്‍, മിക്സി, വസ്ത്രങ്ങള്‍ തുടങ്ങിയവയും കത്തിനശിച്ചു. കരിമണ്ണൂര്‍ പൊലീസ് മേല്‍ നടപടി സ്വീകരിച്ചു. ഏകദേശം മൂന്നുലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. ‘മാധ്യമം’ പത്രത്തിന്‍െറ ഏജന്‍റാണ് ടോം ജോസഫ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.