അടിമാലി: കുടുംബശ്രീ മിഷന് കീഴിലെ കണ്‍സള്‍ട്ടന്‍റുമാരുടെ നിയമനം നടത്താന്‍ വൈകുന്നതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ വഴിയുള്ള വിവിധ പദ്ധതികളുടെ നടത്തിപ്പ് ലക്ഷ്യം തെറ്റുന്നു. കുടുംബശ്രീ മിഷന്‍െറ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള മൂന്ന് കണ്‍സള്‍ട്ടന്‍റുമാരുടെ ഒഴിവാണിപ്പോള്‍ ജില്ലയിലുള്ളത്. കണ്‍സള്‍ട്ടന്‍റുമാരില്ലാത്ത പദ്ധതിയില്‍ ഏറെ പ്രാധാന്യമുള്ളത് ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ചെയ്യുന്ന ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗസല്യ യോജന പദ്ധതിയാണ്. വിവിധ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും മറ്റും സഹകരണത്തോടെ വനിതകള്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തുന്ന പദ്ധതിയാണിത്. 18 വയസ്സിന് മുകളിലും 35ന് താഴെയുമുള്ള സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതിയില്‍ സംസ്ഥാനത്തെ എല്ലാ കുടുംബശ്രീകളിലുമായി ആയിരക്കണക്കിനാളുകള്‍ രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്ന സ്ഥിതിയാണ്. പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരുടെ പട്ടിക തയാറാക്കിയതല്ലാതെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. സംസ്ഥാനത്തെ നാലു ജില്ലകളിലൊഴികെ മറ്റിടങ്ങളില്‍ കുടുംബശ്രീ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍മാരുടെ തസ്തികള്‍ ഒഴിഞ്ഞുകിടക്കുന്നു. ജില്ലയില്‍ നാലു ബ്ളോക്കുതല കണ്‍സള്‍ട്ടന്‍റുമാരുടെ തസ്തികയും ഒഴിഞ്ഞുകിടക്കുന്നു. കേന്ദ്രസര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള രീതിയില്‍ പദ്ധതികള്‍ നടപ്പാക്കാതിരുന്നാല്‍ ഇത്തരം പദ്ധതികള്‍ക്ക് അനുവദിക്കുന്ന തുക പാഴാകുകയാണു പതിവ്. സ്ത്രീശാക്തീകരണ പദ്ധതികളും മനുഷ്യക്കടത്തിനെതിരെയുള്ള പദ്ധതികളും സജീവമാക്കുന്നതിനുള്ള നീക്കങ്ങള്‍ ദേവികുളം അടക്കമുള്ള താലൂക്കുകളില്‍ പരാജയപ്പെട്ട സ്ഥിതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.