ഇല്ല, മോഷ്ടാക്കള്‍ അടങ്ങുന്നില്ല

തൊടുപുഴ: നഗരവാസികളുടെ ഉറക്കംകെടുത്തി തൊടുപുഴ നഗരപരിധിയില്‍ രണ്ടുമാസത്തോളമായി തുടരുന്ന മോഷണപരമ്പരക്ക് ഇനിയും അറുതിയില്ല. വ്യാഴാഴ്ച പുലര്‍ച്ചെ മോഷണവും മോഷണശ്രമവും നടന്ന കോലാനി ഭാഗത്ത് തിങ്കളാഴ്ച പുലര്‍ച്ചെ വീണ്ടും മോഷണം. വീട് തുറന്ന് അകത്തുകയറിയ മോഷ്ടാവ് ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയുടെ മാല പൊട്ടിച്ച് കടന്നു. നഗരപരിധിയില്‍ രണ്ടുമാസത്തിനിടെ ചെറുതും വലുതുമായി 25ഓളം മോഷണങ്ങള്‍ നടന്നിട്ടും പ്രതികളെ പിടികൂടാനാവാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. തൊടുപുഴ തെക്കുംഭാഗത്ത് വെറ്ററിനറി ഡോക്ടറായ കോലാനി പഞ്ചവടിപ്പാലത്തിന് സമീപം തോണിക്കുഴിമല പുത്തന്‍പറമ്പില്‍ ബിജുരാജിന്‍െറ വീട്ടിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ 2.15ഓടെ മോഷണം നടന്നത്. പുറത്തുനിന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം കതക് കുറ്റിയിടാത്ത ജനാലയിലൂടെ കൈയിട്ട് വീടിന്‍െറ മുന്‍ഭാഗത്തെ വാതില്‍ തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. ബിജുരാജിന്‍െറ മകളും പ്ളസ് വണ്‍ വിദ്യാര്‍ഥിനിയുമായ ഗായത്രിയുടെ കഴുത്തില്‍നിന്ന് ഒന്നര പവന്‍െറ മാല പൊട്ടിച്ചെടുത്തു. ഈസമയം ഉറക്കമുണര്‍ന്ന ഗായത്രി, മുഖംമൂടി ധരിച്ച് മെലിഞ്ഞ് പൊക്കമുള്ളയാള്‍ സമീപത്ത് നില്‍ക്കുന്നത് കണ്ടതായി പറയുന്നു. കരച്ചില്‍കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. അലമാരയിലുണ്ടായിരുന്ന അരപ്പവന്‍െറ രണ്ട് മോതിരങ്ങളും ടി.വി സ്റ്റാന്‍ഡില്‍ വെച്ചിരുന്ന 3000 രൂപയും നഷ്ടപ്പെട്ടു. അലമാരകളും മേശയുമെല്ലാം തുറന്ന് പരിശോധിച്ചതിന്‍െറ ലക്ഷണമുണ്ട്. വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് ഉടന്‍ തൊടുപുഴ പൊലീസ് സ്ഥലത്തത്തെിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. തിങ്കളാഴ്ച രാവിലെ വിരലടയാള വിദഗ്ധര്‍ വീട്ടിലത്തെി തെളിവെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ കോലാനി പുളിമൂട്ടില്‍ ചന്ദ്രമതി, തേവരുപറമ്പില്‍ സജി, ചുങ്കം കണിയാപറമ്പില്‍ സാബു ജോസഫ് എന്നിവരുടെ വീട്ടില്‍ മോഷണശ്രമവും ചുങ്കം ചേരിയില്‍ സാബു ജോസിന്‍െറ വീട്ടില്‍ മോഷണവും നടന്നു. ഈ വീടുകള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ മോഷണം നടന്ന വീട്. ഈമാസം 13ന് പുലര്‍ച്ചെ നഗരമധ്യത്തിലെ എസ്.ബി.ഐ ശാഖയില്‍ മോഷണശ്രമം നടന്നിരുന്നു. കഴിഞ്ഞമാസം 16ന് വെങ്ങല്ലൂരിനടുത്ത് അടച്ചിട്ട രണ്ട് വീടുകളില്‍നിന്ന് 24 പവന്‍ സ്വര്‍ണവും ഒന്നരലക്ഷം രൂപയും കവര്‍ന്നു. 23ന് വണ്ണപ്പുറത്തെ സാരഥി ഫ്യുവല്‍സിലെ ജീവനക്കാരനെ ആക്രമിച്ച് മൂന്നംഗസംഘം പണവുമായി കടന്നു. 27ന് നഗരപരിധിയില്‍ ഒളമറ്റം പീസ് പാര്‍ക്ക് റോഡിലെ രണ്ട് വീടുകളില്‍ മോഷണശ്രമം നടന്നു. ഈ കേസുകളിലൊന്നും പ്രതികളെ പിടികൂടാനായിട്ടില്ല. തുടര്‍ച്ചയായ മോഷണം പൊലീസിനും നഗരവാസികള്‍ക്കും ഒന്നുപോലെ തലവേദനയാകുകയാണ്. മോഷണങ്ങളുടെ സമാനസ്വഭാവം വിലയിരുത്തുമ്പോള്‍ പിന്നില്‍ ഒരേസംഘം തന്നെയാണെന്ന് പൊലീസ് സംശയിക്കുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പട്രോളിങ്ങും നിരീക്ഷണവും ശക്തിപ്പെടുത്തിയിട്ടും മോഷ്ടാക്കള്‍ സൈ്വരവിഹാരം നടത്തുന്നുവെന്നാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.