തൊടുപുഴ: നഗരത്തില്‍ പ്ളാസ്റ്റിക് മാലിന്യം കുന്നുകൂടുന്ന സാഹചര്യത്തില്‍ നഗരസഭാ കൗണ്‍സില്‍ കര്‍ശന നടപടിക്കൊരുങ്ങുന്നു. വീടുകളില്‍നിന്നുള്ള പ്ളാസ്റ്റിക് മാലിന്യം രണ്ടു മാസം കൂടുമ്പോള്‍ രണ്ടാം ശനിയാഴ്ചയും കടകളില്‍നിന്നുള്ളത് എല്ലാ രണ്ടാം ശനിയാഴ്ചകളിലും സംഭരിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരത്തിലെ മാലിന്യം പൊതുവഴിയില്‍ കൂട്ടിയിട്ടു കത്തിക്കുന്ന സാഹചര്യമാണ് ഉള്ളത്. തൊടുപുഴ നഗരസഭാ വൈസ് ചെയര്‍മാന്‍െറ നേതൃത്വത്തില്‍ ഇതിനെതിരെ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് നിരീക്ഷണം നടത്തി വരുന്നുണ്ട്. കൂടാതെ നഗരസഭയോട് ചേര്‍ന്ന് തന്നെ ഒരു പ്ളാസ്റ്റിക് സംസ്കരണ യൂനിറ്റ് സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലാണെന്ന് വൈസ് ചെയര്‍മാന്‍ സുധാകരന്‍ നായര്‍ പറഞ്ഞു. കൂടാതെ നഗരസഭയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായുള്ള സമഗ്ര നഗര കുടിവെള്ള വിപുലീകരണ പദ്ധതിക്ക് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. പദ്ധതി നടത്തിപ്പിനായി വാട്ടര്‍ അതോറിറ്റി നിര്‍ദേശിച്ച പ്രോജക്ട് യോഗം അംഗീകരിച്ചു. നഗരസഭയിലെ ഉറവപ്പാറ, കൊന്നയ്ക്കാമല, ബംഗ്ളാംകുന്ന് എന്നിവിടങ്ങളില്‍ നിലവിലുള്ള കുടിവെള്ള ടാങ്കുകളുടെ ശേഷി വര്‍ധിപ്പിച്ചാണ് കുടിവെള്ളപ്രശ്നം പരിഹരിക്കുന്നത്. ടാങ്ക് സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം വാട്ടര്‍ അതോറിറ്റിക്ക് ലഭ്യമാക്കും. ബംഗ്ളാംകുന്നില്‍ കുടിവെള്ള ടാങ്ക് നിര്‍മിക്കുമ്പോള്‍ നിലവിലുള്ള സാംസ്കാരിക കേന്ദ്രത്തിന് സ്ഥലസൗകര്യമൊരുക്കണമെന്ന നിര്‍ദേശവും കൗണ്‍സില്‍ യോഗം അംഗീകരിച്ചു. വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍ നായരുടെ അധ്യക്ഷതയിലാണ് അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ നഗരസഭയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ 30 കോടിയാണ് തൊടുപുഴ മുനിസിപ്പാലിറ്റിക്ക് മാത്രമായി മാറ്റിവെച്ചത്. പദ്ധതിക്ക് ഡിസംബറില്‍ ടെന്‍ഡര്‍ വിളിക്കും. നിലവില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് കുടിവെള്ള വിതരണം. പദ്ധതി യാഥാര്‍ഥ്യമാകുന്നപക്ഷം നിര്‍ബാധം വീടുകളില്‍ കുടിവെള്ളം എത്തിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് കഴിയും. ബംഗ്ളാംകുന്ന്, കൊന്നക്കാമല, ഉറവപ്പാറ എന്നിവിടങ്ങളില്‍ ടാങ്ക് നിര്‍മിക്കുന്നതിന് പുറമെ പൊട്ടാനിക്കുന്നില്‍ നിലവിലുള്ള ടാങ്കിന്‍െറ സംഭരണശേഷി വര്‍ധിപ്പിക്കാനും വാട്ടര്‍ അതോറിറ്റി ലക്ഷ്യമിടുന്നു. ഇപ്പോള്‍ 20 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇവിടെ ശേഖരിക്കുന്നത്. ഭാവിയില്‍ സംഭരണശേഷി 30 ലക്ഷം ലിറ്ററാക്കും. ഇതിനു പുറമെ നഗരസഭയുടെ കൈവശമുള്ള സ്ഥലങ്ങളില്‍ രണ്ടു ടാങ്ക് കൂടി പണിയുന്നതോടെ ജലക്ഷാമം പൂര്‍ണമായി പരിഹരിക്കാനാകുമെന്നുമാണ് വാട്ടര്‍ അതോറിറ്റിയുടെ കണക്കുകൂട്ടല്‍. പദ്ധതി സംബന്ധിച്ച് വെള്ളിയാഴ്ചക്ക് മുമ്പ് വാട്ടര്‍ അതോറിറ്റി സര്‍ക്കാറിന് റിപ്പോര്‍ട്ട് കൈമാറും. പുതിയ ടാങ്കുകള്‍ നിര്‍മിച്ചശേഷം കാര്യശേഷിയോടെയുള്ള ജലവിതരണത്തിനായി ഗുണമേന്മയേറിയ പൈപ്പുകളും അനുബന്ധ സംവിധാനങ്ങളും ലഭ്യമാക്കുമെന്നും വാട്ടര്‍ അതോറിറ്റി കൗണ്‍സിലിനെ ധരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.