കൈയേറ്റം ഒഴിപ്പിക്കല്‍: നടപടികള്‍ ഊര്‍ജിതമാക്കി തൊടുപുഴ നഗരസഭ

തൊടുപുഴ: കൈയേറ്റം ഒഴിപ്പിക്കാന്‍ ശക്തമായ നടപടികളുമായി നഗരസഭാ അധികൃതര്‍ രംഗത്ത്. മുഴുവന്‍ പുറമ്പോക്കുകളും അളന്നുതിട്ടപ്പെടുത്തി സര്‍വേക്കല്ലിടാന്‍ കഴിഞ്ഞ മേയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. തുടര്‍ന്ന് അടുത്ത കൗണ്‍സിലിനുമുമ്പ് മുഴുവന്‍ തോടുകളുടെയും വിവരങ്ങള്‍ കൗണ്‍സിലര്‍മാര്‍ നല്‍കണമെന്ന് നിര്‍ദേശം നല്‍കി. തോട്ടുപുറമ്പോക്ക് അളന്നുതിട്ടപ്പെടുത്തി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് നടപടി. ഇതസംബന്ധിച്ച് കലക്ടര്‍ക്ക് കത്ത് നല്‍കിയെങ്കിലും മുഴുവന്‍ പുറമ്പോക്കുകളും അളന്നുതിട്ടപ്പെടുത്തുന്നത് ശ്രമകരമായ ജോലിയായതിനാല്‍ ഭൂമി സംബന്ധിച്ച പൂര്‍ണ വിവരങ്ങളും ഉദ്ദേശം വിസ്തീരണവും അറിയേണ്ടതുണ്ടെന്ന് കലക്ടറും മറുപടി നല്‍കിയിട്ടുണ്ട്. തുടര്‍ന്നാണ് ആദ്യഘട്ടമെന്ന രീതിയില്‍ തോട്ടുപുറമ്പോക്കുകള്‍ തിട്ടപ്പെടുത്താന്‍ തീരുമാനിച്ചത്. നിരന്തരം പരാതി ഉണ്ടാകുന്ന കോതായിക്കുന്ന് ബസ് സ്റ്റാന്‍ഡ് കംഫര്‍ട്ട് സ്റ്റേഷന്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനസജ്ജമാക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. കംഫര്‍ട്ട് സ്റ്റേഷനിലെ മുഴുവന്‍ സാനിട്ടറി ഫിറ്റിങ്സും മാറ്റി ഫ്ളോറിങ് ഉള്‍പ്പെടെ അറ്റകുറ്റപ്പണി നടത്തും. സെപ്ടിക് ടാങ്കിന്‍െറ പ്രവര്‍ത്തനം പരിശോധിച്ച് ആവശ്യമെങ്കില്‍ മുഴുവന്‍ ക്ളീന്‍ ചെയ്യുകയോ സോക്ക്പിറ്റ് നിര്‍മിച്ച് ഒൗട്ട്ലറ്റ് പൈപ്പ് സ്ഥാപിക്കുകയോ ചെയ്യും. അടിയന്തരമായി ഏജന്‍സികളില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ച് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും തീരുമാനമായി. നഗരത്തിലെ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ സൗജന്യമായി കയറ്റിക്കൊണ്ടുപോകാന്‍ തയാറാണെന്ന പെരിയാര്‍ ട്രേഡേഴ്സ് പ്രൊപ്രൈറ്ററുടെ കത്ത് കൗണ്‍സില്‍ പരിഗണിച്ചു. ഇവരുമായി ധാരണ ഉണ്ടാക്കിയശേഷം പ്രോജക്ട് നടപ്പാക്കാന്‍ തീരുമാനിച്ചു. കൂടാതെ, വിദ്യാര്‍ഥികള്‍ ശേഖരിക്കുന്ന ഇ-മാലിന്യങ്ങള്‍ക്ക് ക്ളീന്‍ കേരള കമ്പനി ലിമിറ്റഡ് പത്ത് കിലോക്ക് 25 രൂപ നിരക്കിലും പൊതുജനങ്ങളില്‍നിന്ന് പത്തുരൂപ നല്‍കി സ്വീകരിക്കാനും സന്നദ്ധമാണെന്ന് കൗണ്‍സിലിനെ അറിയിച്ചിട്ടുണ്ട്. സമയവും സന്ദര്‍ഭവും അറിയിച്ചശേഷം പദ്ധതി നടപ്പാക്കുമെന്ന് കൗണ്‍സില്‍ അറിയിച്ചു. നഗരസഭാ പാര്‍ക്ക് ഓണത്തിനുമുമ്പ് നവീകരിക്കാനും തീരുമാനമായി. നിലവില്‍ പാര്‍ക്കില്‍ കളിയുപകരണങ്ങള്‍ തുരുമ്പുപിടിച്ചും കാലപ്പഴക്കത്താലും നശിക്കുകയാണ്. പാര്‍ക്കിലേക്ക് കളിയുപകരണങ്ങള്‍ വാങ്ങാനും തീരുമാനിച്ചു. തടികൊണ്ട് നിര്‍മിച്ച ഇരിപ്പിടങ്ങള്‍ പൊട്ടിപ്പൊളിഞ്ഞതിനാല്‍ ഗ്രാനൈറ്റുകൊണ്ട് ഇരിപ്പിടങ്ങള്‍ നിര്‍മിക്കാനും തീരുമാനിച്ചു. ഒപ്പം ഓണത്തിനുമുമ്പ് നഗരസഭാ കെട്ടിടം മുഖം മിനിക്കുന്ന ജോലി പുരോഗമിക്കുകയാണ്. 15 ലക്ഷം മുടക്കി ഗ്ളാസിടുന്ന ജോലിയാണ് പുരോഗമിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.