വരുന്നു, കുടുംബശ്രീയുടെ പശുസഖി

ചെറുതോണി: മൃഗസംരക്ഷണ മേഖലയില്‍ വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും വരുമാനവും ഉണ്ടാക്കുന്നതിന് കുടുംബശ്രീ രൂപംകൊടുത്ത പശുസഖി പദ്ധതി സെപ്റ്റംബറില്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങും. പാല്‍, മാംസം എന്നിവയുടെ ഉല്‍പാദനവും വിപണനവും ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ പരിശീലന പരിപാടിക്ക് സര്‍ക്കാറിന്‍െറ അംഗീകാരം ലഭിച്ചു. കേന്ദ്രസര്‍ക്കാറിന്‍െറ മഹിളാകിസാന്‍ സുശാക്തികരണില്‍ നിന്നും സംസ്ഥാനസര്‍ക്കാറില്‍ നിന്നും ഇതിനാവശ്യമായ ഫണ്ട് ലഭിക്കും. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി തെരഞ്ഞെടുക്കപ്പെട്ട 10 വനിതകള്‍ക്ക് ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. ഇവരെ പിന്നീട് കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരായി നിയമിക്കും. നിലവില്‍ കുടുംബശ്രീയുടെ സംഘകൃഷി മേഖലയിലെ മാസ്റ്റര്‍ ഫാര്‍മര്‍മാര്‍ക്ക് സമാനമായ പ്രവര്‍ത്തനങ്ങള്‍ പദ്ധതിവഴി മൃഗസംരക്ഷണ മേഖലയിലും നടപ്പാക്കും. പാല്‍, മാംസം എന്നിവയുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതോടൊപ്പം മാര്‍ക്കറ്റിങ്ങും വിപണനവും കാര്യക്ഷമമായി നടപ്പാക്കും. പുതിയ പദ്ധതി കൂടുതല്‍ വേഗത്തിലും കാര്യക്ഷമമാക്കി നടപ്പാക്കാന്‍ മറ്റ് വകുപ്പുകളുമായി കൈകോര്‍ക്കും. ഇതിനൊപ്പം കുടുംബശ്രീ വഴി നിലവില്‍ നടപ്പാക്കുന്ന ക്ഷീരസാഗരം നേച്ചര്‍ ഫ്രഷ് പദ്ധതി കൂടുതല്‍ പഞ്ചായത്തിലേക്ക് വ്യാപിപ്പിക്കും. സംസ്ഥാനത്ത് പദ്ധതി നടപ്പാക്കാന്‍ തെരഞ്ഞെടുത്ത നാല് ജില്ലകളില്‍ ഒന്നാണ് ഇടുക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.