ശുചിത്വമുന്നേറ്റത്തിന് ഒരുങ്ങി അടിമാലി

അടിമാലി: അടിമാലി ശുചിത്വമുന്നേറ്റത്തിന് തയാറെടുക്കുന്നു. ഗ്രീന്‍ അടിമാലി-ക്ളീന്‍ ദേവിയാര്‍ പദ്ധതിയുടെ ഭാഗമായി അടിമാലി ഗ്രാമപഞ്ചായത്തില്‍ സമഗ്രവും മാതൃകാപരമായും ചെലവ് കുറഞ്ഞതുമായ ഉറവിടമാലിന്യ സംസ്കരണ സംവിധാനം എര്‍പ്പെടുത്താനാണ് തീരുമാനം. ശുചിത്വമുന്നേറ്റത്തിന്‍െറ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകോടിയുടെ പദ്ധതി പഞ്ചായത്ത് പരിധിയില്‍ നടപ്പാക്കും. എല്ലാ സ്ഥാപനങ്ങളിലും ഖര-ദ്രവ-ഇലക്ട്രോണിക് മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ സംവിധാനം സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. മാലിന്യം സംസ്കരിക്കാനുളള കമ്പോസ്റ്റ് കുഴികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി നിര്‍മിക്കാനും തീരുമാനിച്ചു. 50 മൈക്രോണിന് താഴെ എല്ലാ പ്ളാസ്റ്റിക് കാരിബാഗുകളും നിരോധിച്ചു. പഞ്ചായത്ത് പരിധിയില്‍ വരുന്ന നേര്യമംഗലം മുതല്‍ കൂമ്പന്‍പാറവരെ ദേശീയപാതയും അടിമാലി സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍ 200 ഏക്കര്‍വരെ പാതയും സമ്പൂര്‍ണ പ്ളാസ്റ്റിക്-മാലിന്യരഹിത പ്രദേശമായി പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുക, ജലാശങ്ങളിലേക്കും ഓടകളിലേക്കും നീരുറവകളിലേക്കും മാലിന്യം തുറന്നുവിടുക, നിലവാരമില്ലാത്ത കാരി ബാഗുകള്‍ ഉപയോഗിക്കുക തുടങ്ങിയവ കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് ഇടപെട്ട് പരിഹരിക്കാം. ഇതിന് കഴിയാത്തവര്‍ 9496045013, 04864-222160 എന്നീ നമ്പറുകളില്‍ അറിയിക്കണം. വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. ഈ മാസം 31നുശേഷം രേഖകളില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ‘പരിഹരിക്കപ്പെടാത്ത പ്രശ്നമോ മാലിന്യം’ വിഷയില്‍ ‘മാധ്യമം’ കഴിഞ്ഞ മാര്‍ച്ചില്‍ അടിമാലിയില്‍ നടത്തിയ സെമിനാറില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ കൂടി പരിഗണിച്ചാണ് പദ്ധതിക്ക് രൂപം നല്‍കുന്നത്. സെമിനാറുമായി സഹകരിച്ച മര്‍ച്ചന്‍റ്സ് അസോസിയേഷന്‍, വിവിധ സംഘടനകള്‍ എന്നിവയുടെ സഹകരണവും പഞ്ചായത്ത് പ്രയോജനപ്പെടുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.