വൈദ്യുതി ബോര്‍ഡിന്‍െറ സ്ഥലത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നിരോധം

തൊടുപുഴ: ചെറുതോണി ഡാം ഷട്ടര്‍ തുറന്നാല്‍ വെള്ളമത്തെുന്ന സ്ഥലമായി വൈദ്യുതി ബോര്‍ഡ് രേഖപ്പെടുത്തിയിട്ടുള്ള പ്രദേശത്ത് എല്ലാവിധത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും നിരോധിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടറാണ് ഉത്തരവിട്ടത്. വൈദ്യുതി ബോര്‍ഡ് മാക്സിമം ഫ്ളെഡ് ലെവല്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ള ചെറുതോണി ടൗണിലെ പ്രദേശം, വാഴത്തോപ്പ് പഞ്ചായത്തിലെയും ജില്ലയിലെയും സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചത്. ഇവിടങ്ങളില്‍ ഒരുവിധത്തിലുള്ള നിര്‍മാണവും നടക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 30 പ്രകാരമുള്ള ഉത്തരവില്‍ കലക്ടര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നിര്‍ദേശം നല്‍കി. ഉത്തരവ് നടപ്പാക്കാന്‍ വിസമ്മതിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നവരെ ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള ശിക്ഷാ നടപടിക്ക് വിധേയരാക്കുമെന്ന് ഉത്തരവില്‍ പറയുന്നു. എഴുപതുകളുടെ തുടക്കത്തില്‍ നിര്‍മിച്ച ചെറുതോണി ഡാമിലെ സ്പില്‍വേകളിലൂടെ ഇതേവരെ രണ്ടുതവണയേ വെള്ളം ഒഴുക്കിവിട്ടിട്ടൂള്ളൂ എന്നതിനാല്‍, വെള്ളമത്തെുന്ന സ്ഥലങ്ങളില്‍ ജാഗ്രത പാലിക്കുന്നതില്‍ അലസതയുണ്ട്. എന്നാല്‍ ചെന്നൈ, ബംഗളൂരു, ഉത്തരാഖണ്ഡ് തുടങ്ങിയ ഇടങ്ങളില്‍ കഴിഞ്ഞയിടെ ഉണ്ടായ വെള്ളപ്പൊക്കം ഭാവിയില്‍ ഉണ്ടായേക്കാവുന്ന അപകടത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് ശക്തമായ നടപടിയുമായി മുന്നോട്ടുപോയേ പറ്റൂ എന്നും ഉത്തരവില്‍ കലക്ടര്‍ ചൂണ്ടിക്കാട്ടി. വൈദ്യുതി ബോര്‍ഡിലെ എക്സി. എന്‍ജിനീയര്‍ നിരോധിത പ്രദേശത്ത് കൂടെക്കൂടെ പരിശോധന നടത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തും. ഇടുക്കി പൊലീസ് സ്റ്റേഷനിലെ ഓഫിസര്‍ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജില്ലാ ഗ്രാമപഞ്ചായത്തുകളുമായി കൂടിയാലോചിച്ചു നിരോധിത മേഖലയിലെ നിലവിലുള്ള സ്ഥാപനങ്ങളുടെ പുനരധിവാസത്തിന് ജില്ലാ ടൗണ്‍ പ്ളാനര്‍ പദ്ധതി തയാറാക്കും. ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ഇടുക്കി തഹസില്‍ദാറെ കലക്ടര്‍ ചുമതലപ്പെടുത്തി. ജില്ലാ, ബ്ളോക്, ഗ്രാമപഞ്ചായത്തുകള്‍, പൊലീസ്, റവന്യൂ, പി.ഡബ്ള്യു.ഡി, കെ.എസ്.ഇ.ബി വകുപ്പുകള്‍ എന്നിവ സംയുക്തമായി ഉത്തരവ് കര്‍ശനമായി നടപ്പാക്കുന്നു എന്ന് ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.