തൊടുപുഴയിലെ മോഷണപരമ്പര: അന്വേഷണം അയല്‍ ജില്ലകളിലേക്കും

തൊടുപുഴ: നഗരപരിധിയില്‍ രണ്ടുമാസത്തിനിടെ നടന്ന മോഷണങ്ങളെയും മോഷണശ്രമങ്ങളെയും കുറിച്ച് പൊലീസ് അന്വേഷണം അയല്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. അയല്‍ ജില്ലകളില്‍ കേസുകളില്‍പ്പെട്ടവരെക്കുറിച്ച് അവിടെനിന്നുള്ള പൊലീസുദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ഇവിടെ നടന്ന കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങള്‍ അവര്‍ക്ക് കൈമാറുകയും ചെയ്യുന്നുണ്ട്. നഗരപരിധിയില്‍ മോഷണം ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പ്രതികളെ കണ്ടത്തൊന്‍ പ്രത്യേക കര്‍മ പരിപാടികള്‍ക്ക് ബുധനാഴ്ച തൊടുപുഴയില്‍ ജില്ലാ പൊലീസ് മേധാവി എ.വി. ജോര്‍ജിന്‍െറ നേതൃത്വത്തില്‍ നടന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം രൂപംനല്‍കി. തൊടുപുഴ മേഖലയിലെ പ്രധാന മോഷണക്കേസുകളില്‍ പോലും പ്രതികളെ കണ്ടത്തൊന്‍ കഴിയാതെ പൊലീസ് രൂക്ഷമായ വിമര്‍ശം നേരിടുന്ന പശ്ചാത്തലത്തിലാണ് എസ്.പി അടിയന്തര യോഗം വിളിച്ചത്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും പ്രതികളെ ഉടന്‍ കണ്ടത്തെണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. നഗരത്തില്‍ 24 മണിക്കൂറും ശക്തമായ പൊലീസ് നിരീക്ഷണം ഉറപ്പാക്കാന്‍ യോഗം തീരുമാനിച്ചു. ഇതിന്‍െറ ഭാഗമായി തൊടുപുഴ നഗരത്തിലെ നൈറ്റ് പട്രോള്‍ ബ്ളോക്കുകളുടെ എണ്ണം അഞ്ചില്‍നിന്ന് എട്ടായി ഉയര്‍ത്തി. ഇതിനായി രണ്ട് ഇരുചക്ര വാഹനങ്ങള്‍ കൂടി തൊടുപുഴ പൊലീസ് സ്റ്റേഷന് അനുവദിച്ചു. രണ്ട് എസ്.ഐമാരുടെ നേതൃത്വത്തിലുള്ള നൈറ്റ് പട്രോളുകള്‍ ഒരു സി.ഐ നിരീക്ഷിക്കും. കാര്യക്ഷമമായ മേല്‍നോട്ടത്തിന് നഗരത്തെ നാല് ബ്ളോക്കുകളായി തിരിച്ചാണ് നൈറ്റ് പട്രോളിങ്ങുകള്‍ ക്രമീകരിച്ചിട്ടുള്ളത്. രാത്രികാല വാഹന പരിശോധന കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. ലോഡ്ജുകളും മദ്യവില്‍പന ശാലകളും നഗരത്തിലെ പ്രധാന സ്ഥലങ്ങളും കേന്ദ്രീകരിച്ച് മഫ്തിയിലും അല്ലാതെയും പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തും. സംശയകരമായ സാഹചര്യത്തില്‍ കാണപ്പെടുന്നവരെ വിശദമായി ചോദ്യംചെയ്യും. പത്തുവര്‍ഷം മുമ്പുവരെയുള്ള കേസുകളിലെ പ്രതികളുടെ നിലവിലെ പശ്ചാത്തലം വിശദമായി അന്വേഷിക്കും. നേരത്തേ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരുടെയും പിടികിട്ടാപ്പുള്ളികളുടെയും ചിത്രങ്ങളും വിവരങ്ങളും പ്രത്യേക വാട്സ്ആപ് ഗ്രൂപ് വഴി ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും കൈമാറും. ഇതിനിടെ, കഴിഞ്ഞദിവസം മോഷണശ്രമം നടന്ന നഗരമധ്യത്തിലെ എസ്.ബി.ഐ ശാഖയില്‍ സയന്‍റിഫിക് വിദഗ്ധര്‍ പരിശോധന നടത്തി. കോട്ടയത്തുനിന്നുള്ള രണ്ടംഗസംഘമാണ് പരിശോധിച്ചത്. ബാങ്കിലേക്ക് നുഴഞ്ഞുകയറിയ സ്ഥലത്ത് മോഷ്ടാവിന്‍െറ മുടി, രക്തക്കറ, വസ്ത്രത്തിലെ നൂല്‍ തുടങ്ങിയവയുണ്ടെങ്കില്‍ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. ബാങ്കിന്‍െറ സുരക്ഷാക്രമീകരണങ്ങളില്‍ വീഴ്ച സംഭവിച്ചതായാണ് പരിശോധന സംഘത്തിന്‍െറ വിലയിരുത്തല്‍. സ്ഥലത്തുനിന്ന് ലഭ്യമായ സി.സി ടി.വി ദൃശ്യങ്ങള്‍ ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ പരിശോധിച്ചു. പ്രഫഷനല്‍ മോഷ്ടാവല്ല സംഭവത്തിന് പിന്നിലെന്നാണ് നിഗമനം. മോഷണം തന്നെയായിരുന്നോ ലക്ഷ്യം എന്നും സ്ഥിരീകരിക്കാനായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.