നിര്‍ധന കുടുംബത്തിന് വീട് നിര്‍മിക്കാന്‍ കള്ളിമാലി ഒന്നിക്കുന്നു

രാജാക്കാട്: രാജനും കുടുംബത്തിനും ഓണസമ്മാനം നല്‍കാന്‍ കള്ളിമാലിയെന്ന കുടിയേറ്റ ഗ്രാമം ഒന്നിക്കുന്നു. അസുഖബാധിതരായ രാജനും ഭാര്യക്കും മകള്‍ക്കും പ്രായമായ മാതാവിനും തലചായ്ക്കാന്‍ ഒരുവീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനു വേണ്ടിയാണ് കള്ളിമാലി ഗ്രാമം ഒന്നിച്ചുനിന്ന് ഇവര്‍ക്ക് സ്നേഹത്തിന്‍െറ തണലൊരുക്കാന്‍ പ്രയത്നിക്കുന്നത്. ആറു മാസം മുമ്പാണ് കൊമ്പനാല്‍ രാജനും കുടുംബവും കള്ളിമാലിയില്‍ എത്തുന്നത്. രണ്ടു പെണ്‍മക്കളില്‍ ഒരാളുടെ വിവാഹം നടത്തുകയും ഇളയ മകള്‍ രമ്യയെ ബി.എസ്സി നഴ്സിങ് പഠിപ്പിച്ചു വിദേശത്തേക്ക് ജോലിക്ക് അയക്കുകയും ചെയ്തു. എന്നാല്‍, യമനില്‍ യുദ്ധമായതോടെ ഇവിടെ നിന്ന് മടങ്ങേണ്ടിയും വന്നു. ഇതോടെ പഠിപ്പിനും ജോലിക്കും മകളുടെ വിവാഹത്തിനുമടക്കം കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാത്ത സാഹചര്യമായി. ആകെയുണ്ടായിരുന്ന കൊച്ചുവീടും 15 സെന്‍റ് സ്ഥലവും വിറ്റ് കടം വീട്ടി ഇതിനുശേഷമാണ് ആറു മാസം മുമ്പ് ബാക്കിയുണ്ടായിരുന്ന തുക ഉപയോഗിച്ച് കള്ളിമാലിയില്‍ വീടുവെക്കുന്നതിന് മാത്രം കുറച്ചു സ്ഥലം വാങ്ങി. എന്നാല്‍, വീട് വെക്കുന്നതിന് പണമില്ലാതായതോടെ കുറച്ചാളുകളുടെ സഹായത്തോടെ തറകെട്ടിയിടുക മാത്രമാണ് ചെയ്തത്. ഇതില്‍ ഒരു ഷെഡ് വെക്കാന്‍പോലും കഴിയാത്ത സാഹചര്യമായതോടെ കള്ളിമാലിയില്‍ തന്നെ വാടക വീടെടുത്ത് താമസിക്കുകയായരുന്നു. ബി.എസ്സി നഴ്സിങ് കഴിഞ്ഞ മകള്‍ക്ക് പ്രതീക്ഷിച്ച ജോലിയും ലഭിച്ചില്ല. രാജനും ഭാര്യക്കും അസുഖമായതിനാല്‍ കൂലിവേലക്കും പോകാന്‍ കഴിയില്ല. ഇതോടെ പ്രായമായ മാതാവും മകളും അടങ്ങുന്ന കുടുംബം പട്ടിണിയുടെ നടുവിലുമായി. ദുരിതജീവിതത്തിന്‍െറ കഥ നാട്ടുകാര്‍ അറിഞ്ഞതോടെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.പി. അനിലിനെ വിവരമരിയിക്കുകയും തുടര്‍ന്ന് നാട്ടുകാരെ വിളിച്ചുകൂട്ടി ആലോചന നടത്തുകയും ചെയ്തു. തുടര്‍ന്ന് ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍ എല്ലാം മാറ്റിവെച്ച് ഇതിനായി ഉപയോഗിക്കുന്ന തുകയടക്കം ചെലവഴിച്ച് രാജനും കുടുംബത്തിനും ഓണസമ്മാനമായി വീടുവെച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനുവേണ്ടി ഒരു കമ്മിറ്റിതന്നെ തെരഞ്ഞെടുത്ത് പണം കണ്ടത്തെുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് സജീവമാക്കിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.