പുനരധിവാസം കടലാസിലൊതുങ്ങി

മാങ്കുളം: ഭൂമിയേറ്റെടുക്കലിന് 2013ല്‍ കേന്ദ്രനിയമം വന്നെങ്കിലും ഇത് മറികടക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ പുതുവഴികള്‍ തേടുന്നു. ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനൊപ്പം പ്രദേശത്ത് തൊഴിലെടുക്കുന്നവരുടെ പുനരധിവാസത്തിനും തൊഴില്‍ സംരക്ഷണത്തിനും പുതിയ നിയമത്തില്‍ വ്യവസ്ഥകളുണ്ട്. എന്നാല്‍, ആനുകൂല്യങ്ങളൊന്നും നല്‍കാതെ ഭൂമി ഏറ്റെടുക്കുകയാണ് കെ.എസ്.ഇ.ബി ഉള്‍പ്പെടെ പൊതുമേഖലാ സ്ഥാപനങ്ങള്‍. മാങ്കുളം ജലവൈദ്യുതി പദ്ധതിക്കായി ഭൂമിയേറ്റെടുക്കുന്നവര്‍ക്ക് പകരം ഭൂമിയും തൊഴിലും വാഗ്ദാനം ചെയ്തെങ്കിലും ഒരാള്‍ക്കുപോലും ലഭിച്ചില്ല. ഏറ്റെടുക്കുന്ന ഭൂപ്രദേശത്ത് തൊഴില്‍ ചെയ്ത് ജീവിക്കുന്നവരുടെ പുനരധിവാസമായിരുന്നു പുതിയ നിയമത്തിലെ പ്രധാന ആകര്‍ഷണം. മാങ്കുളം റേഷന്‍കടസിറ്റിയില്‍ കെട്ടിട ഉടമ സ്ഥലം വിട്ടുകൊടുത്തതുമൂലം 20ഓളം വ്യാപാരസ്ഥാപനങ്ങള്‍ക്ക് കട ഒഴിയേണ്ടിവന്നു. ഒരാള്‍ക്കുപോലും പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ ബോര്‍ഡ് തയാറായില്ല. ഒരു കോടി ചെലവില്‍ വ്യാപാര സമുച്ചയം നിര്‍മിച്ച് അതില്‍ കടമുറി നല്‍കുമെന്ന് നാലു വര്‍ഷം മുമ്പ് വാഗ്ദാനം ചെയ്തെങ്കിലും വ്യാപാരം അവസാനിപ്പിച്ചവര്‍ മറ്റ് തൊഴില്‍ മാര്‍ഗം തേടി. പുതിയ സംവിധാനം ഒരുക്കുന്നതുവരെ കെട്ടിടം ബോര്‍ഡ് വാടകക്ക് നല്‍കണമെന്ന നിര്‍ദേശവും അവഗണിച്ചു. നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുന്നതുവരെയെങ്കിലും നിലവിലുള്ള വ്യാപാരസ്ഥാപനങ്ങളില്‍ ബോര്‍ഡ് നിശ്ചയിക്കുന്ന വ്യവസ്ഥകളില്‍ സ്ഥാപനം തുടരാന്‍ അനുവദിക്കണമെന്ന അഭ്യര്‍ഥന പോലും ചെവിക്കൊണ്ടില്ല. നിയമത്തിലെ ആനുകൂല്യങ്ങള്‍ പദ്ധതി ബാധിതര്‍ക്ക് നല്‍കേണ്ടി വരുമെന്ന ബോര്‍ഡിന്‍െറ ആശങ്കയാണ് ഇതിനു പിന്നിലെന്ന പരാതി വ്യാപകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.