ജില്ലയിലെ എ.ടി.എം കൗണ്ടറുകളില്‍ പരിശോധന

തൊടുപുഴ: ജില്ലയിലെ വിവിധ ബാങ്കുകളുടെ എ.ടി.എം കൗണ്ടറുകളില്‍ വ്യാപക പരിശോധന. തലസ്ഥാന നഗരത്തിലെ എ.ടി.എമ്മുകളില്‍ സ്കിമ്മറുകളും രഹസ്യകാമറകളും സ്ഥാപിച്ച് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുത്ത സംഭവത്തിന്‍െറ പശ്ചാത്തലത്തിലായിരുന്നു ഇത്. തിങ്കളാഴ്ച രാത്രിയോടെ ആരംഭിച്ച പരിശോധന ചൊവ്വാഴ്ച ഉച്ചയോടെ അവസാനിച്ചു. ജില്ലാ പൊലീസ് മേധാവി എ.വി. ജോര്‍ജിന്‍െറ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പിമാരുടെയും സി.ഐമാരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ജില്ലയിലെ എല്ലാ എ.ടി.എം കൗണ്ടറുകളും പരിശോധിച്ചതായി എസ്.പി അറിയിച്ചു. എ.ടി.എം മെഷീനില്‍ സാങ്കേതിക ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടോ വ്യാജകാമറയോ എ.ടി.എം കാര്‍ഡിന്‍െറയോ ഇടപാടുകാരുടെയോ രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടോ, എ.ടി.എമ്മിന്‍െറ സുരക്ഷക്കു ഭീഷണിയാകുന്ന മറ്റെന്തെങ്കിലും ക്രമക്കേടുകളുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. എ.ടി.എം കൗണ്ടറുകളുടെ സുരക്ഷ ശക്തിപ്പെടുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ എല്ലാ ബാങ്കുകളുടെയും മാനേജര്‍മാര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. എ.ടി.എമ്മുകളുടെ സുരക്ഷാ കാര്യത്തില്‍ നടപടിയെടുക്കേണ്ട ഉത്തരവാദിത്തം ബാങ്കുകള്‍ക്ക് തന്നെയാണ്. തലസ്ഥാന നഗരത്തിലെ എ.ടി.എമ്മുകളില്‍ നടന്ന ഹൈടെക് മോഷണം ജനങ്ങളില്‍ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. ജില്ലയില്‍ ഹൈറേഞ്ചില്‍ ഉള്‍പ്പെടെ പല എ.ടി.എം കൗണ്ടറുകളും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ല. സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ഇല്ലാത്തതും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുമായ കൗണ്ടറുകളും ധാരാളം. രാത്രി അങ്ങേയറ്റം ആശങ്കയോടെയാണ് ഇടപാടുകാര്‍ പല എ.ടി.എം കൗണ്ടറുകളിലും കയറുന്നത്. മൂന്നാറിലുള്ള യുവതിയുടെ അക്കൗണ്ടിലെ പണം കാണ്‍പൂരില്‍നിന്ന് പിന്‍വലിച്ച സംഭവവും അടുത്തിടെയായിരുന്നു. എ.ടി.എം കൗണ്ടറുകളില്‍ മതിയായ സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും പൊലീസിന്‍െറ നിര്‍ദേശപ്രകാരം ഇടക്കിടക്കുള്ള പരിശോധന കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും ബാങ്ക് മാനേജര്‍മാര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.