തൊടുപുഴ നഗരസഭാ കൗണ്‍സില്‍ യോഗം: കൈയേറ്റം വ്യാപകം; നടപടിയില്ളെന്ന് വിമര്‍ശം

തൊടുപുഴ: വന്‍കിട കൈയേറ്റവും നടപ്പാത കൈയേറിയുള്ള കച്ചവടവും നഗരത്തില്‍ വ്യാപകമാകുമ്പോഴും നടപടിയെടുക്കാതെ നഗരസഭ. നഗരത്തിലെ വഴിയോരങ്ങളില്‍ ഉന്തുവണ്ടികളിലും മറ്റും നടത്തുന്ന അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കാന്‍ നേരത്തേ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ടൗണില്‍ പല ഭാഗത്തും നടപ്പാത കൈയേറി കച്ചവടം തകൃതിയാണ്. വ്യാഴാഴ്ച ചേര്‍ന്ന കൗണ്‍സിലില്‍ മുന്‍ ചെയര്‍മാന്‍ എ.എം. ഹാരിദാണ് വിഷയം ഉന്നയിച്ചത്. നഗരത്തില്‍ ഫ്ളക്സ് ബോര്‍ഡുകളടക്കം സ്ഥാപിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഇവയൊന്നും പാലിക്കാറില്ളെന്ന് വിമര്‍ശമുയര്‍ന്നു. നടപ്പാതകള്‍ ഉന്തുവണ്ടിക്കച്ചവടക്കാരും വ്യാപാരികളും കൈയടക്കിയെന്ന് ഹാരിദ് കുറ്റപ്പെടുത്തി. സ്വകാര്യവ്യക്തികളുടെ കടക്കുമുന്നില്‍ ഒരുവാഹനത്തിന് ആയിരം രൂപ വാടക വാങ്ങിയാണ് അനധികൃത കച്ചവടം അനുവദിക്കുന്നത്. വിഷയം നഗരസഭാ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ കച്ചവടക്കാര്‍ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ക്ക് രാഷ്ട്രീയക്കാരുടെ ഒത്താശയുണ്ടെന്നും ആരോഗ്യവിഭാഗം യോഗത്തെ അറിയിച്ചു. ഉദ്യോഗസ്ഥര്‍ ആരുടെ ഭീഷണിക്കും വഴങ്ങേണ്ടെന്നും ആവശ്യമെങ്കില്‍ പൊലീസിന്‍െറ സേവനം തേടാമെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു. ചില വ്യാപാരസ്ഥാപനങ്ങള്‍ ഓണം അടുത്തതോടെ നടപ്പാതയിലേക്ക് ഇറക്കിയാണ് വ്യാപാരം നടത്തുന്നത്. ചെരിപ്പ് കടകളടക്കം വന്‍കിട സ്ഥാപനങ്ങള്‍ നടപ്പാത കൈയേറിയാണ് വില്‍പന. പഴയ സ്റ്റാന്‍ഡില്‍ നഗരസഭയുടെ അധീനതയില്‍ കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് വേലികെട്ടി സംരക്ഷിക്കാന്‍ മുന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇത് പാലിക്കപ്പെട്ടില്ളെന്ന് വിമര്‍ശമുയര്‍ന്നു. രാത്രി കെട്ടിടത്തിന്‍െറ പിന്‍ഭാഗം സാമൂഹികവിരുദ്ധര്‍ താവളമാക്കിയിരിക്കുകയാണ്. തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്തുന്ന വിഷയം പരിഗണനക്ക് എത്തിയെങ്കിലും കാര്യമായ ചര്‍ച്ചയുണ്ടായില്ല. ഇതിനിടെ, നഗരസഭയിലെ സുപ്രധാനമായ പല കൗണ്‍സില്‍ തീരുമാനങ്ങളും നടപ്പാക്കാതെ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് തലയൂരാന്‍ ശ്രമമെന്ന് ആക്ഷേപമുയര്‍ന്നു. ഇക്കാരണത്താല്‍ നടപടിയെടുക്കുന്നതില്‍ ഉദ്യോഗസ്ഥരും പിന്നോട്ടുവലിയുകയാണ്. കാഞ്ഞിരമറ്റം റോഡില്‍ മൂപ്പില്‍കടവ് പാലത്തിനുസമീപം പി.ഡബ്ള്യു.ഡി ബസ് ബേയുടെ മുന്നില്‍ വെയ്റ്റിങ് ഷെഡ് നിര്‍മിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. സമീപത്തെ വ്യാപാരികളുടെ എതിര്‍പ്പുമൂലം നടന്നില്ല. ഇവിടെ വെയ്റ്റിങ് ഷെഡ് നിര്‍മിക്കാന്‍ എം.എല്‍.എയുടെ ഫണ്ടില്‍നിന്ന് പണം കണ്ടത്തെണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലര്‍മാരായ രേണുക രാജശേഖരന്‍ അവതാരകയും പി.ആര്‍. വിജയകുമാരി അനുവാദകയുമായ പ്രമേയം കൗണ്‍സിലില്‍ പാസായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.