ഹൈറേഞ്ചിലെ തൊഴിലാളികള്‍ പട്ടിണിയിലേക്ക്

കട്ടപ്പന: കഴിഞ്ഞ വര്‍ഷമുണ്ടായ കാലാവസ്ഥാ വ്യതിയാനവും കനത്തവേനലും നിമിത്തം ഹൈറേഞ്ചിലെ ഏലംകൃഷിക്ക് കനത്തനാശം. ഇതോടെ ഏലത്തോട്ടങ്ങളില്‍ പണിയെടുത്ത തൊഴിലാളികള്‍ക്ക് ജോലിയില്ലാതായി. സ്ഥിരം തൊഴിലാളികള്‍ക്ക് മാത്രമാണ് പണിയുള്ളത്. എല്ലാ ദിവസവും രാവിലെ തൊഴിലാളികളെ കൊണ്ടുപോകാന്‍ നൂറുകണക്കിന് ജീപ്പുകളാണ് ഹൈറേഞ്ചിന്‍െറ വിവിധ ഭാഗങ്ങളിലെ കോളനികളും ആദിവാസിക്കുടികളും ലക്ഷ്യമാക്കി എത്തിയിരുന്നത്. നിലവില്‍ ജീപ്പുകള്‍ കുടികളിലേക്കും കോളനികളിലേക്കും വരുന്നില്ല. ഏലത്തോട്ടത്തില്‍ പണിക്ക് തൊഴിലാളികളെ ആവിശ്യമില്ലാതായതാണ് കാരണം. ഏലം കൃഷിക്ക് ഇത്രയും നഷ്ടമുണ്ടായ കാലം മുമ്പ് ഉണ്ടായിട്ടില്ല. ആയിരക്കണക്കിന് ഏക്കറിലെ കൃഷിയാണ് നശിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇത്രയും കൃഷി നാശമുണ്ടായിട്ടില്ളെന്ന് ഹൈറേഞ്ചിലെ ഏലം കര്‍ഷകന്‍ കോച്ചേരിയില്‍ സേവ്യര്‍ പറഞ്ഞു. ഏലത്തോട്ടങ്ങളില്‍ തൊഴിലാളികളെ വേണ്ടാതായതോടെ പലരും പട്ടിണിയിലാണ്. കോവില്‍മല ആദിവാസിക്കുടി, മുരിക്കാട്ടുകുടി, അഞ്ചുരുളി, കണ്ണംപടി, കിഴുകാനം, വാഴവര എന്നിവിടങ്ങളിലെ ആദിവാസികളില്‍ പലരും പണിചെയ്തിട്ട് ഒരുമാസത്തിലേറെയായി. കുടുംബത്തിന്‍െറ നിത്യചെലവ്, കുട്ടികളുടെ വിദ്യാഭാസം, വിവാഹം, ചികിത്സ എന്നിവക്കൊന്നിനും വഴിയില്ലാതായ മാതാപിതാക്കള്‍ പ്രതിസന്ധിയിലാണ്. റേഷനരിയും കാട്ടിലെ ചേമ്പുതാളും തിന്നാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് മുരിക്കാട്ടുകുടിയിലെ സ്ത്രീ തൊഴിലാളിയായ ജാനകി പറഞ്ഞു. ഇത് ഞങ്ങളുടെ മാത്രം കാര്യമല്ല, കുടിയിലെ ഒട്ടുമിക്കവരുടെയും സ്ഥിതി ഇതാണ്. ഓണത്തിന് ഞങ്ങള്‍ക്ക് സൗജന്യ റേഷന്‍ തരാന്‍ സര്‍ക്കാറിനോട് പറയാമോയെന്ന് മറ്റൊരു തൊഴിലാളിയായ തേവന്‍ പറഞ്ഞു. തമിഴ്നാട്ടില്‍നിന്ന് പ്രതിദിനം 1500ഓളം ജീപ്പുകളില്‍ ജില്ലയിലെ ഏലത്തോട്ടങ്ങളിലേക്ക് വന്നിരുന്ന തമിഴ് തൊഴിലാളികളുടെ എണ്ണവും നാമമാത്രമായി ചുരുങ്ങി. 15,000 തൊഴിലാളികളാണ് നേരത്തേയുണ്ടായിരുന്നെങ്കില്‍ അത് മൂവായിരമായി കുറഞ്ഞു. എണ്ണം കുറഞ്ഞത് തമിഴ് തൊഴിലാളികളെയും പട്ടിണിയിലാക്കിയിട്ടുണ്ട്. നശിച്ച ഏലം കൃഷിയുടെ സ്ഥാനത്ത് പുതിയ കൃഷി നടത്തി വിളവെടുക്കാന്‍ രണ്ടു വര്‍ഷം വേണം. അതുവരെ തങ്ങള്‍ എന്തുപണിക്ക് പോകുമെന്നാണ് തൊഴിലാളികള്‍ ചോദിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.