നഗരമധ്യത്തില്‍ എസ്.ബി.ഐ ശാഖയില്‍ മോഷണശ്രമം

തൊടുപുഴ: നഗരമധ്യത്തിലെ എസ്.ബി.ഐ ശാഖയില്‍ മോഷണശ്രമം. പാലാ റോഡില്‍ മാതാ ഷോപ്പിങ് ആര്‍ക്കേഡിന് മുന്‍ഭാഗത്തായി പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐയുടെ ജില്ലാ ആസ്ഥാന ശാഖയിലാണ് മോഷണശ്രമം നടന്നത്. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ബാങ്കിന് അവധിയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 1.20നാണ് മോഷണശ്രമം നടന്നതെന്ന് കരുതുന്നു. പണവും ആഭരണവുമടക്കം ഒന്നും നഷ്ടപ്പെട്ടിട്ടില്ളെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ബാങ്കിലത്തെിയ അക്കൗണ്ടന്‍റ് സുധാകരനും താല്‍ക്കാലിക ജീവനക്കാരന്‍ ശശിയുമാണ് മോഷണശ്രമം കണ്ടത്തെിയത്. തുടര്‍ന്ന് ബാങ്കിന്‍െറ ചീഫ് മാനേജറെ വിവരം അറിയിച്ചു. ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു പിന്നില്‍ തുറന്നുകിടന്ന ജനലില്‍ പ്ളാസ്റ്റിക് കയറിട്ട് സാഹസികമായി ബാങ്കിലത്തെിയ മോഷ്ടാവ് വെന്‍റിലേഷനിലെ മൂന്നു ജനലഴികള്‍ മുറിച്ചാണ് അകത്ത് കടന്നത്. ബാങ്കിന്‍െറ ഇടതുഭാഗത്തെ വ്യാപാര സ്ഥാപനത്തിലെ ഇരുമ്പുകോണിയിലൂടെ മോഷ്ടാവ് ഉള്ളില്‍ കടക്കാന്‍ ശ്രമിച്ചതായും സംശയിക്കുന്നു. രാത്രി കാവലില്ലാത്ത ബാങ്കിനുള്ളിലെ കമ്പ്യൂട്ടര്‍, സ്യൂട്ട്കെയ്സ് എന്നിവ തകര്‍ക്കുകയും ഫയലുകള്‍ വാരിവലിച്ചിടുകയും ചെയ്ത നിലയിലാണ്. മുഖംമൂടി ധരിച്ച മെലിഞ്ഞ യുവാവ് രണ്ടു മണിക്കൂര്‍ ബാങ്കില്‍ ചെലവഴിച്ചതായി സ്ഥലത്തെ സി.സി ടി.വി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി. ബാങ്ക് ലോക്കറില്‍ 10 കോടിയിലധികം രൂപ വിലമതിക്കുന്ന പണയ സ്വര്‍ണ ഉരുപ്പടികളും അരലക്ഷത്തോളം രൂപയും സൂക്ഷിച്ചിരുന്നു. ലോക്കര്‍ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാല്‍ ഇവ നഷ്ടപ്പെട്ടിട്ടില്ളെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. തൊടുപുഴ പൊലീസ് സ്റ്റേഷന് 500 മീറ്റര്‍ മാത്രം മാറിയാണ് ബാങ്ക് ശാഖ. ഡിവൈ.എസ്.പി എന്‍.എന്‍. പ്രസാദ്, സി.ഐ എന്‍.ജി. ശ്രീമോന്‍, എസ്.ഐ ജയകുമാര്‍, ഷാഡോ പൊലീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരംവരെ ബാങ്ക് അടച്ചിട്ട് പരിശോധന നടത്തി. ബാങ്കിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ആളാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഡിവൈ.എസ്.പി പറഞ്ഞു. വിശദ പരിശോധനക്കായി സമീപത്തെ ജ്വല്ലറിയിലെയും മറ്റ് വ്യാപാര സ്ഥാപനങ്ങളിലെയും കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കിലെ സി.സി ടി.വി ദൃശ്യങ്ങളിലെ അവ്യക്തതയും ചില കാമറകള്‍ പ്രവര്‍ത്തിക്കാത്തതും പരിശോധനക്ക് തിരിച്ചടിയായി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തത്തെി. ബാങ്ക് ജീവനക്കാരുടെ വിരലടയാളം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പൂര്‍ണമായി ബാങ്കിന്‍െറ പ്രവര്‍ത്തനം തടസ്സപ്പെട്ടതിനാല്‍ ഇടപാടുകാര്‍ വലഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.