തൊടുപുഴ: നഗരത്തില്‍ ഫുട്പാത്ത് കൈയേറിയുള്ള കച്ചവടത്തിന് കൂച്ചുവിലങ്ങിടാന്‍ നഗരസഭ. നടപ്പാത കൈയേറിയുള്ള കച്ചവടങ്ങള്‍ ഉള്‍പ്പെടെ സെപ്റ്റംബര്‍ ഒന്നിനകം ഒഴിയണമെന്ന് നഗരസഭാ അധ്യക്ഷ സഫിയ ജബ്ബാര്‍ അറിയിച്ചു. നടപ്പാത കൈയേറിയുള്ള കച്ചവടവും വിവിധ സ്ഥാപനങ്ങളുടെ ഫ്ളക്സ് ബോര്‍ഡുകളും കടകളുടെ നെയിം ബോര്‍ഡുകളും കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. സെപ്റ്റംബര്‍ ഒന്നിന് ശേഷം അനധികൃതമായി പ്രവര്‍ത്തിക്കുന്നവ മുന്നറിയിപ്പുമില്ലാതെ നീക്കം ചെയ്യുമെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു. കഴിഞ്ഞദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സിലില്‍ നഗരത്തിലെ ഫുട്പാത്ത് കൈയേറിയുള്ള കച്ചവടം ചൂടേറിയ ചര്‍ച്ചക്ക് വഴിവെച്ചു. ഭീഷണിയും രാഷ്ട്രീയ ഇടപെടലും മൂലം ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നാണ് നഗരസഭയിലെ ഉദ്യോഗസ്ഥര്‍ കൗണ്‍സിലില്‍ നല്‍കിയ വിശദീകരണം. ഇതേതുടര്‍ന്നാണ് നടപടി ശക്തമാക്കാന്‍ തീരുമാനിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് തൊടുപുഴ നഗരസഭാ സ്റ്റാന്‍ഡിനുള്ളിലെ ഫുട്പാത്ത് കൈയേറിയുള്ള ഉന്തുവണ്ടി കച്ചവടക്കാരെ ഒഴിപ്പിച്ചത് വിവാദമായിരുന്നു. ഇവര്‍ നടപടിക്കെതിരെ കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചു. തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കിയശേഷം ഇവരെ ഒഴിപ്പിക്കാന്‍ നഗരസഭാ തീരുമാനമെടുത്തത്. ഓണമത്തെിയതോടെ ഫുട്പാത്ത് കൈയേറി കച്ചവടവും അനധികൃത പാര്‍ക്കിങ്ങും നിമിത്തം നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. നടപ്പാത കൈയേറ്റം കാല്‍നടക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതിനിടെ, ഫുട്പാത്തില്‍ ഉടനീളം വിവിധ സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഫ്ളക്സില്‍ തട്ടിവീണ് ജീവന് അപകടം സംഭവിക്കുന്ന രീതിയിലാണ് പലബോര്‍ഡുകളും സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം നഗരത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ച് ഫ്ളക്സുകള്‍ സ്ഥാപിക്കുന്നതിന് നിയന്തണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനായി പ്രത്യേക സ്ഥലങ്ങളും നിശ്ചയിച്ചു. എന്നാല്‍, അതെല്ലാം പാഴ്വാക്കായി. ഫുട്പാത്തുകളിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് സര്‍വകക്ഷി യോഗം തീരുമാനമെടുത്തെങ്കിലും ഇതും നടപ്പായില്ല. കൗണ്‍സിലില്‍ ഭരണകക്ഷി അംഗങ്ങള്‍തന്നെ വിമര്‍ശമുന്നയിച്ചതിനെ തുടര്‍ന്നാണ് കര്‍ശന നടപടിക്ക് നഗരസഭ മുന്നിട്ടിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.