നെടുങ്കണ്ടം: ഭൂമി റീസര്‍വേ സംബന്ധിച്ച് ഏറെ പരാതികള്‍ നിലനില്‍ക്കുന്ന ഉടുമ്പന്‍ചോല സര്‍വേ ഓഫിസിലെ നാല് സര്‍വേയര്‍മാരെ സ്ഥലം മാറ്റി. ഹെഡ് സര്‍വേയര്‍, ഡ്രാഫ്ട്സ്മാന്‍ അടക്കം ആകെയുള്ള അഞ്ച് ഉദ്യോഗസ്ഥരില്‍ നാലുപേരെയും സ്ഥലംമാറ്റിയിട്ടുണ്ട്. റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാതെ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെടുമെന്ന സാഹചര്യത്തില്‍ ജൂലൈ പത്തിന് വീട്ടമ്മ ആത്മഹത്യ ചെയ്തത് ഈ സര്‍വേ ഓഫിസിലെ ജീവനക്കാരുടെ പിഴവുമൂലമായിരുന്നു. മേലേ ചെമ്മണ്ണാര്‍ ചെട്ടിശ്ശേരില്‍ സജിയുടെ ഭാര്യ ബെറ്റിയാണ് (44) ആത്മഹത്യ ചെയ്തത്. വസ്തു റീസര്‍വേ ചെയ്തു നല്‍കണമെന്ന ആവശ്യവുമായി 2015 ജൂണ്‍ 30ന് ഉടുമ്പന്‍ചോല വില്ളേജ് ഓഫിസില്‍ സമര്‍പ്പിച്ച അപേക്ഷക്ക് ഒരു വര്‍ഷം കഴിഞ്ഞിട്ടും തീരുമാനം ഉണ്ടായില്ല. റീസര്‍വേ ചെയ്തു നല്‍കാമെന്നു പറഞ്ഞ് പലതവണ ചില സര്‍വേയര്‍മാര്‍ പടിവാങ്ങിയെങ്കിലും സര്‍വേ നടപടി പൂര്‍ത്തിയാക്കാത്തതിനാലാണ് വീട്ടമ്മ ജീവനൊടുക്കിയതെന്നാണ് ആരോപണം. കൂടാതെ റീസര്‍വേ നടപടികളില്‍ കാലതാമസം വരുത്തുകയും ഭൂമി സംബന്ധമായ ആവശ്യങ്ങള്‍ക്ക് താലൂക്ക് ഓഫിസിലത്തെുന്നവരോട് പണം ചോദിച്ചു വാങ്ങുന്നതായും വ്യാപക പരാതി വര്‍ഷങ്ങളായി ഈ ഓഫിസിനെതിരെ ഉയര്‍ന്നിരുന്നു. കുഴിത്തൊളു സ്വദേശി പായും തലയണയുമായത്തെി ശയന സമരം നടത്തിയും വിധവയും മകനും നിരാഹാരം നടത്തിയും റീസര്‍വേ നടപടികള്‍ നടത്തിയെടുത്ത സംഭവവും ഈ ഓഫിസില്‍ ഉണ്ടായിട്ടുണ്ട്. താലൂക്ക് ഓഫിസിലത്തെിയാല്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് നിരാശരായി മടക്കി അയക്കുക പതിവായിരുന്നു. ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം ലഭിക്കാതെ സ്ഥലം വില്‍പന, ബാങ്ക് വായ്പ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി ഭൂമി ഉപയോഗിക്കാനാവാതെ പരാതികളുമായി താലൂക്ക് ഓഫിസിലും കലക്ടറേറ്റിലും കയറിയിറങ്ങി പരാതികള്‍ നല്‍കുന്നവര്‍ നിരവധിയാണ്. ഇവരിലേറെ പേരും ഉടുമ്പന്‍ചോല താലൂക്ക് സര്‍വേ ഓഫിസിനെതിരെ പരാതി നല്‍കിയിട്ടുള്ളവരാണ്. ഈ ഓഫിസില്‍ ജീവനക്കാരുടെ കുറവ് പ്രധാന പ്രശ്നമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 19 ജീവനക്കാര്‍വരെ ഉണ്ടായിരുന്ന ഈ ഓഫിസില്‍ 10 സര്‍വേയര്‍മാര്‍ വേണ്ടിടത്ത് അഞ്ചു പേരാണുള്ളത്. അവരില്‍ നാലുപേരെയാണ് ഇപ്പോള്‍ സ്ഥലം മാറ്റിയത്. സംസ്ഥാനത്ത് ഏറ്റവുമധികം ഭൂമി പ്രശ്നങ്ങള്‍ നേരിടുന്ന താലൂക്കുകളിലൊന്നാണ് ഉടുമ്പന്‍ചോല. 18 വില്ളേജുകളുള്ള താലൂക്കില്‍ ആറു വില്ളേജുകളില്‍ മാത്രമാണ് റീ സര്‍വേ പൂര്‍ത്തിയായത്. ഇവിടെ മാത്രം 1600ലധികം അപേക്ഷകള്‍ ഭൂമി സംബന്ധമായും റീസര്‍വേ സംബന്ധമായും കെട്ടിക്കിടപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.